മേജര്‍ ഡിപ്രസീവ് ഡിസോര്‍ഡര്‍(എംഡിഡി) ഉള്ള രോഗികളില്‍ 27 ശതമാനത്തിനെയും ബാധിക്കാവുന്ന വിഷാദരോഗത്തിന്റെ ഒരു പുതിയ ഉപവിഭാഗം കണ്ടെത്തി സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. ശ്രദ്ധ, ഓര്‍മ, ആത്മനിയന്ത്രണം പോലുള്ള ധാരണശേഷിയെ സംബന്ധിക്കുന്ന കാര്യങ്ങളെ ബാധിക്കുന്നതാണ് ഈ പുതിയ തരം വിഷാദരോഗം. സെറോടോണിനെ ലക്ഷ്യമിടുന്ന ലെക്‌സാപ്രോ, സോളോഫ്റ്റ് പോലുള്ള ആന്റിഡിപ്രസന്റുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് ഇതിന്റെ ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ സാധിക്കില്ലെന്നും ഗവേഷകര്‍ കണ്ടെത്തി. ‘കോഗ്‌നിറ്റീവ് സബ്‌ടൈപ്പ്’ എന്നാണ് വിഷാദരോഗത്തിന്റെ ഈ പുതിയ ഉപവിഭാഗത്തെ ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. 700 വിഷാദരോഗികളില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ 27 ശതമാനം പേരിലും കോഗ്‌നിറ്റീവ് സബ്‌ടൈപ്പ് കണ്ടെത്തി. വിഷാദരോഗത്തിന് ഏറ്റവും പ്രചാരത്തിലുള്ള മരുന്നുകള്‍ പോലും എല്ലായ്‌പ്പോഴും ഫലപ്രദമാകാത്തതിന്റെ കാരണവും ഈ പഠനം വിശദീകരിക്കുന്നു. അമേരിക്കയിലെ 57 ലക്ഷം വിഷാദരോഗികള്‍ക്ക് ഈ ഉപവിഭാഗം ബാധിച്ചിരിക്കാമെന്നാണ് കണക്ക്. വിഷാദത്തിന് ഇത്തരത്തിലുള്ള പന്ത്രണ്ടിലധികം ഉപവിഭാഗങ്ങളുണ്ടെന്നും ഓരോന്നിനും പ്രത്യേകം ചികിത്സകള്‍ ആവശ്യമാണെന്നും ഗവേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. നിലവിലെ വിഷാദരോഗ ചികിത്സ പൊതുവേ ഏകതാനമായതും പലപ്പോഴും കാര്യക്ഷമമല്ലാത്തതുമാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.