yt cover 19

https://dailynewslive.in/ ജമ്മുകശ്മീരില്‍ തുടരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല സുരക്ഷാ സമിതി യോഗം ചേര്‍ന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ 32 മാസത്തിനിടെ 48 സൈനികരാണ് കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

https://dailynewslive.in/ നീറ്റ് യുജി പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച മാര്‍ക്ക് പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. റോള്‍ നമ്പര്‍ മറച്ച് ഓരോ സെന്ററിലും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് നാളെ 5 മണിക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യാപകമായിരുന്നോ എന്ന് ഹര്‍ജിക്കാര്‍ക്ക് ഉള്‍പ്പെടെ മനസിലാക്കാനാണ് മാര്‍ക്കുകള്‍ പരസ്യപ്പെടുത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. നീറ്റ് കേസ് തിങ്കളാഴ്ച്ച പത്തരയ്ക്ക് വീണ്ടും വാദം കേള്‍ക്കാമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. വിഷയത്തില്‍ തിങ്കളാഴ്ച്ചയോടെ തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു. നീറ്റ് യു.ജി. പരീക്ഷയില്‍ വന്‍തോതില്‍ ക്രമകേട് നടന്നെന്ന് കണ്ടെത്തിയാല്‍ മാത്രമേ പുനഃപരീക്ഷ നടത്താനാകൂ എന്നും സൂപ്രീം കോടതി വ്യക്തമാക്കി.

https://dailynewslive.in/ വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ. സംസ്ഥാനത്ത് വെള്ളക്കെട്ടില്‍ വീണ് 2 പേര്‍ മരിച്ചു. കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കാസര്‍കോട് ജില്ലയിലെ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയില്‍ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്കും ഇടുക്കിയില്‍ ദേവികുളം താലൂക്കിലേയും ചിന്നക്കനാല്‍ പഞ്ചായത്തിലേയും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധി.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് കനത്ത മഴയില്‍ മദ്രസ കെട്ടിടം തകര്‍ന്നുവീണു. കട്ടന്‍ ബസാര്‍ വടക്കുഭാഗം ജലാലിയ മസ്ജിദിന് കീഴിലുള്ള മദ്രസയാണ് തകര്‍ന്നത്. ഇന്നലെ വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. മഴ മൂലം കഴിഞ്ഞ തിങ്കളാഴ്ച്ച മുതല്‍ മദ്രസയ്ക്ക് അവധി നല്‍കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

https://dailynewslive.in/ കണ്ണൂര്‍ കോഴിച്ചാലില്‍ പാലം തകര്‍ന്ന് ഒറ്റപ്പെട്ടു പോയ കുടുംബത്തെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്. കനത്ത മഴയെ തുടര്‍ന്ന് കാരിങ്കോട് പുഴയുടെ കൈവഴി കുത്തിയൊഴുകി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലവെള്ളം കുതിച്ചെത്തി അവിടെയുള്ള പാലം തകര്‍ന്നുപോയിരുന്നു. ഇതോടെ കൈക്കുഞ്ഞ് ഉള്‍പ്പെടെയുള്ള കുടുംബം ഈ തുരുത്തില്‍ ഒറ്റപ്പെട്ടുപോകുകയായിരുന്നു.

https://dailynewslive.in/ കോട്ടയം മാളിയേക്കടവില്‍ താറാവ് കര്‍ഷകന്‍ മുങ്ങി മരിച്ചു. പടിയറക്കടവ് സ്വദേശി സദാനന്ദന്‍ (65) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. എങ്ങനെയാണ് വള്ളത്തില്‍ നിന്നും വെള്ളത്തിലേക്ക് വീണതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

https://dailynewslive.in/ അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് .വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യഭാഗത്തായി പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുള്ളതിനാല്‍ അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഈ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ഒഡിഷ തീരത്തു എത്താന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മീന്‍പിടുത്തക്കാര്‍ക്ക് കര്‍ശനമായ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ കാലവര്‍ഷം ശക്തമായി പെയ്യുമ്പോഴും ഇതുവരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 12 ശതമാനം മഴക്കുറവ്. 1043.7 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 922.6 മില്ലി മീറ്ററാണ് ലഭിച്ചത്. ജൂണിലെ മഴക്കുറവ് കാരണമാണ് സംസ്ഥാനത്തൊട്ടാകെ മഴക്കുറവുണ്ടാകാന്‍ കാരണം.

