സെക്രട്ടേറിയറ്റിൽ രണ്ട് ദിവസമായി ഇ-ഫയലിംഗ് പണിമുടക്കിയതോടെ ഫയൽ നീക്കം പൂർണമായും നിലച്ചു. ഇതു കാരണം ഒരു ഉത്തരവ് പോലും വകുപ്പുകള്‍ക്ക് ഇറക്കാനാകുന്നില്ല. ഒന്നരമാസം മുമ്പാണ് ഇ-ഫയലിംഗ് സംവിധാനത്തിൽ പുനക്രമീകരണം കൊണ്ടുവന്നത്. ഇതിന് ശേഷം ഫയൽ നീക്കം മന്ദഗതിയിലായെന്ന് ഉദ്യോഗസ്ഥർക്ക് പരാതിയുണ്ടായിരുന്നു. ഇങ്ങനെയിരിക്കെയാണ് ചൊവ്വാഴ്ച രാവിലെ മുതൽ ഇ-ഓഫീസ് പൂർണമായും പണിമുടക്കിയത്. ഇ-ഫയലുകൾ തുറക്കാൻ പോലും ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. ഇ-ഫയലിംഗ് നടപ്പിലാക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന നാഷണൽ ഇൻഫാമാറ്റിക് സെൻററിനെ വിവരമറിയിച്ചെങ്കിലും രണ്ടു ദിവസമായിട്ടും എന്താണ് പ്രശ്നമെന്ന് കണ്ടെത്താൻ പോലും എൻഐസിക്ക് കഴിഞ്ഞിട്ടില്ല. പൂർണമായും ഈ ഫയലിലായതിനാൽ തുടർന്നുള്ള ഫയലെഴുത്തുകള്‍ കടലാസാക്കാനും കഴിയുന്നില്ല. പിൻഫയലുകളുടെ വിവരങ്ങള്‍ അറിയാൻ കഴിയാത്തതുകൊണ്ടാണ് തുടർ നീക്കവും തടസപ്പെടുന്നത്. ദില്ലിയിൽ നിന്നും എൻഐസി വിദഗ്ദരെത്തിയാൽ മാത്രമേ പ്രശ്നം പരിഹരിക്കാനവൂയെന്നാണ് ഇപ്പോള്‍ ഐടി വകുപ്പ് പറയുന്നത്.
സെക്രട്ടേറിയറ്റിൽ ഭരണസ്തംഭനം
