മണിപ്പൂരിൽ ഇപ്പോഴും പ്രശ്നങ്ങൾ തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂരിൽ പ്രശ്നബാധിത മേഖലകളിൽ ജനങ്ങളെ കണ്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തതിലുള്ള അതൃപ്തി മണിപ്പൂര്‍ ഗവര്‍ണറെ അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കേണ്ടത് വളരെ പ്രധാനമാണ്. മണിപ്പൂർ ഇന്ത്യയുടെ ഭാഗമാണ്. കോൺഗ്രസ് എല്ലാ തരത്തിലും സഹകരിക്കാൻ തയ്യാറാണെന്നും രാഹുൽ ഗാന്ധി അറിയിച്ചു.

നീറ്റ് പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പേ ചോദ്യപേപ്പർ ടെലഗ്രാമിൽ പ്രചരിച്ചുവെന്ന് ഹർജിക്കാർ സുപ്രീം കോടതിയിൽ. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് ഹർജിക്കാർ കൃത്യവിലോപം ചൂണ്ടിക്കാട്ടിയത്. നീറ്റ് കേസ് സംഘടിതമായ തട്ടിപ്പാണ്. 67 പേർക്ക് ഒന്നാം റാങ്ക് എന്നത് അസാധാരണമാണ്. എൻടിഎ വിശദീകരണങ്ങൾ വിശ്വസനീയമല്ല.രാജ്യത്തെ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമായിട്ടും ഒരു പോസ്റ്റിവ് നടപടിയും എൻടിഎയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

കോഴിക്കോട്ടെ പ്രാദേശിക നേതാവ് പ്രമോദ് കോട്ടൂളിക്കെതിരെ പിഎസ്‍സി അംഗത്വത്തിന് കോഴ വാങ്ങിയ സംഭവത്തിൽ നടപടി ഉടൻ ഉണ്ടാകും. ജില്ലാ സെക്രട്ടറിയേറ്റ്തെരഞ്ഞെടുപ്പിന് മുമ്പ് നിയോഗിച്ച നാലംഗ കമ്മീഷൻ അന്വേഷണം പൂർത്തിയാക്കിയിരുന്നു. വിവാദത്തിൽ മന്ത്രി റിയാസിന്റെ പേര് ഉയർന്നുവന്നത് ജില്ലയിലെ പാർട്ടി ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നാണ് സൂചന. പിഎസ്‍സി അംഗത്വത്തിന് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും താൻ ആരോടും പണം വാങ്ങിയിട്ടില്ലെന്ന് പ്രമോദ് കോട്ടൂളി പറഞ്ഞു.

ആന്റി സ്‌നേക്ക് വെനം നല്‍കുന്ന ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.പാമ്പ് കടിയേറ്റവരുടെ ചികിത്സയ്ക്കായുള്ള ആന്റി സ്‌നേക്ക് വെനം നൽകുന്ന ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഉള്ള ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കണം. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

മോട്ടോര്‍‌ വാഹന നിയമം ലംഘിച്ച് ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി.സീറ്റ് ബെൽറ്റ് ധരിക്കാതെ നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പിൽ യാത്ര ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. വയനാട്ടിൽ യാത്ര നടത്തുന്ന ദൃശ്യങ്ങൾ ആകാശ് തില്ലങ്കേരി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.നിയമലംനങ്ങൾക്കെതിരെ വടിയെടുക്കുന്ന മോട്ടോർ വാഹന വകുപ്പ് ആകാശ് തില്ലങ്കേരിക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം.

ആകാശ് തില്ലങ്കേരി നിയമംലംഘിച്ച് നടത്തിയ ജീപ്പ് യാത്രക്കെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്‌. പനമരം ആർടിഓയ്ക്കാണ് കണ്ണൂരിലെ യൂത്ത് കോൺഗ്രസ്‌ നേതാവ് ഫർസീൻ മജീദ് പരാതി നൽകിയത്. ആകാശ് തില്ലങ്കേരിയ്ക്കെതിരെ നടപടി എടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കുടിവെള്ള വിതരണരംഗത്ത് മാറ്റം ഉണ്ടാക്കേണ്ട ജലജീവന്‍ മിഷനെ സംസ്ഥാന സര്‍ക്കാര്‍ തട്ടിക്കൂട്ട് പദ്ധതിയാക്കിയെന്ന് വിഡി സതീശൻ. നിയമസഭയിൽ വാക്കൗട്ട് പ്രസംഗത്തിലായിരുന്നു അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. അത്തരമൊരു വലിയ പദ്ധതി കെടുകാര്യസ്ഥതയും ഏകോപനമില്ലായ്മയും രൂക്ഷമായ ധനപ്രതിസന്ധിയും കൊണ്ട് ഇല്ലാതാക്കിയത് പൊതുസമക്ഷത്തില്‍ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് ഇതിൽ അനൂപ് ജേക്കബ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ പ്രസിഡന്‍റ് എസ് ഭാസുരാംഗൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കണ്ടല സ്വദേശി അയ്യപ്പൻ നായരുടെ പരാതിയിൽ മാറനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെയായിരുന്നു ഹർജി. ബാങ്കിനെ തകർച്ചയിലേക്ക് നയിച്ച 100 കോടിയുടെ തട്ടിപ്പാണ് നടന്നതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. ഭാസുരാംഗനും മകനും നിലവിൽ റിമാൻഡിലാണ്.

തിരുവമ്പാടിയിൽ വൈദ്യുത ബന്ധം വിച്ഛേദിച്ച സംഭവത്തിൽ കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകറിനെതിരെ വിമർശനവുമായി സിപിഎം . ബിജു പ്രഭാകർ ചെയ്ത കുറ്റം സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്നു സിപിഎം തിരുവമ്പാടി ഏരിയ സെക്രട്ടറി വികെ വിനോദ് പറഞ്ഞു. തിരുവമ്പാടിയിൽ നടന്ന എൽഡിഎഫ് പൊതുയോഗത്തിലാണ് വിനോദിന്റെ പരാമർശം.

ആലപ്പുഴജില്ലയിലെ സിപിഎമ്മിലുള്ള കളകൾ പറിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ . സിപിഎം ആലപ്പുഴ ജില്ലാ തല റിപ്പോർട്ടിങ്ങിലാണ് ഗോവിന്ദന്‍റെ മുന്നറിയിപ്പ്. പുന്നപ്ര വയലാറിന്‍റെ മണ്ണിലാണ് “കളകൾ ” ഉള്ളത്.അവരെ ഒഴിവാക്കുന്നതിന്‍റെ പേരിൽ എന്ത് നഷ്ടം ഉണ്ടായാലും പാര്‍ട്ടിക്ക് പ്രശ്നമല്ലെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

പൗരത്വ ഭേദഗതിക്കെതിരായ സമരത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത്835 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് മന്ത്രി വി അബ്ദുൽ റഹ്മാൻ. ഇതിൽ 194 കേസുകൾ കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. 84 കേസിൽ നിരാക്ഷേപപത്രം നൽകിയിട്ടുണ്ട്. 259 കേസുകൾ തീർപ്പായി. 262 കേസുകൾ പൊതു അടിസ്ഥാനത്തിൽ അവസാനിപ്പിച്ചുവെന്നും ഒരു കേസാണ് ഇനി അവശേഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷമുൾപ്പെടെ വിമർശനവുമായി രം​ഗത്തെത്തിയതിനെ തുടർന്നാണ് കേസിലെ നടപടികളെക്കുറിച്ചുള്ള മന്ത്രിയുടെ വിശദീകരണം.

കെ.എം മാണിയോള്ള വിരോധമാണ് കാരുണ്യ പദ്ധതിയെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊല്ലാക്കൊല ചെയ്തെന്നും, ഇത് കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഉമ്മന്‍ചാണ്ടിയുടേയും കെ.എംമാണിയുടേയും ആത്മാവിനെ കുത്തിനോവിക്കുന്ന സമീപനമാണ് കാരുണ്യ പദ്ധതിയോട് സര്‍ക്കാര്‍ തുടര്‍ച്ചയായി കാട്ടുന്ന അവഗണന എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്.എൻ.ഡി.പി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. കേസ് അന്വേഷിക്കുന്ന വിജിലൻസ് എസ്.പിയോടാണ് കോടതി ഉത്തരവിട്ടത്. എസ്.എൻ.ഡി.പി യൂണിയൻ ശാഖകള്‍ വഴി നടത്തിയ മൈക്രോ ഫിനാൻസ് തട്ടിപ്പില്‍ 15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വി.എസിൻ്റെ പരാതി.