https://dailynewslive.in/ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്ക് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദത്തിന് പിന്നാലെ കൊല്‍ക്കത്ത ഭാഗത്ത് മറ്റൊരു ന്യൂനമര്‍ദ്ദ സൂചന കൂടിയുള്ളതിനാല്‍ ശക്തമായ മഴ ഈ മാസം മുഴുവന്‍ തുടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍.. വടക്കുഭാഗത്തെ ന്യൂനമര്‍ദ്ദം ഒഡീഷ തീരമേഖലയില്‍ എത്താനാണ് സാധ്യതയെന്നും അറബിക്കടലിനു സമീപം ചക്രവാതച്ചുഴിയുള്ളതിനാല്‍ കാലവര്‍ഷക്കാറ്റിന്റെ ശക്തി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പലയിടത്തും തീവ്രമഴ പ്രതീക്ഷിക്കുന്നതിനാല്‍ വെളളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

https://dailynewslive.in/ പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ അമീറുല്‍ ഇസ്ലാം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പ്രതിയുടെ മനശാസ്ത്ര, സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനും പ്രതിയുടെ മാനസിക പരിശോധന നടത്തി മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

https://dailynewslive.in/ പൊഴിയൂരില്‍ പുതിയ മത്സ്യബന്ധന തുറമുഖ നിര്‍മ്മാണ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈവര്‍ഷത്തെ ബജറ്റിലാണ് പൊഴിയൂരില്‍ പുതിയ തുറമുഖ നിര്‍മ്മാണത്തിനുള്ള പദ്ധതി പ്രഖ്യാപിച്ചത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സമീപ പ്രദേശത്തായാണ് പുതിയ ഫിഷറീസ് തുറമുഖം നിര്‍മ്മിക്കുന്നത്.

https://dailynewslive.in/ 120 കോടി രൂപ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണത്തിന് അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇ – ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ കുടിശികയുള്ള മുഴുവന്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് തുകയും വിതരണം ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു. ബജറ്റ് വിനിയോഗ പരിധി 100 ശതമാനം ഉയര്‍ത്തിയാണ് തുക ലഭ്യമാക്കുന്നത്. 150 കോടി രൂപയാണ് ഈ ഇനത്തിലെ ബജറ്റ് വകയിരുത്തല്‍. ഇതില്‍ 32.13 കോടി രൂപയുടെ വിനിയോഗ അനുമതി നേരത്തെ ലഭ്യമാക്കിയിരുന്നു.

https://dailynewslive.in/ പാലക്കാട് ജില്ലയിലെ ആലത്തൂര്‍ കാട്ടുശ്ശേരിയില്‍ സ്‌കൂള്‍ ബസ് ചേരാമംഗലം കനാലിലേക്ക് മറിഞ്ഞു. ബസ്സില്‍ 20 ഓളം കുട്ടികള്‍ ഉണ്ടായിരുന്നു. എഎസ്എംഎം ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. കുട്ടികള്‍ക്ക് നിസാര പരിക്ക് ഉണ്ട് . വിദ്യാര്‍ത്ഥികളെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ മാവോയിസ്റ്റ് ബന്ധമുള്ള തൃശ്ശൂര്‍ സ്വദേശിയായ മനോജിനെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് തീവ്രവാദ വിരുദ്ധ സേന പിടികൂടി. മാവോയിസ്റ്റുകള്‍ക്കിടയിലെ സന്ദേശവാഹകനാണ് ഇയാളെന്നാണ് വിവരം. കബനി ദളം കേന്ദ്രീകരിച്ചാണ് മനോജ് പ്രവര്‍ത്തിക്കുന്നത്. 14 യുഎപിഎ കേസുകളില്‍ പ്രതിയാണ്. അരീക്കോടുള്ള തീവ്രവാദ വിരുദ്ധ സേനാംഗങ്ങളാണ് എറണാകുളത്തെത്തി സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വച്ച് ഇയാളെ പിടികൂടിയത്.

