തെലങ്കാനയിലെ ‘കുതിരക്കച്ചവട’ത്തിന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്ത്. എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തണമെന്നും ബി.എല്‍ സന്തോഷുമായി സംസാരിച്ച് കാര്യങ്ങള്‍ ഉറപ്പിക്കാമെന്നും തുഷാര്‍ ഏജന്റുമാരുമായി സംസാരിക്കുന്ന ശബ്ദരേഖയാണു പുറത്തുവിട്ടത്.
എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ ഗവര്‍ണര്‍ നിയമിച്ചതു ചട്ടവിരുദ്ധമാണെന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍. കോടതിയില്‍ ചോദ്യം ചെയ്യുമെന്നും തോമസ് ഐസക്.
സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് ഇടതുമുന്നണിയില്‍ ചര്‍ച്ച നടത്തി ധാരണ ഉണ്ടാക്കുന്ന കീഴ് വഴക്കം പാലിക്കപ്പെടുന്നില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി. സി ചാക്കോ.
പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ മകനുമായി ചടങ്ങില്‍ പങ്കെടുത്ത സംഭവത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍വലിച്ചതല്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കളക്ടര്‍ക്കെതിരെ കമന്റുകളിലൂടെ അധിക്ഷേപം ഉണ്ടായ സാഹചര്യത്തിലാണ് പോസ്റ്റ് നീക്കം ചെയ്തതെന്നും വിശദീകരണം.
എറണാകുളത്ത് പള്ളുരുത്തി വെളി മാര്‍ക്കറ്റില്‍ 270 കിലോ പഴകിയ മത്സ്യം പിടികൂടി. ആറു മാസംവരെ പഴകിയ മല്സ്യമുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ആരോപിച്ചത്.
തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറുവയസ്സുകാരനെ തൊഴിച്ച് തെറിപ്പിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന് വിശദീകരണം തേടി. വിശദീകരണം ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും എസ്പിക്കും കമ്മീഷന് നോട്ടീസ് അയച്ചു.
യുജിസി നെറ്റ് 2022 ഫലം ഇന്നു പ്രസിദ്ധീകരിക്കും. വെബ് സൈറ്റില്‍നിന്ന് ഫലം അറിയാം.
