തൃശ്ശൂരില്‍ ബിജെപിയെ പിന്തുണച്ചവര്‍ ഇനിയെങ്കിലും ചെയ്തത് ശരിയായോ എന്ന് ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവസരവാദത്തിനും തങ്ങളുടെ താല്പര്യം സംരക്ഷിക്കാനുമാണ് അവര്‍ ഈ നിലപാട് എടുത്തതെന്നും നാടിന്റെ സംസ്‌കാരത്തിന് ചേരാത്ത നിലപാടാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലീം ലീഗിന്റെ മുഖം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും അത് ജമാ-അത്തെ ഇസ്ലാമിയുടേതും എസ്ഡിപിഐയുടെയും മുഖമായി മാറുന്നുവെന്നും വിജയത്തില്‍ യുഡിഎഫിന് ആഹ്ലാദിക്കാന്‍ വകയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുന്നോക്ക സമുദായങ്ങള്‍ക്ക് നീതി നല്‍കാതെ അകറ്റി നിര്‍ത്തുകയാണ് ഇരു സര്‍ക്കാരുകളും ചെയ്യുന്നതെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ വര്‍ഗീയ സ്പര്‍ദ്ധ പടര്‍ത്തുന്നതാണെന്നും തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ ഇനിയും തിരിച്ചടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബജറ്റിന് മുന്നോടിയായുള്ള ദില്ലിയിലെ ധനമന്ത്രിമാരുടെ യോഗത്തില്‍ സില്‍വര്‍ ലൈന് അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് വീണ്ടും കേരളം. വര്‍ധിച്ച് വരുന്ന റെയില്‍ ഗതാഗത ആവശ്യങ്ങള്‍ കുറ്റമറ്റ രീതിയില്‍ നിറവേറ്റാന്‍ നിലവിലെ സംവിധാനങ്ങള്‍ക്ക് കഴയുന്നില്ലെന്നും കേരളം പറഞ്ഞു.
കേരളത്തിന് 24000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പുതിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ പരിഹരിക്കാന്‍ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടുവെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പണം അനുവദിക്കണമെന്ന് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരെ കോഴിക്കോട് കെഎസ്യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നിന്നും മുഖ്യമന്ത്രി കോഴിക്കോട് ബീച്ചിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. രണ്ട് കെഎസ്യു പ്രവര്‍ത്തകരെയും 2 എംഎസ്എഫ് പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തതായാണ് വിവരം.
ടിപി കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കെകെ രമ എംഎല്‍എ. പ്രതികള്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും ഭീഷണിപ്പെടുത്തുന്നുവെന്നും ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനമാണ് ഈ നീക്കമെന്നും കുറ്റപ്പെടുത്തി.
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത നാല് നേതാക്കളെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, മുന്‍ ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയ, മുന്‍ ഉദുമ മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണന്‍ പെരിയ എന്നിവരെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. പെരിയ ഇരട്ടക്കൊലക്കേസ് പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ തനിക്കെതിരെ എടുത്ത നടപടി ഏകപക്ഷീയമെന്ന് കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ. കല്യാണത്തില്‍ പങ്കെടുത്തതില്‍ ജാഗ്രത കുറവില്ല. നടപടി ഏകപക്ഷീയമാണെന്നും പുറത്താക്കല്‍ തീരുമാനത്തിനു പിന്നില്‍ ഉണ്ണിത്താനോടുള്ള ഭയമാണെന്നും ബാലകൃഷ്ണന്‍ ആരോപിച്ചു.
വിലക്കയറ്റത്തില്‍ ജനം നട്ടം തിരിയുമ്പാള്‍ സാധാരണക്കാര്‍ക്ക് സപ്ലൈകോയിലും ആശ്വാസമില്ല. പഞ്ചസാരയടക്കം സബ്സിഡി സാധനങ്ങള്‍ മാസങ്ങളായി കിട്ടാനില്ലാത്ത സ്ഥിതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരാതികള്‍ രൂക്ഷമാകുന്നതിനിടയിലും സപ്ലൈകോയുടെ അമ്പതാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. പഞ്ചസാരയുള്‍പ്പെടെ സബ്‌സിഡി സാധനങ്ങള്‍ പലതും മാസങ്ങളായി ഔട്ട്ലെറ്റില്‍ വന്നിട്ടിലെലന്നാണ് പരാതി. അതേസമയം അനാവശ്യ പ്രചരണം സപ്ലൈകോയെ ബാധിച്ചെന്ന് ഭക്ഷ്യ സിവില്‍ സ്പ്ലൈസ് മന്ത്രി ജി.ആര്‍.അനില്‍ പ്രതികരിച്ചു. 11 കോടി രൂപയുടെ കച്ചവടം ഉണ്ടായിരുന്ന സപ്ലൈകോയുടെ വിറ്റുവരവ് ഇപ്പോള്‍ മൂന്ന് കോടിയിലേക്കും രണ്ടു കോടിയിലേക്കും താഴ്ന്നതായി മന്ത്രി പറഞ്ഞു.
ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ ചാലക്കുടി വലതുകര കനാല്‍ പുനരുദ്ധാരണത്തിലെ അഴിമതിക്കേസിലെ 44 പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് തൃശൂര്‍ വിജിലന്‍സ് കോടതി. മൂന്നുവര്‍ഷം തടവും രണ്ട് ലക്ഷം വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മുതല്‍ കരാറുകാരന്‍ വരെയുള്ളവരെയാണ് ശിക്ഷിച്ചത്. രണ്ടുപതിറ്റാണ്ട് മുമ്പു നടന്ന അഴിമതിക്കേസില്‍ 51 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ആറുപേര്‍ വിചാരണ ഘട്ടത്തില്‍ മരിച്ചു. ഒരാളെ കുറ്റവിമുക്തനാക്കി.