https://dailynewslive.in/ തദ്ദേശവകുപ്പ് മന്ത്രിയും, ജലസേചന മന്ത്രിയും, മേയറും ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിനായി അനുവദിച്ച കോടികള്‍ എന്ത് ചെയ്തുവെന്നതിന് ഉത്തരം നല്‍കണമെന്ന് വി. മുരളീധരന്‍. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി നഗരസഭാ കാര്യാലയത്തിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോട് വൃത്തിയാക്കാന്‍ ബജറ്റില്‍ നീക്കി വച്ച 12 കോടി എവിടെ പോയി എന്നതില്‍ വിശദീകരണം വേണമെന്നാണ് മുരളീധരന്‍ ആവശ്യപ്പെട്ടത്. ശുചീകരണത്തൊഴിലാളി ജോയിയുടെ മരണത്തില്‍ റെയില്‍വെയെ പഴിചാരി തടിയൂരാനുള്ള ശ്രമം ജനം പുച്ഛിച്ച് തള്ളുമെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു.

https://dailynewslive.in/ ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. എം.എസ്. വല്യത്താന്‍ (90) അന്തരിച്ചു. ബുധനാഴ്ച രാത്രി മണിപ്പാലില്‍ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ സ്ഥാപക ഡയറക്ടറും മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെ ആദ്യ വി.സിയുമായിരുന്നു.

https://dailynewslive.in/ തൃശൂര്‍ പുത്തൂര്‍ മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളിയിലെ ശ്മശാനത്തില്‍നിന്നും ദുര്‍ഗന്ധം വമിക്കുകയാണെന്ന പരാതിയില്‍ കലക്ടര്‍ ഒരു മാസത്തിനകം തീര്‍പ്പുണ്ടാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. നിര്‍മാണത്തിലെ അപാകതകളാണ് ദുര്‍ഗന്ധത്തിനു കാരണമെന്നാണ് പരാതിക്കാര്‍ പറയുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചും പരാതിക്കാരെ കേട്ടും ആവശ്യമായ സംശയ നിവാരണം വരുത്തിയതിനു ശേഷം ഒരു മാസത്തിനകം പരാതി തീര്‍പ്പാക്കണമെന്നാണ് നിര്‍ദേശം നല്‍കിയത്.

https://dailynewslive.in/ ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നിലവിലുള്ള ഒഴിവുകളിലേക്ക് നിയമന നടപടികളുമായി മുന്നോട്ടുപോകാന്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് സുപ്രീം കോടതി അനുമതി നല്‍കി.

https://dailynewslive.in/ കെഎസ്ഇബി ഓഫീസുകള്‍ക്കുനേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സിസിടിവി സ്ഥാപിക്കാന്‍ തീരുമാനമായി. സംസ്ഥാനത്തെ എല്ലാ കെഎസ്ഇബി ഓഫീസുകളിലും അത്യാധുനിക സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം. ശബ്ദം കൂടി റെക്കോഡ് ചെയ്യാന്‍ പറ്റുന്ന ക്യാമറാ സംവിധാനമാണ് സ്ഥാപിക്കുക. ഇതോടൊപ്പം ലാന്‍ഡ് ഫോണുകളില്‍ വരുന്ന ഓഡിയോ റെക്കോഡ് ചെയ്യാനുള്ള സൗകര്യവും കൊണ്ടുവരുമെന്ന് അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ സ്‌കൂളുകളില്‍ അനധികൃത പണപ്പിരിവ് നടത്തിയാല്‍ ഇനി കര്‍ശന നടപടിയുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ -തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ സംസ്ഥാന വ്യാപക പരിശോധന നടത്താന്‍ ഡി ഇ ഒ – മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

https://dailynewslive.in/ കവര്‍ച്ചയ്ക്കുള്ള നീക്കം നടത്തുന്നതിനിടെ രണ്ട് മലയാളികള്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശികളായ അബ്ദുള്‍ ഹാലിം,ഷമാല്‍ എന്നിവരാണ് പിടിയിലായത്. കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ ഉള്‍പ്പെടടെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ തടിയന്റെവിട നസീറിന്റെ സഹോദരനാണ് അറസ്റ്റിലായ ഷമാല്‍.

