ആര്‍ച്ചയ്ക്കു കൂട്ടുപോയ ഭര്‍ത്താവ്
മിത്തുകള്‍, മുത്തുകള്‍ – 38
വടക്കന്‍പാട്ടുകഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്
മലയാളത്തനിമ തുളുമ്പുന്ന മോഹസുന്ദരിയാണ് ഉണ്ണിയാര്‍ച്ച. പ്രതാപത്തിന്റെ കൊടുമുടിയില്‍ തലയെടുപ്പോടെ എഴുന്നുനില്‍ക്കുന്ന ആറ്റുംമണമേല്‍ തറവാട്ടിലെ മരുമകള്‍. ഇരു കൈയിലും വാളും ഉറുമിയുമേന്തി മിന്നല്‍വേഗത്തില്‍ ആരോടും അങ്കം വെട്ടാന്‍ കെല്പുള്ള ധീരയുവതി. അങ്കത്തട്ടില്‍ അടവുകളുടെ വിസ്മയം തീര്‍ത്ത പുത്തൂരം വീട്ടിലെ ധീരനായ ആരോമല്‍ച്ചേവകരുടെ നേര്‍പെങ്ങള്‍. തങ്കത്തില്‍ കടഞ്ഞെടുത്തതുപോലുള്ള അവളുടെ സൗന്ദര്യംകണ്ട് കൊതി ക്കാത്ത ആണുങ്ങളില്ല; അസൂയപ്പെടാത്ത പെണ്ണുങ്ങളും.
ഉണ്ണിയാര്‍ച്ച ആറ്റുമണമേല്‍ തറവാട്ടില്‍ താമസിക്കവേ കുറച്ചകലെയുള്ള അല്ലിമലര്‍ക്കാവില്‍ ഗംഭീര ഉത്സവം. ഉത്സവരാവില്‍ കൂത്തമ്പലത്തില്‍ തകര്‍പ്പന്‍ കൂത്ത് അരങ്ങേറുന്നു. തികഞ്ഞ തറവാടികളായ ഭര്‍തൃവീട്ടുകാരാകട്ടേ ഉത്സവബഹളത്തിനിടയി ലേയ്ക്കു പോകാറില്ല. രാത്രിയില്‍ കൂത്തുകാണാന്‍ പോവില്ലെന്ന കാര്യം പിന്നെ പറയാനുമില്ല. വഴിയിലും ക്ഷേത്ര പറമ്പിലും സമൂഹ്യദ്രോഹികളുണ്ടാകുമെന്ന ഭയംതന്നെ കാരണം.
പക്ഷേ, ഉണ്ണിയാര്‍ച്ചയ്ക്ക് ഒരു മോഹം. ക്ഷേത്രത്തില്‍ പോയി കൂത്തുകാണണം. സന്ധ്യയ്ക്കുമുമ്പേ അവള്‍ ഭര്‍തൃപിതാവിനോട് അനുമതി ചോദിച്ചു. ഭര്‍ത്താവിനേക്കാള്‍ തറവാട്ടിലെ സര്‍വാധികാരി കാരണവരായ അമ്മായിയച്ചന്‍ തന്നെ.
‘അക്രമികള്‍ പുളയ്ക്കുന്ന എടവട്ടത്തങ്ങാടി വഴിക്കുവേണം ക്ഷേത്രത്തില്‍ പോകാന്‍. അതപകടമാണ്. ഈ സമയത്ത് നിനക്കു കൂട്ടുവരാന്‍ നിന്റെ ഭര്‍ത്താവിനു പറ്റില്ല. ആട്ടും കൂത്തുമൊന്നും കാണണ്ട.’ അമ്മായിയച്ചന്റെ പരുക്കന്‍ മറുപടി.
‘കുഴപ്പമൊന്നും ഉണ്ടാകില്ല’-ഉണ്ണിയാര്‍ച്ച വീണ്ടും പറഞ്ഞുനോക്കി.
‘സ്ത്രീകളെ അപമാനിക്കുന്ന അക്രമികളാണു വഴിയിലൊക്കെ. എന്റെ മകനെ കൂട്ടിക്കൊണ്ടുപോയി അക്രമികളെക്കൊണ്ടു കൊല്ലിക്കാനാണോ നിന്റെ ഭാവം?’ ഭര്‍തൃപിതാവിന്റെ ശബ്ദം കൂടുതല്‍ കനത്തു.
അമ്മായിയച്ചന്‍ വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ അവള്‍ അമ്മായിയമ്മയെ സമീപിച്ചു. അവരും അനുമതി നല്കിയില്ല. ഒടുവില്‍ അവള്‍ ഭര്‍ത്താവിന്റെ മുന്നിലെത്തി.
‘എനിക്കു കൂത്തുകാണാന്‍ മോഹമുണ്ട്. അച്ഛനോടു പറഞ്ഞ് അനുമതി വാങ്ങിത്തരുമോ? അങ്ങു കൂട്ടുവരികയും വേണം.’
കൂത്തും ഉത്സവവും കാണാന്‍ താല്പര്യമൊന്നുമില്ലായിരുന്ന ഭര്‍ത്താവ് അതത്ര ഗൗനിച്ചില്ല.
‘എനിക്കു കളരിയില്‍ പോകണം. പയറ്റു പഠിക്കാന്‍ എത്ര കുട്ടികള്‍ വരുന്നതാ. അവരെ പയറ്റു പഠിപ്പിക്കുന്നതു മുടക്കാനാവില്ല. പിന്നെ എടവട്ടത്തങ്ങാടി കടന്നുവേണ്ടേ ക്ഷേത്രത്തില്‍ പോകാന്‍. അക്രമികള്‍ വിളയാടുന്ന ആ വഴിക്കുപോകാന്‍ സത്യം പറയാലോ, എനിക്കു പേടിയാണ് ‘
”പേടിയാണെങ്കി അകത്തു കയറി കതകടച്ചിരുന്നോ. നിങ്ങളില്ലെങ്കില്‍ വേണ്ട; ഞാന്‍ പോകും’ ഭര്‍ത്താവിന്റെ ഉഴപ്പന്‍ പ്രതികരണത്തിന് ഉണ്ണിയാര്‍ച്ച ചുട്ടമറുപടിയാണു നല്കിയത്. പിന്നെ ഒരുനിമിഷംപോലും നില്ക്കാതെ അവള്‍ മുറിക്കകത്തുകയറി യാത്രയ്ക്കു ചമയങ്ങളണിയാന്‍ തുടങ്ങി. ധിക്കാരത്തോടെ ഭാര്യ കൂത്തുകാണാന്‍ പോകുന്നത് രസിക്കാത്ത ഭര്‍ത്താവ് അവിടെ ഓടിയെത്തി.
‘നീ പോയാല്‍ ഇടിച്ചു ചതയ്ക്കും ഞാന്‍’ ക്ഷുഭിതനായി അയാള്‍ ആക്രോശിച്ചു.
‘ഉം.. പിന്നെ, പിന്നേ…. നിങ്ങളേക്കാള്‍ അഭിമാനികളും കേമന്മാരുമായ എന്റെ അച്ഛനും അമ്മയ്ക്കും ആങ്ങളയ്ക്കും ഗുരുക്കള്‍ക്കുമൊക്കെ ഇതുവരെ എന്നെ അടിക്കേണ്ടി വന്നിട്ടില്ല. എന്നെ തല്ലാന്‍ കെല്പുള്ള ഒരാളും
ജനിച്ചിട്ടില്ല, ഇനിയൊട്ടു ജനിക്കാനും പോണില്ല.’ ഒട്ടും കൂസാതെ അവള്‍ തിരിച്ചടിച്ചു.
ഒന്നും പറയാനാകാതെ ഭര്‍ത്താവ് കോപാക്രാന്തനായി പുറത്തിറങ്ങി. പെട്ടെന്നുതന്നെ ചമയങ്ങളണിഞ്ഞ് ഒരു തോഴിയേയും കൂട്ടി ഉണ്ണിയാര്‍ച്ച യാത്രയായി. പടിപ്പുര കടന്നപ്പോഴേയ്ക്കും ഭര്‍ത്താവ് അവര്‍ക്കൊപ്പമെത്തി. ഭാര്യ ധിക്കാരത്തോടെ കൂത്തുകാണാന്‍ പോകുന്നതു രസിക്കാത്ത അദ്ദേഹത്തിന്റെ മുഖം ദേഷ്യംകൊണ്ടു ചുവന്നുവീര്‍ത്തിട്ടുണ്ട്. അവള്‍ അതൊന്നും ഗൗനിക്കാതെ മുന്നോട്ടു നടന്നു.
”താന്തോന്നിയായ നിനക്കു കൂട്ടിനു ഞാനും വരുന്നു’ പിറുപിറുത്ത് ഭര്‍ത്താവ് കൂടെനടന്നു.
എടവട്ടത്തങ്ങാടി അടുത്തപ്പോഴേയ്ക്കും ഇരുട്ടിത്തുടങ്ങിയിരുന്നു. റോഡിനിരുവശവും വിജനമായ വെളിമ്പറമ്പുകള്‍. പെട്ടെന്ന് ഒതുസംഘം അക്രമികള്‍ വാളുമേന്തി അവരെ വളഞ്ഞു.
ഞൊടിയിടയില്‍ ഉണ്ണിയാര്‍ച്ച തൊട്ടരികിലെ ഒരാല്‍ത്തറയിലേക്ക് ഓടിക്കയറി. പിന്നാലെ അക്രമികളും. ആല്‍ത്തറയില്‍ ചുവടുറപ്പിച്ചു നിന്ന് അവള്‍ താഴെ നില്ക്കുന്ന സംഘത്തോട് കാര്‍ക്കശ്യത്തോടെ ചോദിച്ചു:
‘ഉം… എന്തു വേണം?’
”നിന്നെത്തന്നെ. നല്ലൊരു സുന്ദരിപ്പെണ്ണ്. നമ്മുടെ മൂപ്പനു സമ്മാനമായി കൊടുക്കാം. ആ … ആദ്യം സ്വര്‍ണാഭര ണങ്ങളൊക്കെ ഇങ്ങഴിച്ചുതാ’ സംഘത്തലവന്‍ ഒരു കൂസലുമില്ലാതെ പറഞ്ഞു.
‘കഴിവുണ്ടെങ്കില്‍ ആവശ്യമുള്ളതൊക്കെ എടുത്തോളിന്‍.’ പറഞ്ഞു തീര്‍ന്നപ്പോഴേയ്ക്കും അവള്‍ അരയില്‍ ചുറ്റിയ കസവു നേര്യതിനുള്ളില്‍ ഒളിപ്പിച്ചിരുന്ന ഉറുമിയെടുത്തു ചുഴറ്റി. കടന്നുപിടിക്കാന്‍ ആല്‍ത്തറയിലേക്കു കയറാനാഞ്ഞ അക്രമിസംഘാംഗങ്ങളില്‍ ചിലരുടെമേല്‍ ഇരുതലമൂര്‍ച്ചയുള്ള ഉറുമിയുടെ വായ്ത്തലകൊണ്ട് ആഴത്തില്‍ മുറിഞ്ഞു. രക്തമൊലിക്കുന്ന മുറിവ് പൊത്തിപ്പിടിച്ച് നിലവിളിച്ചുകൊണ്ട് അവര്‍ ഓടി. ശേഷിക്കുന്നവര്‍ വാളുമായി ഒരടി പിന്നോട്ടുമാറി നില്ക്കുകയാണ്. ഉറുമിയുമായി നില്ക്കുന്ന പെണ്ണിനെ നേരിടണമോ, ഓടിപ്പോകണമോ എന്ന ശങ്കയോടെ. ‘ചുണയുള്ള ആണുങ്ങളുണ്ടെങ്കില്‍ വാ; പുത്തൂരം ആരോമല്‍ച്ചേകവരുടെ പെങ്ങള്‍ വീശുന്ന ഉറുമിയേറ്റു മരിക്കുന്നത് മഹാഭാഗ്യമാണ്. വാടോ’ അവള്‍ അലറി.
‘ആരോമല്‍ച്ചേകവരോ, എന്റമ്മോ’- ആ പേരു കേട്ടപാടേ അക്രമിസംഘത്തിലെ ശേഷിച്ചവരെല്ലാം ഒരേ സ്വരത്തില്‍ നിലവിളിച്ചുകൊണ്ട് പറപറന്നു. ഈ സമയം, ഭര്‍ത്താവ് പേടിച്ചുവിറച്ച് കുറേയകലെ മാറിനില്ക്കുകയായിരുന്നു. അയാളേയും വിളിച്ച് വീണ്ടും ക്ഷേത്രത്തിലേക്കു നടന്നു.
അക്രമികള്‍ നേരെ മൂപ്പന്റെ മുന്നിലേക്കാണ് ഓടിപ്പോയത്. സംഭവമെല്ലാം അവര്‍ വിവരിച്ചു. ആരോമലിന്റെ നേര്‍പെങ്ങള്‍ ഉണ്ണിയാര്‍ച്ചയെയാണ് സംഘാംഗങ്ങള്‍ അപമാനിക്കാനും അക്രമിക്കാനും ശ്രമിച്ചതെന്നു മൂപ്പനു മനസിലായി. ശരിക്കും പുലിവാലു പിടിച്ചിരിക്കുന്നു. ആരോമലും ആര്‍ച്ചയും തങ്ങളെയെല്ലാം കൊത്തിയരിയും. എന്തുചെയ്യും. ഉണ്ണിയാര്‍ച്ചയോടു തനിക്കുവേണ്ടി മാപ്പുപറയാന്‍ മൂപ്പന്‍ അയാളുടെ അമ്മയെ ആ രാത്രിതന്നെ കുത്തമ്പലത്തിലേക്കയച്ചു. നിരവധി പാരിതോ ഷികങ്ങളും കൂടെയെടുത്തു.
പാരിതോഷികങ്ങള്‍ അവള്‍ സ്വീകരിച്ചില്ലെന്നു മാത്രമല്ല ‘അക്രമികളെ വെട്ടിനുറുക്കി തോന്ന്യാസത്തിന് അറുതിവരുത്തു’ മെന്ന് ഭീഷണിപ്പെടുത്തിയാണ് അവരെ മടക്കിയയച്ചത്. ഉണ്ണിയാര്‍ച്ചയുടെ ദ്വേഷ്യം ശമിപ്പിക്കാനും
തങ്ങളെ അക്രമിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാനും മൂപ്പന്‍ പല വമ്പന്മാരുടെയും കാലുപിടിച്ചു കരഞ്ഞു.
മൂപ്പനോടു ക്ഷമിക്കാനുള്ള ശിപാര്‍ശയുമായി നാടുവാഴിയുടെ തമ്പുരാട്ടി, ആരോമലിന്റെ ചങ്ങാതിയായ നാഗപ്പന്‍ചെട്ടി എന്നിവരൊക്കെ ആ രാത്രിതന്നെ ആര്‍ച്ചയുടെ മുന്നിലെത്തി. പക്ഷേ, അവള്‍ അയാളെയും അക്രമിസംഘത്തേയും പാഠംപഠിപ്പിക്കുമെന്നുതന്നെ പറഞ്ഞു.
നയതന്ത്രമൊന്നും ഫലിക്കുന്നില്ലെന്നു കണ്ടപ്പോള്‍ മൂപ്പന്‍ നേരിട്ടു ഹാജരായി. ഉണ്ണിയാര്‍ച്ചയുടെ കാല്‍ക്കല്‍ സാഷ്ടാംഗം വീണ് അയാള്‍ മാപ്പപേക്ഷിച്ചു.
‘അടിയനോടു പൊറുക്കണം. അറിവില്ലാതെ ചെയ്തുപോയതാണ്.’
‘ഉം.. മേലില്‍ ഇതാവര്‍ത്തിക്കരുത്. എണീറ്റു പൊക്കോ’- അവള്‍ താക്കീതു നല്‍കി അയാളെ വിട്ടയച്ചു.
കൂത്തുകഴിഞ്ഞ് ആറ്റുംമണമേല്‍ തറവാട്ടിലെത്തിയപ്പോള്‍ അവള്‍ ഭര്‍തൃ പിതാവിനോടായി പറഞ്ഞു;
‘ഇതാ നിങ്ങടെ മോനെ കൊല്ലിക്കതെ തന്നെ ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്.’ സംഭവമെല്ലാം അറിഞ്ഞ അവര്‍ അക്ഷരാര്‍ഥ ത്തില്‍ വിഷണ്ണരായിപ്പോയി.