Screenshot 20260602 130745

ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വരുമാനവും പ്രായവും കണക്കിലെടുക്കാതെയാണ് അനുവദിക്കുക. കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രിയദർശിനി എന്ന പേരിൽ ആകും പദ്ധതി.

‎സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു. കേരളതീരത്ത് കരയില്‍ നിന്നും കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ ദൂരം മത്സ്യബന്ധനം പാടില്ല. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 52 ദിവസങ്ങളിലായി നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെ നിയന്ത്രണം സാധിക്കില്ല.

 

‎ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഹണി എം വർഗീസിന്റേതാണ് ഉത്തരവ്.

‎പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ മര്‍ദിച്ചത് തടയുന്നതില്‍ പരാജയപ്പെട്ട പൊലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍. എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ലെന്ന് കമ്മിഷണര്‍ ചോദിച്ചു എന്നാൽ ഉന്നത നിര്‍ദേശം ലഭിച്ചില്ലെന്ന് പൊലീസുകാര്‍ മറുപടി നല്‍കി.

‎ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റിൽ പൊലീസിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്. കാപ്പ കേസ് പ്രതിയാണ് എന്ന് പോലീസ് ബോധ്യപ്പെടുത്തിയിട്ടില്ല. വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് എന്തിനാണെന്നും വി വി രാജേഷ് ചോദിച്ചു.

‎സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി യെ ചോദ്യം ചെയ്യാന്‍ വിശദമായ ചോദ്യാവലി തയാറാക്കി ഇ ഡി. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും.

‎തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറിയെ തീരുമാനിക്കുന്നതിൽ അതൃപ്തി പ്രകടമാക്കി മുൻ മന്ത്രി വി ശിവൻകുട്ടി. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നു. വി ജോയിയെ തിരിച്ചുകൊണ്ടുവരുന്നതിലാണ് അതൃപ്തി.

‎കേരളത്തിലെ വന മേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ഏറ്റവും മികച്ച വായു ഗുണനിലവാരം ലഭിക്കുന്ന കേന്ദ്രമായി തട്ടേക്കാടിനെ കണ്ടെത്തിയതായി പഠനം. വായു ഗുണനിലവാരം വിലയിരുത്താൻ നടത്തിയ പഠനത്തിലാണ് മാലിന്യമുക്തമായ ശുദ്ധ വായു ലഭിക്കുന്ന പ്രദേശമായി തട്ടേക്കാട് മുന്നിലെത്തിയത്.

‎ശബരിമലയിൽ അഷ്ടാഭിഷേകം, നിത്യ പൂജ തുടങ്ങിയ വഴിപാടുകൾക്ക് ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി തള്ളി. കഴിഞ്ഞ 10 വർഷത്തിനിടെ നടത്തിയ വഴിപാടുകളുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും 10 ദിവസത്തിനകം കോടതിയിൽ ഹാജരാക്കാൻ ദേവസ്വം ബെഞ്ച് നിർദേശിച്ചു.

‎പുതിയ സംസ്ഥാന സർക്കാർ അധികാരമേറ്റതിന് പിന്നാലെ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെ.എഫ്.സി) നടന്ന കൂട്ടസ്ഥലം മാറ്റങ്ങൾക്കെതിരെ ജീവനക്കാരുടെ സംഘടനകൾ പ്രക്ഷോഭത്തിലേക്ക്. കെ.എഫ്.സിയിലെ സ്ഥലം മാറ്റങ്ങൾ പൂർണ്ണമായും രാഷ്ട്രീയ പ്രേരിതവും പ്രതികാര ബുദ്ധിയോടെയുള്ളതുമാണെന്നാണ് ആരോപണം

‎എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പി എം ആർഷോയ്ക്ക് അനർഹമായി പിജി പ്രവേശനം നൽകിയ പ്രിൻസിപ്പാളിനെ എതിരെയുള്ള നടപടി താക്കീതിൽ ഒതുക്കി.

‎ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വത്സന് കൗൺസിലർ സ്ഥാനം നഷ്ട്ടമാകും. കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിന് അവധി നൽകണമെന്ന അപേക്ഷ പാലക്കാട് നഗരസഭ കൗൺസിൽ തള്ളി.

