തൃശൂരിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി
110 പന്നികളെ ദയാവധം നടത്തി
തൃശൂരിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനിആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച കടങ്ങോട് പന്നിഫാമിലെ 110 പന്നികളെ ദയാവധം നടത്തി. ബാക്കിയുള്ളവയെ ഇന്നത്തോടെ കള്ളിംഗ് നടത്തുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച പന്നിഫാമിലെയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നിഫാമുകളിലെയും എല്ലാ പന്നികളെയും കേന്ദ്രസർക്കാരിന്റെ പ്ലാൻ ഓഫ് ആക്ഷൻ പ്രകാരമുള്ള പ്രോട്ടോകോൾ പാലിച്ചാണ് ഉൻമൂലനം ചെയ്യുന്നത്. ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണമേഖലയായും ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികൾ, പന്നിമാംസതീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്നും രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തിവയ്ക്കാനും നിർദേശമുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും പന്നിമാംസവും പന്നികളേയും അനധികൃതമായി കടത്തുന്നത് തടയാൻ ചെക്ക് പോസ്റ്റുകളിൽ പോലീസ് ആർ.ടി.ഒ , മൃഗസംരക്ഷണവകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ കർശന പരിശോധന നടത്താനും കലക്ടർ നിർദേശിച്ചു. ഡിസീസ് ഫ്രീ സോണിൽ നിന്നുള്ള പന്നികളെ ജില്ലയിലേക്ക് പ്രവേശിപ്പിക്കാൻ അനുമതിയുണ്ട്.
രോഗം സ്ഥിരീകരിച്ചിട്ടുള്ള തദ്ദേശസ്വയംഭരണസ്ഥാപന പരിധിയിൽ പോലീസ്, മൃഗസംരക്ഷണവകുപ്പ്, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫീസർ എന്നിവരുൾപ്പെട്ട റാപ്പിഡ് റസ്പോൺസ് ടീം പ്രവർത്തനം ആരംഭിക്കാനും നിർദേശമുണ്ട്. വടക്കാഞ്ചേരി, അവണൂർ, എരുമപ്പെട്ടി, ദേശമംഗലം മുണ്ടത്തിക്കോട്,ചൂണ്ടൽ, കടങ്ങോട് , ചൊവ്വന്നൂർ, കൈപ്പറമ്പ്, വേലൂർ, വരവൂർ, പോർക്കുളം, കാട്ടകാമ്പൽ, കടവല്ലൂർ തുടങ്ങിയ പഞ്ചായത്തുകളാണ് നിരീക്ഷണ മേഖലയിലുള്ളത്