https://dailynewslive.in/ ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അറിയിച്ചതോടെ ഇന്ത്യ സഖ്യം ഉണ്ടാകില്ലെന്ന് വ്യക്തമായി. സംസ്ഥാനത്ത് 90 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് എഎപിയുടെ തീരുമാനം. കോണ്‍ഗ്രസ് അടക്കം മറ്റൊരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്നാണ് ഛണ്ഡീഗഡില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭഗവന്ത് മാന്‍ വ്യക്തമാക്കിയത്.

https://dailynewslive.in/ ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ചണ്ഡിഗഡ് – ദീബ്രുഗഡ് ദില്‍ബര്‍ഗ് എക്സ്പ്രസിന്റെ കോച്ചുകള്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരണം മൂന്നായി. 30 പേര്‍ക്ക് പരിക്കേറ്റു. ചണ്ഡിഗഡില്‍ നിന്ന് ദിബ്രുഗഡിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ജിലാഹി സ്റ്റേഷന് സമീപമായിരുന്നു അപകടം. 12 കോച്ചുകള്‍ പാളം തെറ്റിയെന്നാണ് പ്രാഥമിക വിവരം.

https://dailynewslive.in/ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ബംഗ്ലാദേശില്‍ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് രാജ്യവ്യാപകമായി മൊബൈല്‍ ഇന്റര്‍നെറ്റ് റദ്ദാക്കാന്‍ ഉത്തരവിട്ടതായി ടെലികമ്മ്യൂണിക്കേഷന്‍ സഹമന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ ഇതുവരെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.1971 ലെ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച യുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 30 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിന് എതിരെയാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.

https://dailynewslive.in/ മോദിക്കെതിരെ പരോക്ഷവിമര്‍ശനവുമായി വീണ്ടും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ചിലര്‍ക്ക് അമാനുഷികരും ഭഗവാനുമൊക്കെയാകാന്‍ ആഗ്രഹമുണ്ടെന്നാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.എന്നാല്‍ ഭഗവാന്‍ വിശ്വരൂപമാണെന്നും അതിന് മുകളിലെന്തെങ്കിലുമുണ്ടോയെന്ന് ആര്‍ക്കുമറിയില്ലെന്നും ആന്തരികമായും ബാഹ്യമായും വികാസത്തിന് പരിധിയില്ലെന്നും ജാര്‍ഖണ്ഡിലെ ഒരു പരിപാടിയില്‍ വെച്ച് മോഹന്‍ ഭാഗവത് പറഞ്ഞു.

https://dailynewslive.in/ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉയര്‍ത്തിയേക്കും. യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയാണ് നിലവില്‍ ഉദയനിധി. ഓഗസ്റ്റ് 22-ന് മുമ്പായി അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കുമെന്നാണ് വിവരം.

https://dailynewslive.in/ നാസയുടെ ട്രാന്‍സിറ്റിംഗ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് സൗരയൂഥത്തിന് പുറത്ത് ആറ് ഗ്രഹങ്ങളെക്കൂടി കണ്ടെത്തി. ഇതോടെ സൗരയൂഥത്തിന് പുറത്ത് കണ്ടുപിടിച്ച ഗ്രഹങ്ങളുടെ എണ്ണം 5502 ആയി. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തേക്കാള്‍ വലിയ, ഭൂമിയേക്കാള്‍ 1300ലേറെ ഇരട്ടി വലിപ്പമുള്ള ഒരു ഗ്രഹമാണ് ഇപ്പോള്‍ കണ്ടെത്തിയതില്‍ ഒന്ന്. സൂര്യനേക്കാള്‍ 40 മടങ്ങ് വലിപ്പമുള്ള നക്ഷത്രത്തെയാണ് ഈ ഗ്രഹം ഭ്രമണം ചെയ്യുന്നത്.

https://dailynewslive.in/ ദില്ലിയില്‍ ഗുസ്തിതാരങ്ങള്‍ നടത്തിയ സമരത്തെ വിമര്‍ശിച്ചതില്‍ ഖേദം അറിയിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. കഴിഞ്ഞ വര്‍ഷം നടന്ന ഗുസ്തിതാരങ്ങള്‍ നടത്തിയ സമരം എല്ലാവര്‍ക്കും പാഠമായിരുന്നു. ഇതുസംബന്ധിച്ചുണ്ടായ വിവാദത്തില്‍ ഖേദമുണ്ട്. കായികതാരങ്ങളുടെ ക്ഷേമം ഏറ്റവും പ്രധാനമാണ്. അവരുടെ ശബ്ദം കേള്‍ക്കുന്നുവെന്നും ബഹുമാനിക്കപ്പെടുന്നുവെന്നും ഉറപ്പുവരുത്താന്‍ താന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഉഷ വ്യക്തമാക്കി.

https://dailynewslive.in/ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമുകളെ ബി.സി.സി.ഐ. പ്രഖ്യാപിച്ചു. ടി20-യില്‍ സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍. ഏകദിനത്തില്‍ രോഹിത് ശര്‍മ തന്നെ നയിക്കും. സഞ്ജു സാംസണ്‍ ടി20 പരമ്പരയില്‍ മാത്രം. വിരാട് കോലി, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഏകദിനത്തിലുണ്ട്. ശുഭ്മാന്‍ ഗില്ലാണ് ഏകദിനത്തിലും ടി20 യിലും വൈസ് ക്യാപ്റ്റന്‍. ഋഷഭ് പന്തിനേയും റിയാന്‍ പരാഗിനേയും ടി20, ഏകദിന ടീമുകളില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സിംബാബ്വെയ്‌ക്കെതിരേ മികച്ച പ്രകടനം നടത്തിയ അഭിഷേക് ശര്‍മ, ഋതുരാജ് ഗെയ്ക്വാദ് എന്നിവര്‍ക്ക് രണ്ട് ടീമിലും ഇടം ലഭിച്ചില്ല.

https://dailynewslive.in/ രാജ്യത്തെ രണ്ടാമത്തെ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ലാഭത്തില്‍ വര്‍ധന. ജൂണ്‍ പാദത്തില്‍ 7.1 ശതമാനം വര്‍ധനയോടെ 6,368 കോടി രൂപയായാണ് ഇന്‍ഫോസിസിന്റെ ലാഭം ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 5945 കോടി രൂപയായിരുന്നു. എന്നാല്‍ മുന്‍ പാദത്തെ അപേക്ഷിച്ച് ലാഭത്തില്‍ കുറവുണ്ടായി. 20 ശതമാനത്തതിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ജൂണ്‍ പാദത്തില്‍ വരുമാനത്തിലും വര്‍ധനയുണ്ടായി. 3.6 ശതമാനം വര്‍ധനയോടെ 39,315 കോടിയായാണ് വരുമാനം ഉയര്‍ന്നത്. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 37,933 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭവും ഉയര്‍ന്നിട്ടുണ്ട്. ജൂണ്‍ പാദത്തില്‍ 21.1 ശതമാനമായാണ് വര്‍ധിച്ചത്. മുന്‍ വര്‍ഷത്തെ സമാന കാലയളവില്‍ ഇത് 20.8 ശതമാനമായിരുന്നു. 30 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

https://dailynewslive.in/ മലയാള സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘ആടുജീവിതം’. ബെന്യാമിന്റെ ജനപ്രീതി നേടിയ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം എന്നതാണ് ഈ ചിത്രത്തിന്മേല്‍ അത്രയും പ്രേക്ഷക പ്രതീക്ഷ സൃഷ്ടിച്ചത്. മികച്ച പ്രദര്‍ശന വിജയമാണ് ആടുജീവിതം നേടിയത്. 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ആടുജീവിതം മലയാളത്തില്‍ നിലവില്‍ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക വിജയമാണ്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ജൂലൈ 19ന് സ്ട്രീമിംഗ് ആരംഭിക്കും. മാര്‍ച്ച് 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. നീണ്ട 113 ദിവസങ്ങള്‍ക്കിപ്പുറമാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും കാണാം. മികച്ച പാന്‍ ഇന്ത്യന്‍ സ്‌ക്രീന്‍ കൗണ്ടോടെ തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ഇത്. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്.