‎നടി അൻസിബയുടെ പരാതി പൊലീസ് തള്ളിയ സാഹചര്യത്തിൽ പ്രതികരണവുമായി ലക്ഷ്‍മി പ്രിയ. ഇത്ര വേഗത്തിൽ അന്വേഷണം നടത്തി സത്യം കണ്ടെത്തിയ തൃക്കാക്കര എ സി പിക്ക് നന്ദിയെന്നും അൻസിബക്കെതിരെ നാളെ തന്നെ 10 കോടി രൂപക്ക് മാനനഷ്ടം ഫയൽ ചെയ്യും എന്നും ലക്ഷ്‍മി പ്രിയ പറഞ്ഞു.

‎ ദേശീയപാതയിലെ കുമ്പളം ടോൾ പ്ലാസയിലൂടെ പണം നൽകാതെ കടന്നുപോകാൻ വ്യാജമായി തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച യുവാവ് മോട്ടോർ വാഹന വകുപ്പിന്റെ പിടിയിലായി. പ്രദേശവാസിയായ ബന്ധുവിന്റെ തിരിച്ചറിയൽ കാർഡിന്റെ ചിത്രം വാട്സാപ്പിൽ സൂക്ഷിച്ച് ടോൾ ഇളവ് നേടാൻ ശ്രമിച്ചതാണ് യുവാവിന് തിരിച്ചടിയായത്.

‎അന്തരിച്ച പ്രശസ്ത സംവിധായകൻ ഭാരതിരാജയ്ക്ക് ആദരമർപ്പിച്ച് മോഹൻലാലും തരുൺ മൂർത്തിയും. ഭാരതിരാജയ്ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനുണ്ടെന്ന് മോഹൻലാൽ കുറിച്ചു.

 

‎കോക്രോച്ച് ജനത പാർട്ടി പ്രതിഷേധത്തോട് കടുത്ത നിലപാടില്ലെന്ന് സൂചിപ്പിച്ച് ബിജെപി. യുവാക്കളുടെ പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അവരെ രാജ്യവിരുദ്ധരായി മുദ്രകുത്തേണ്ടതില്ലെന്നുമാണ് കേന്ദ്ര മന്ത്രിമാ‌ർ വിശദീകരിക്കുന്നത്.

‎തൃണമൂൽ കോൺഗ്രസിൽ വീണ്ടും രാജി. തൃണമൂൽ കോൺഗ്രസ് എംപി സുഷ്മിത ദേവ് രാജ്യസഭാം അംഗത്വം രാജിവെച്ചു. മമതയുടെ വിശ്വസ്തനായിരുന്ന സുഖേന്ദു ശേഖർ റോയ് രാജ്യസഭയിൽ നിന്ന് രാജിവെച്ച് ഒരാഴ്ച തികയുന്നതിന് മുമ്പാണ് അടുത്ത രാജി.

‎തുടർച്ചയായി പ്രധാനമന്ത്രി പദം വഹിക്കുന്നതിന്റെ റെക്കോർഡ് സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി സ്ഥാനത്ത് തുടർച്ചയായി 4397 ദിവസം (12 വർഷം 14 ദിവസം) ഇന്ന് നരേന്ദ്ര മോദി പൂർത്തിയാക്കി. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡാണ് മോദി മറികടക്കുന്നത്.

‎തുടർച്ചയായി നാലാമത്തെ ലോക കപ്പ് ഫുട്ബോൾ മത്സരങ്ങൾ നേരിൽ കാണാൻ കുന്നത്തുനാട് മുൻ എംഎൽഎ പി വി ശ്രീനിജിൻ അടുത്തയാഴ്ച യുഎസിലേക്ക്. മുൻ ഫുട്ബോൾ താരവും ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റുമായ ശ്രീനിജിന് ലോകകപ്പ് അനുഭവങ്ങളുമായി പ്രത്യേക ബന്ധമുണ്ട്.

‎പാകിസ്ഥാൻ അധീന കശ്മീരിൽ ജൂൺ 5 മുതൽ ജൂൺ 9 വരെയുള്ള ദിവസങ്ങളിൽ പ്രദേശത്ത് നടന്ന അക്രമങ്ങളിൽ കൊല്ലപ്പെട്ടവരിൽ 19 കുട്ടികളും 7 ഗർഭിണികളും ഉൾപ്പെടുന്നതായി റിപ്പോർട്ട്.

‎തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് എഐസിസിയുടെ താക്കീത്. ഹിറ്റ്ലർ അനുകൂല പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് എഐസിസി വ്യക്തമാക്കി. ഭാവിയിൽ പ്രസ്താവനകളിൽ അച്ചടക്കം വേണമെന്ന് മുന്നറിയിപ്പും നൽകി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *