പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ ഇനി ശതകോടീശ്വര പട്ടികയില്‍ ഉണ്ടാകില്ലെന്ന് ഫോബ്സ് റിപ്പോര്‍ട്ട്. 100 കോടി ഡോളര്‍ (ഏകദേശം 8,000 കോടി രൂപ) ആസ്തിയുള്ളവരെയാണ് ശതകോടീശ്വരന്‍മാരായി കണക്കാക്കുക. 2022 ഒക്ടോബറില്‍ ഫോബ്സ് പുറത്തിറക്കിയ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയില്‍ 28,800 കോടി രൂപയുടെ ആസ്തിയുമായി 54-ാം സ്ഥാനത്തായിരുന്നു ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുല്‍നാഥും. അധികം താമസിയാതെ പട്ടികയില്‍ 35-ാം സ്ഥാനത്തുള്ള പ്രമുഖ മലയാളി വ്യവസായി എം.എ യൂസഫലിയെ മറികടന്ന് ബൈജൂസ് മുന്നേറുമെന്നായിരുന്നു അന്ന് പ്രവചനങ്ങള്‍. എന്നാല്‍ ഒരു വര്‍ഷം കൊണ്ട് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. ബൈജൂസില്‍ ഇപ്പോള്‍ ബൈജു രവീന്ദ്രന് 18 ശതമാനം ഓഹരികളാണുള്ളത്. നിലവിലെ മൂല്യം വച്ച് കണക്കാക്കിയാല്‍ ഇത് 100 കോടി ഡോളറില്‍ താഴെയാണ്. കഴിഞ്ഞ വര്‍ഷം എടുത്തിട്ടുള്ള വായ്പകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ബൈജു രവീന്ദ്രന്റെ ആകെ ആസ്തി 47.5 കോടി ഡോളറായി(ഏകദേശം 4,000 കോടി രൂപ) കുറയും. ഇതോടെ കോടീശ്വര പദവി നഷ്ടമാകും. 2020 ല്‍ ആദ്യമായി ഫോബ്സ് ലോകശതകോടീശ്വര പട്ടികയില്‍ സ്ഥാനം പിടിക്കുമ്പോള്‍ 180 കോടി ഡോളര്‍ (14,000 കോടി രൂപ) ആസ്തിയുണ്ടായിരുന്നതാണ്. അന്ന് ബൈജൂസിന്റെ മൂല്യം 1,000 കോടി ഡോളറായിരുന്നു (82,000 കോടി രൂപ). ഏറ്റവുമൊടുവില്‍ നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായ പ്രോസസ് ബൈജൂസിലെ 9.6% ഓഹരികളുടെ മൂല്യം 49.3 കോടി ഡോളര്‍ ആയി താഴ്ത്തിയതോടെയാണ് ബൈജൂസിന്റെ മൂല്യം 510 കോടി ഡോളറായി(ഏകദേശം 42,000 കോടി രൂപ) കുറഞ്ഞത്. 77 ശതമാനത്തിന്റെ ഇടിവാണ് മൂല്യത്തിലുണ്ടായത്. അതിവേഗത്തിലുള്ള വളര്‍ച്ചയാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയതെന്ന് വിദഗ്ധര്‍ പറയുന്നു.