https://dailynewslive.in/ ജയം രവി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ബ്രദേഴ്സ്’. സംവിധാനം എം രാജേഷാണ്. ബ്രദേഴ്സ് കോമഡിക്ക് പ്രാധാന്യമുള്ള ഒരു ചിത്രമാണ്. ബ്രദേഴ്സിലെ ഗാനത്തിന്റെ പ്രൊമൊ പുറത്തുവിട്ടു. കുടുംബ ബന്ധങ്ങള്‍ക്കും കോമഡിക്കും പ്രാധാന്യമുള്ള ചിത്രമായിരിക്കും ബ്രറെന്ന് ജയം രവി വെളിപ്പെടുത്തിയിരുന്നു. കുടുംബ ബന്ധങ്ങള്‍ക്കും പ്രധാന്യം നല്‍കുന്ന ചിത്രങ്ങളാണ് രാജേഷിന്റേതെന്ന് വ്യക്തമാക്കുകയായിരുന്നു ജയം രവി. ബ്രദറിലും അങ്ങനെയാണ്. തന്റെ ആരാധകര്‍ കാത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രമായിരിക്കും ബ്രദറിലേത് എന്നും കുറച്ച് കാലമായി ഇത്തരമൊരു സിനിമ ചെയ്തിട്ടെന്നും മനോഹരമായ ഡാന്‍സ് രംഗങ്ങളും തനിക്ക് ഉണ്ടെന്നും ജയം രവി വ്യക്തമാക്കി. പ്രിയങ്ക മോഹനാണ് ജയം രവിയുടെ ചിത്രത്തില്‍ നായികയാകുക. ജയം രവി നായകനാകുന്ന പുതിയ ചിത്രത്തില്‍ ശരണ്യ പൊന്‍വണ്ണന്‍, വിടിവി ഗണേഷ്, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഛായാഗ്രാഹണം വിവേകാനന്ദ് സന്തോഷും സംഗീതം ഹാരിസ് ജയരാജുമാണ്.

https://dailynewslive.in/ ജര്‍മ്മന്‍ ആഡംബര ഫോര്‍ വീലര്‍, ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ ബിഎംഡബ്ല്യു സിഇ 04 ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ജൂലൈ 24ന് കമ്പനി ഇത് വിപണിയില്‍ അവതരിപ്പിക്കും. ബൈക്കിന്റെ ബുക്കിംഗ് ആരംഭിച്ചു. കമ്പനിയുടെ ഷോറൂം സന്ദര്‍ശിച്ച് ബുക്ക് ചെയ്യാം. രാജ്യത്തെ ഏറ്റവും വിലകൂടിയ ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടിയാണിത്. എങ്കിലും, അതിന്റെ വില വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഒമ്പത് ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെ പ്രാരംഭ വിലയില്‍ ഈ സ്‌കൂട്ടര്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഎംഡബ്ല്യു സിഇ 04ന്റെ സാങ്കേതിക സവിശേഷതകളെ കുറിച്ച് പറയുകയാണെങ്കില്‍, ഇതിന് 15കിലോവാട്ട് ലിക്വിഡ്-കൂള്‍ഡ് സിന്‍ക്രണസ് മോട്ടോര്‍ ഉണ്ട്. ഇത് 41ബിഎച്പി കരുത്തും 61എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. ഇതിന് 8.9കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് ഉണ്ട്. ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഈ ഇലക്ട്രിക് സ്‌കൂട്ടറിന് കഴിയും. 2.6 സെക്കന്‍ഡിനുള്ളില്‍ 0-50 കി.മീ / മണിക്കൂര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. ഇതിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 120 കി.മീ. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് 4 മണിക്കൂറിനുള്ളിലും ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 1.40 മണിക്കൂറിനുള്ളിലും ഇത് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും.

https://dailynewslive.in/ പ്രെഗ്‌നന്‍സി കാര്‍ഡില്‍ പ്രതീക്ഷയുടെ രണ്ടാംവര തെളിയുന്നത് ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന ദമ്പതിമാരുടെ ഹൃദയമിടിപ്പുകള്‍ പശ്ചാത്തലസംഗീതമൊരുക്കുന്ന രചന. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവരുടെ ‘വിശേഷമൊന്നുമായില്ലേ?’ എന്ന ചോദ്യം കേട്ടുകേട്ട് ഏകാന്തതയുടെ ഒറ്റപ്പെട്ട ദ്വീപുകളായിത്തീര്‍ന്ന ആയിരക്കണക്കിനു ദമ്പതിമാരുടെ മാനസികസംഘര്‍ഷങ്ങളുടെ നേര്‍ക്കാഴ്ച. വന്ധ്യതാചികിത്സയുടെ സങ്കീര്‍ണ്ണതകളും പ്രയാസപര്‍വ്വങ്ങളും വിഷാദസാഗരങ്ങളും നര്‍മ്മത്തിന്റെ രുചിക്കൂട്ടുകൊണ്ട് ഹൃദ്യവും ലളിതസുന്ദരവുമായിത്തീരുന്നു. ഇതു നിങ്ങളുടെ പ്രിയപ്പെട്ടവരുടെയോ സുഹൃത്തുക്കളില്‍ പലരുടെയോ നിങ്ങളുടെതന്നെയോ അനുഭവമാണു സുഹൃത്തേ. കെ.വി. മണികണ്ഠന്റെ ഏറ്റവും പുതിയ നോവല്‍. ‘വിശേഷം’. മാതൃഭൂമി. വില 136 രൂപ.

https://dailynewslive.in/ പല ഗുരുതരമായ രോഗങ്ങളും ലക്ഷണങ്ങളിലൂടെ നമ്മുടെ ശരീരം പ്രകടിപ്പിക്കും. അത്തരത്തില്‍ നമ്മളൊരിക്കലും ശ്രദ്ധിക്കാത്ത ലക്ഷണമാണ് ശ്വാസത്തിലുണ്ടാകുന്ന ദുര്‍ഗന്ധം. ദുര്‍ഗന്ധത്തോട് കൂടിയ ശ്വാസം ഉണ്ടെങ്കില്‍ സൂക്ഷിക്കേണ്ടതാണ്. ഹൃദയത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതൊരിയ്ക്കലും മുന്‍കൂട്ടി അറിയാന്‍ കഴിയില്ല. എന്നാല്‍ നിങ്ങള്‍ക്ക് സ്ഥിരമായി നിശ്വാസവായുവിന് ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ഇത് പലപ്പോഴും ഹൃദയം പണിമുടക്കിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചനയാണ്. ക്യാന്‍സര്‍ പലപ്പോഴും ആരംഭഘട്ടങ്ങളില്‍ കണ്ടു പിടിയ്ക്കാന്‍ ബുദ്ധിമുട്ടായിരിയ്ക്കും. എന്നാല്‍ നിശ്വാസവായുവിന്റെ ദുര്‍ഗന്ധം നോക്കി വയറ്റില്‍ ക്യാന്‍സര്‍ ഉണ്ടെന്ന് മനസ്സിലാക്കാം. അധികം കഷ്ടപ്പെടാതെ തന്നെ നിശ്വാസവായുവിന്റെ ദുര്‍ഗന്ധം നോക്കി ശ്വാസകോശ ക്യാന്‍സറിനെ മനസ്സിലാക്കാന്‍ കഴിയുന്നതാണ്. പുകവലിയ്ക്കുന്നവരിലും അല്ലാത്തവരിലും ശ്വാസകോശ ക്യാന്‍സറിനുള്ള സാധ്യത കൂടുതലാണ്. ദുര്‍ഗന്ധത്തോടു കൂടിയ ശ്വാസവും അമിത കിതപ്പും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ വിദഗ്ധ ഡോക്ടറെ സമീപിക്കേണ്ടതാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ഇതിനെ പെട്ടെന്ന് മനസ്സിലാക്കാന്‍ ശ്വാസദുര്‍ഗന്ധം മൂലം കഴിയും. കിഡ്‌നി സംബന്ധമായ പ്രശ്നനങ്ങളും നിശ്വാസ വായുവിലൂടെ അറിയാന്‍ സാധിക്കും. നിങ്ങളുടെ നിശ്വാസ വായുവിന് മീന്‍വിഭവങ്ങളുടെ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ കിഡ്‌നി പ്രവര്‍ത്തന രഹിതമാകാന്‍ തുടങ്ങി എന്ന് മനസ്സിലാക്കേണ്ടതാണ്.