രാജ്യത്ത് ഉഷ്ണ തരംഗത്തെ തുടര്‍ന്ന് തക്കാളി വില കുതിക്കുന്നു. നേരത്തെ കിലോയ്ക്ക് 35 രൂപയ്ക്ക് വിറ്റിരുന്ന തക്കാളി ഇപ്പോള്‍ 80 രൂപയിലേക്കാണ് കുതിച്ചിരിക്കുന്നത്. അതേസമയം കേരളത്തില്‍ ഉടന്‍ 100 രൂപയിലെത്തുമെന്നാണ് പ്രവചനം.
ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാളെ അര്‍ദ്ധരാത്രി മുതല്‍ മില്‍മയുടെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി സമരത്തിനിറങ്ങുന്നു. മില്‍മ മാനേജ്മെന്റിന് വിഷയത്തില്‍ നോട്ടീസ് നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ചയ്ക്ക് വിളിച്ചില്ലന്നാണ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്.
ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടി പൂര്‍ണമാവുന്നതിന് മുന്‍പ് പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ പ്രതിഷേധവുമായി കോളവിരുദ്ധ സമര സമിതി. നഷ്ടപരിഹാരത്തില്‍ തീരുമാനമാകാതെ കോള കമ്പനിയുടെ ഭൂമി ഏറ്റെടുത്ത് മറ്റ് കമ്പനികള്‍ക്ക് കൈമാറുന്നത് ജനവിരുദ്ധമാണെന്നാണ് പരാതി. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെയും കോലം കത്തിച്ചായിരുന്നു പ്രതിഷേധം.
ബിലീവേഴ്‌സ് ഈസ്റ്റണ്‍ സഭാ അദ്ധ്യക്ഷനായി സാമുവല്‍ മാര്‍ തെയോഫിലോസ് ചുമതലയേറ്റു. ദില്ലി ഭദ്രാസനാധിപന്‍ ജോണ്‍ മാര്‍ ഐറേനിയസ് മുഖ്യ കാര്‍മികത്വം വഹിച്ച ചടങ്ങില്‍ വിവിധ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്ഥാന ചിഹ്നങ്ങള്‍ കൈമാറി തിയോഫിലോസിനെ സഭ അധ്യക്ഷനായി വാഴിച്ചു. സമൂഹ നന്മയ്ക്കായി അത്തനേഷ്യസ് യോഹാന്‍ കാണിച്ചു തന്ന മാതൃക താനും പിന്തുടരുമെന്ന് തെയോഫിലോസ് പറഞ്ഞു.
55 പേര്‍ മരിച്ച തമിഴ്നാട് കള്ളക്കുറിച്ചി മദ്യദുരന്തത്തിലെ പ്രധാന പ്രതിയെന്ന് കരുതുന്ന, വിഷമദ്യം ആളുകള്‍ക്ക് വിതരണം ചെയ്ത ചിന്നദുരൈ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യദുരന്തമുണ്ടായ കരുണപുരത്ത് ഇയാളാണ് വിഷ മദ്യം വിതരണം ചെയ്തതെന്നാണ് പൊലീസ് നിഗമനം.
നടന്‍ ദളപതി വിജയിയുടെ പിറന്നാള്‍ ആഘോഷത്തിനിടെ കയ്യില്‍ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കാന്‍ ശ്രമിച്ച കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. ചെന്നൈയിലെ നീലംഗരൈയിലാണ് സംഭവം. അടുത്തിടെ വിജയ് ആരംഭിച്ച തമിഴക വെട്രി കഴകത്തിന്റെ നേതൃത്തില്‍ നടന്ന ആഘോഷ പരിപാടിക്കിടെ ആയിരുന്നു അപകടം. കയ്യില്‍ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ ദേഹത്തേക്ക് തീ പടര്‍ന്ന് പിടിക്കുകയായിരുന്നു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നല്‍കിയ മുഖ്യ പുരോഹിതന്‍ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് (86) അന്തരിച്ചു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
യുഎസ് കോളേജുകളില്‍ നിന്ന് ബിരുദം നേടുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ മാതൃ രാജ്യങ്ങളിലേക്ക് മടങ്ങുന്നത് തടയാന്‍ ഓട്ടോമാറ്റിക് ഗ്രീന്‍ കാര്‍ഡ് നല്‍കുമെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ വന്ന് ബിരുദം നേടിയ ശേഷം ഇന്ത്യയിലേക്കും ചൈനയിലേക്കും മടങ്ങുന്നവര്‍ അവരുടെ രാജ്യത്ത് സംരംഭങ്ങള്‍ തുടങ്ങി കോടീശ്വരന്മാരാകുകയും ആയിരങ്ങള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുകയാണെന്ന് ട്രംപ് പറഞ്ഞു. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, കണക്ക് മേഖലയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് ബിരുദം നേടുന്നവര്‍ക്ക് ഈ രാജ്യത്ത് തുടരാന്‍ കഴിയണമെന്നും ട്രംപ് പറഞ്ഞു.
പലസ്തീനിലെ റഫയില്‍ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെ വെള്ളിയാഴ്ച ഇസ്രായേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും കൊട് ക്യാമ്പുകള്‍ നിറഞ്ഞിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. മെഡിറ്ററേനിയന്‍ തീരത്തെ ഗ്രാമപ്രദേശമായ മുവാസിയിലെ സമീപമുള്ള സ്ഥലങ്ങളില്‍ ഇസ്രായേല്‍ മുമ്പ് ബോംബാക്രമണം നടത്തിയിരുന്നു.