‘എപ്പിക്ലോറോഹൈഡ്രിന്‍’ അടങ്ങിയ ടീബാഗുകള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി ദേശീയ നിലവാര നിര്‍ണ്ണയ ഏജന്‍സിയായ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്. കാന്‍സര്‍ ഉള്‍പ്പെടെ പല രോഗങ്ങള്‍ക്കും ഇത് കാരണമായേക്കാമെന്ന കണ്ടെത്തലിലാണ് നടപടി. ടീബാഗ് പേപ്പര്‍ നിര്‍മിക്കുന്നതിനും ബ്ലീച്ച് ചെയ്യുന്നതിനും ഉപയോഗിക്കുന്ന രാസവസ്തുവാണ് എപ്പിക്ലോറോഹൈഡ്രിന്‍. രാജ്യത്ത് ആദ്യമായാണ് ബിഐഎസ് ഇങ്ങനെയൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. അതിനൊപ്പം ടീബാഗുകളുടെ ഗുണമേന്മ ഉറപ്പുവരുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. നിര്‍മാതാക്കളുടെ പേര്, വിലാസം, ബാച്ച് നമ്പര്‍, നിര്‍മാണ തീയതി, കാലാവധി തുടങ്ങിയവ ലേബലില്‍ ഉള്‍ക്കൊള്ളിക്കണമെന്നും ബിഐഎസ് അറിയിച്ചു. ടീബാഗുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന അസംസ്തൃത വസ്തുക്കള്‍, നൂല്, ഫാസ്റ്റ്‌നര്‍, ടാഗുകള്‍, മഷി, പശ തുടങ്ങിയവയുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ബിഐഎസ് നിര്‍ദേശിച്ചു. പുതിയ നിര്‍ബന്ധന അനുസരിച്ച് ടീബാഗ് പേപ്പര്‍, ടാഗ്, നൂല്‍ എന്നിവ നിര്‍ബന്ധമായും മൈഗ്രേഷന്‍ പരിശോധന പാസായിരിക്കണം. ചായ ഉണ്ടാക്കുന്ന വേളയില്‍ ഇവയിലടങ്ങിയിരിക്കുന്ന ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ അതില്‍ അലിയുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള പരിശോധനയാണിത്.
കാന്‍സര്‍ സാധ്യത, ടീബാഗുകള്‍ക്ക് വിലക്കുമായി ബിഐഎസ്
