പ്രായം 65 കഴിഞ്ഞാല്‍ ആളുകളില്‍ ഓര്‍മക്കുറവിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ പെരുമാറ്റ ശീലങ്ങള്‍ ഡിമെന്‍ഷ്യ തടയാനോ വൈകിപ്പിക്കാനോ സഹായിക്കുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിക്കുന്നു. പുകവലി ഉപേക്ഷിക്കുന്നതും ആരോഗ്യകരമായ രക്തസമ്മര്‍ദനില നിലനിര്‍ത്തുന്നതും പ്രായമാകുമ്പോള്‍ ഡിമെന്‍ഷ്യ ലക്ഷണങ്ങള്‍ വൈകിപ്പിക്കാന്‍ സഹായിക്കും. ഇതിനൊപ്പം ഡിമെന്‍ഷ്യ ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ ആളുകള്‍ തലച്ചോറിനെ പരിശീലിപ്പിക്കുന്ന ഗെയിമുകളും തിരഞ്ഞെടുക്കാറുണ്ട്. ഡിമെന്‍ഷ്യ തടയാനും ഐക്യു വര്‍ധിപ്പാക്കാനും ഇത്തരം ഗെയിമുകള്‍ സഹായിക്കുമെന്നാണ് ഇവയുടെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ബുദ്ധിശക്തി, ചിന്താശേഷി, ഏകാഗ്രത എന്നിവ വര്‍ധിപ്പിക്കുന്ന തരത്തിലാണ് ബ്രെയിന്‍ ഗെയിമികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിനെ എക്സിക്യൂട്ടീവ് ഫംഗ്ഷന് എന്ന് വിളിക്കുന്നു. എന്നാല്‍ ഇവയില്‍ നിന്ന് വളര്‍ത്തിയെടുക്കുന്ന കഴിവുകള്‍ റിയല്‍ വേള്‍ഡ് ആപ്ലിക്കേഷനുമായി ബന്ധപ്പെടുന്നില്ലെന്നതിനാല്‍ ഈ മാറ്റങ്ങള്‍ താത്ക്കാലികമാണെന്ന് സേജ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. പഠനത്തില്‍ ആളുകളെ രണ്ട് വിഭാഗങ്ങളായി തിരിച്ചുകൊണ്ടായിരുന്നു പഠനം. ഒരു വിഭാഗം ആളുകളോട് ഡിജിറ്റല്‍ ഫോട്ടോഗ്രാഫി അല്ലെങ്കില്‍ ക്വില്‍റ്റിങ് പോലുള്ള പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് നിര്‍ദേശിച്ചു. യാത്ര, പാചകം തുടങ്ങിയ സജീവമായ പഠനം കുറവുള്ള പ്രവര്‍ത്തനങ്ങളിലോ, ക്രോസ്വേഡ് പസിലുകള്‍ പരിഹരിക്കല്‍, സംഗീതം കേള്‍ക്കല്‍ അല്ലെങ്കില്‍ ക്ലാസിക് സിനിമകള്‍ കാണല്‍ തുടങ്ങിയ ഏകാന്ത പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടാന്‍ മറ്റൊരു വിഭാഗത്തോടും നിര്‍ദേശിച്ചു. ഈ രണ്ട് വിഭാഗത്തെയും വിലയിരുത്തിയപ്പോള്‍ പുതിയതും വെല്ലുവിളി നിറഞ്ഞതുമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരില്‍ ഓര്‍മശക്തി, പ്രോസസ്സിങ് വേഗത, യുക്തിസഹമായ കഴിവുകള്‍ എന്നിവയില്‍ ഗണ്യമായ നേട്ടങ്ങള്‍ ഉണ്ടായതായി കണ്ടെത്തിയതായി ഗവേഷകര്‍ വ്യക്തമാക്കി. പസിലുകളും ബ്രെയിന്‍ ഗെയിമുകളും ഡിമെന്‍ഷ്യയെ ചെറുക്കാനുള്ള ഫലപ്രദമായ മാര്‍ഗമല്ലെന്നും ഗവേഷകര്‍ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
പെരുമാറ്റ ശീലങ്ങള്‍ ഡിമെന്‍ഷ്യ വൈകിപ്പിക്കും