*ശുഭദിനം*

*കവിത കണ്ണന്‍*

ശിഷ്യന്മാര്‍ സംസാരിച്ചിരിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ വസ്തു ഏതെന്ന് അവരിലൊരാള്‍ ചോദിച്ചു. പലരും പലതും പറഞ്ഞു. തര്‍ക്കങ്ങളും പ്രതിവാദങ്ങളുമായി. അവസാനം ഗുരുവിനോട് ചോദിക്കാന്‍ തീരുമാനമായി. ചോദ്യം കേട്ട് ഗുരു പ്രകോപിതനായി. ഇത്രയും നാള്‍ പരിശീലിച്ചിട്ടും ഈ ചെറിയ ചോദ്യത്തിന്റെ ഉത്തരം പോലും നിങ്ങള്‍ക്കറിയില്ലേ? ഗുരു ദേഷ്യപ്പെട്ടു. ഗുരു പോയപ്പോള്‍ അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ അവര്‍ അത്ഭുതപ്പെട്ടു. കുറച്ച് കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹം പറഞ്ഞു: എന്തായാലും ഒരു കാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്. ഒഴിവുസമയത്തും നിങ്ങള്‍ ഗൗരവമുളള കാര്യങ്ങളെക്കുറിച്ചാണല്ലോ സംസാരിക്കുന്നത്. ശിഷ്യന്മാര്‍ക്ക് ആശ്വാസമായി. ഗുരു തുടര്‍ന്നു: ഞാന്‍ രണ്ടുവിധത്തില്‍ നിങ്ങളോട് പെരുമാറി. ദേഷ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ ഞാന്‍ കാണാതെ എന്നെ വിമര്‍ശിച്ചു. അഭിനന്ദിച്ചപ്പോള്‍ നിങ്ങള്‍ സന്തോഷിച്ചു. വാക്കുകളാണ് ലോകത്തില്‍ ഏറ്റവും ശക്തമായത്. നമുക്ക് മറ്റുള്ളവരെ സുഖപ്പെടുത്താം, മുറിപ്പെടുത്താം അഭിനന്ദിക്കാം, അവഹേളിക്കാം, വളര്‍ത്താം തളര്‍ത്താം.. വാക്കുകള്‍ വിഷലിപ്തവും വിശുദ്ധവുമാക്കാം.. നിഘണ്ടുവില്‍ പദാനുപദ അര്‍ത്ഥങ്ങളേ ഉണ്ടാകൂ. പക്ഷേ, പറയുന്നവരുടെ മനോഭാവത്തിനും ഉപയോഗിക്കുന്ന സാഹചര്യത്തിനുമനുസരിച്ച് അര്‍ത്ഥവ്യത്യാസം സംഭവിക്കാം. മിടുക്കനാണ് എന്നൊരു വാക്ക് നമുക്ക് അനുമോദിക്കാനും കുറ്റപ്പെടുത്താനും ഉപയോഗിക്കാം. എന്തുപറയുന്നു എന്നതുമാത്രമല്ല, എങ്ങനെ പറയുന്നു എന്നതും ഒരു പോലെ പ്രസക്തമാണ്. വാളുകൊണ്ടുമുറിഞ്ഞാല്‍ നമുക്ക് മരുന്ന് വെക്കാം.. പക്ഷേ, വാക്കുകൊണ്ട് മുറിഞ്ഞാല്‍ അതൊരു വ്രണമായി ആയുസ്സ് മുഴുവന്‍ നിലനില്‍ക്കും. നമ്മുടെ വാക്കുകള്‍ കേള്‍ക്കുന്നവരുടെ കണ്ണില്‍ തെളിച്ചമുണ്ടാകുന്നതാകട്ടെ, ഒരു പടി മുന്നോട്ട് പോകാനുളള ആത്മവിശ്വാസമുണ്ടാകുന്നതാകട്ടെ. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *