ശതകോടീശ്വരന്‍ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി എന്റര്‍പ്രൈസസിന്റെ 2023-24 ഡിസംബറില്‍ പാദത്തിലെ സംയോജിത അറ്റാദായം 2.3 മടങ്ങ് വര്‍ധിച്ച് 1888.4 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 820 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 26,612.2 കോടി രൂപയില്‍ നിന്ന് 6.5 ശതമാനം ഉയര്‍ന്ന് 28,336.4 കോടി രൂപയായി. മൂന്നാം പാദത്തില്‍ കമ്പനിയുടെ പലിശ, നികുതി എന്നിവയ്ക്ക് മുമ്പുള്ള ലാഭം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1,968 കോടി രൂപയില്‍ നിന്ന് 89 ശതമാനം വര്‍ധിച്ച് 3,717 കോടി രൂപയായി. കമ്പനിയുടെ ലാഭം 115 ശതമാനം വര്‍ധിച്ച് 2,958 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 6.1 ശതമാനത്തില്‍ നിന്ന് മാര്‍ജിന്‍ 11.4 ശതമാനമായി മെച്ചപ്പെട്ടു. കമ്പനിയുടെ ഏറ്റവും വലിയ ബിസിനസ് വിഭാഗമായ ഇന്റഗ്രേറ്റഡ് റിസോഴ്‌സ് മാനേജ്‌മെന്റ് വിഭാഗത്തില്‍ നിന്നുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 10 ശതമാനം കുറഞ്ഞ് 16,021 കോടി രൂപയായി. എന്നിരുന്നാലും ലാഭം 72 ശതമാനം ഉയര്‍ന്ന് 1,425 കോടി രൂപയായി. എയര്‍പോര്‍ട്ട് വിഭാഗത്തിന്റെ വരുമാനം 26 ശതമാനം ഉയര്‍ന്ന് 2178 കോടി രൂപയായപ്പോള്‍ ലാഭം 1094 ശതമാനം വര്‍ധിച്ച് 353 കോടി രൂപയായി. ന്യൂ എനര്‍ജിയില്‍ നിന്നുള്ള വരുമാനം 45ശതമാനം വര്‍ധിച്ച് 2,065 കോടി രൂപയായപ്പോള്‍ ലാഭം 203 ശതമാനം വര്‍ധിച്ച് 555 കോടി രൂപയായി.