പ്രമേഹം പോലെ തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഒരു ജീവിതശൈലി രോഗമാണ്. ഹൃദ്രോഗങ്ങളുടെ മൂല കാരണങ്ങളില്‍ ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. ലോകത്ത് 128 കോടി ആളുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തോടെയാണ് ജീവിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. രക്തസമ്മര്‍ദ്ദം പലപ്പോഴും രോഗലക്ഷങ്ങള്‍ ഒന്നും പ്രകടമാക്കാറില്ലെന്നാണ് രോഗത്തെ ഏറ്റവും അപകടകരമാക്കുന്നത്. യാദൃച്ഛികമായിട്ടായിരിക്കും പലപ്പോഴും രോഗം കണ്ടെത്തുക. അതുകൊണ്ടു തന്നെ ഈ രോഗത്തെ ഒരു നിശബ്ദ കൊലയാളി എന്നാണ് അറിയപ്പെടുന്നത്. എന്നിരുന്നാലും ചിലര്‍ക്ക് കഠിനമായ തലവേദന, തലകറക്കം, ഓക്കാനം, ഛര്‍ദി, കിതപ്പ്, കാഴ്ച മങ്ങുക, നെഞ്ചുവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ കാണപ്പെടാം. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ ഒരു ജീവിതശൈലി ശീലിക്കുക എന്നതാണ് ഏക മാര്‍ഗം. ഡയറ്റില്‍ ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുക. ദിവസവും കുറഞ്ഞത് 30 മിനിറ്റ് നേരമെങ്കിലും വ്യയാമം ശീലിക്കുക. അമിതവണ്ണം ഒഴിവാക്കാന്‍ ശ്രമിക്കുക. കൃത്യമായ മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തുക.