സന്നദ്ധ സംഘടന നാദാപുരം പൊലീസ് സ്റ്റേഷനില്‍ കുടകള്‍ നല്‍കിയതിനെതിരെ പരാതിയുമായിഡിവൈഎഫ്ഐ. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയില്‍ നിന്നാണ് കുടകള്‍ നാദാപുരം എസ്.ഐ സ്വീകരിച്ചതെന്നാണ് പരാതി. എസ്.ഐക്കെതിരെ നടപടി വേണമെന്നും ഡിവൈഎഫ്ഐ പറയുന്നു. അതേസമയം പൊലീസ് സ്റ്റേഷനിലെ പൊതുവായ ആവശ്യത്തിനാണ് കുടകൾ സ്വീകരിച്ചതെന്ന് പൊലീസ് വിശദീകരിച്ചു.

വിദ്യാർഥിനിയെ കടന്നു പിടിച്ചെന്ന പരാതിയിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സിൻഡിക്കറ്റ് അംഗത്തിനെതിരെ പൊലീസ് കേസ്. ഇടത് നേതാവ് കൂടിയായ പി.കെ ബേബിക്കെതിരെയാണ് കളമശേരി പൊലീസ് കേസെടുത്തത്. കുസാറ്റിലെ കലോത്സവത്തിനിടെ തന്നെ കടന്നുപിടിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി.

എസ്എഫ്ഐയെ വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി. രഞ്ജിഷ് ടിപി കല്ലാച്ചി എന്ന സിപിഎം പ്രവർത്തകനാണ് ബിനോയ് വിശ്വത്തിനെതിരെ രംഗത്തെത്തിയത്. നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ ബിനോയ് വിശ്വം എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുതെന്നാണ് സിപിഎം പ്രവർത്തകന്റെ ഭീഷണി.

തൃപ്പൂണിത്തറയിൽ കെ ബാബുവിന്‍റെ വിജയം അംഗീകരിച്ച ഹൈക്കോടതി വിധിയെ പുകഴ്ത്തി സുപ്രീംകോടതി. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് കോടതി വിധി പറഞ്ഞതെന്നും കൃത്യമായ പഠനം ജഡ്ജി നടത്തിയിട്ടുണ്ടെന്നും ജസ്റ്റി്സ് സൂര്യകാന്ത് പരാമർശിച്ചു. വിധി എഴുതിയ ജഡ്ജിയെ അഭിനന്ദിക്കുന്നതായും ബെഞ്ച് വ്യക്തമാക്കി.

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ 31ാം പ്രതി പ്രദീപിന് സുപ്രീം കോടതി സാവകാശം അനുവദിച്ചു. ഇതോടെ അപ്പീൽ നടപടികളുമായി പ്രദീപിന് മുന്നോട്ട് പോകാനാവും. കേസിൽ ഇയാൾക്ക് ഹൈക്കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇയാളോട് 15000 രൂപ ബോണ്ടായി വിചാരണ കോടതിയിൽ കെട്ടിവയ്ക്കാൻ സുപ്രീം കോടതി നിര്‍ദ്ദേശം നൽകി.

മഹാരാഷ്ട്രയിലെ പൂനെയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് പൊലീസുകാർ മരിച്ചു. ഇന്നലെ രാത്രി നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെയാണ് പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ചത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഇരുവരെയും തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മഴ കനത്തതോടെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടു. കാലാവസ്ഥ മോശമായതോടെ നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. മുംബൈയിൽ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങൾഅഹമ്മദാബാദ്, ഹൈദരാബാദ്, ഇൻഡോർ വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ച് വിടുകയുംചെയ്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍‍ട്ട് ചെയ്യുന്നത്.

പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് സ്വാമി അവിമുക്തേശ്വരാനന്ദ. ജ്യോതിര്‍മഠത്തിലെ 46-ാമത് ശങ്കരാചാര്യയാണ് ഇദ്ദേഹം.രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഹിന്ദുമതത്തെ ആക്ഷേപിക്കുന്നതല്ലെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ പറഞ്ഞു. ഞങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മുഴുവനും കേട്ടു. അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്, ഹിന്ദുമതത്തില്‍ അക്രമത്തിന് യാതൊരു സ്ഥാനവുമില്ലെന്ന്. രാഹുലിന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അതിന് ഉത്തരവാദികളെ ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *