ആദ്യ വേനൽ മഴയിലെ അമ്ല സാന്നിധ്യം ജീവജാലങ്ങളെയും കൃഷിയെയും പ്രതികൂലമായി ബാധിക്കാൻ സാധ്യത.വായുവിലെ രാസമലിനീകരണത്തോത് വർധിച്ചതോടെ ഈ വർഷത്തെ ആദ്യ വേനൽ മഴയിൽ രാസപദാർത്ഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കുമെന്നാണ് നിഗമനം. 2022 ഓഗസ്റ്റ് മുതലാണ് കൊച്ചിയിലെ വായുവിന്റെ ഗുണ നിലവാരം കുറഞ്ഞതെന്നു കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന്റെ വായു ഗുണനിലവാരസൂചിക വ്യക്തമാക്കുന്നു. രാസബാഷ്പ സൂക്ഷ്മ കണികകളുടെ അളവ് 300 പോയിന്റ് കടന്നു നിൽക്കുമ്പോഴാണ് ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടായത്. ഇതേ തുടർന്ന് രാസബാഷ്പകണികകൾക്കു പുറമെ സൾഫേറ്റ്, നൈട്രേറ്റ്, ക്ലോറൈഡ് , കാർബൺ എന്നിവയുടെ സാന്നിധ്യം കൂടുതലുള്ള പിഎം 10 കരിമാലിന്യത്തിന്റെ അളവും വർധിച്ചു. അന്തരീക്ഷത്തിലെ നൈട്രജൻ ഡയോക്സൈഡ്, സൾഫർ ഡയോക്സൈഡ് എന്നിവയുടെ അളവും വർധിക്കുന്നതായി സി പി സി ബി രാസ മാപിനികൾ നൽകുന്ന ഡേറ്റയിലുണ്ട്. ഇതോടെ ആദ്യ വേനൽ മഴയിൽ സൾഫ്യൂരിക്കാസിഡ്, നൈടിക്കാസിഡ് എന്നിവയുടെ അളവു വർധിക്കാൻ സാധ്യതയുണ്ടെന്നു പരിസ്ഥിതി ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു