ചാരവൃത്തിക്കു ചാര സുന്ദരിമാരെ രംഗത്തിറക്കുന്നതു പുതുമയുള്ള കാര്യമൊന്നുമല്ല. ചാരവൃത്തിക്കു ചൈന ഈയിടെ പയറ്റിയത് അതിനൂതന സംവിധാനങ്ങളാണ്. ഇന്ത്യയുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രീലങ്കന്‍ തീരത്ത് ചാരക്കപ്പല്‍, ആകാശത്തു ചാര ഉപഗ്രഹം, അമേരിക്കയ്ക്കു മുകളിലൂടെ പറത്തിവിട്ടതു ചാര ബലൂണാണ്. ഇപ്പോള്‍ ഇതാ ഒരു ചാരപ്പക്ഷി രംഗത്തുവന്നിരിക്കുന്നു. കാലില്‍ ക്യാമറയും ചിപ്പും ഘടിപ്പിച്ച നിലയില്‍ ഒരു പ്രാവ്. ഒഡീഷയിലെ ജഗത്സിംഗ്പൂര്‍ തീരത്താണു സംശയാസ്പദമായി ക്യാമറയും ചിപ്പുമുള്ള പ്രാവിനെ കണ്ടെത്തിയത്. മത്സ്യ തൊഴിലാളികളാണ് ഇങ്ങനെയൊരു പ്രാവിനെ കണ്ടത്. വിവരം പൊലീസില്‍ അറിയിച്ചു. എല്ലാവരും കൂടി പ്രാവിനെ പിടികൂടി. കാലിലെ ക്യാമറ ചാര പ്രവര്‍ത്തനത്തിനു വേണ്ടിയുള്ളതാണോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ്. പ്രാവിന്റെ ചിറകിനടയില്‍ അജ്ഞാത ഭാഷയിലെഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മൃഗ ഡോക്ടര്‍മാര്‍ പക്ഷിയെ പരിശോധിച്ചു. കാലുകളില്‍ ഘടിപ്പിച്ചിരുന്ന കാമറയും ചിപ്പുമെല്ലാം വിദഗ്ധ പരിശോധനയക്കു വിധേയമാക്കി. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണു പരിശോധന പൂര്‍ത്തിയാക്കിയത്. മത്സ്യബന്ധന ട്രോളറായ ‘സാരഥി’ യിലെ ജീവനക്കാരനായ പീതാംബര്‍ ബെഹ്റയാണ് ആദ്യം പ്രാവിനെ കണ്ടത്. കാലുകളില്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചതു കണ്ടതോടെ പിടികൂടുകയായിരുന്നു. പരിശോധനയെല്ലാം നടത്തിയെങ്കിലും ആര്‍ക്കുവേണ്ടിയാണു ചാരക്കണ്ണുകളുമായി പ്രാവു പറന്നതെന്ന വിവരം ഒഡീഷ സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ പുറത്തുവിട്ടിട്ടില്ല.
ഒളിക്യാമറയുമായി ഒരു ചാരപ്രാവ്
