ഹോര്‍മോണ്‍ സന്തുലനം നിലനിര്‍ത്തേണ്ടതിനും കോശങ്ങളുടെ വളര്‍ച്ചയ്ക്കും പേശികളുടെ ബലത്തിനും ശരീരത്തില്‍ പ്രോട്ടീന്‍ കൂടിയേ തീരൂ. എന്നാല്‍ പ്രോട്ടീന്റെ അളവു കൂടിയാല്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുക, തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അതുകൊണ്ട് പ്രോട്ടീന്റെ അളവു കൃത്യമായി ശരീരത്തില്‍ നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. പ്രായം, ലിംഗഭേദം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ശരീരത്തില്‍ എത്രട്ടോളം പ്രോട്ടീന്‍ ആവശ്യമാണെന്ന് തീരുമാനിക്കുന്നത്. മുതിര്‍ന്ന ഒരാള്‍ക്ക് ഒരു കിലോഗ്രാം ശരീരഭാരത്തിന് ഏകദേശം 0.8 ഗ്രാം പ്രോട്ടീന്‍ ആണ് ഡയറ്ററി അലവന്‍സ് ശുപാര്‍ശ ചെയ്യുന്നത്. ഒന്ന് മുതല്‍ മൂന്ന് വരെ പ്രായമായ കുട്ടികള്‍ക്ക് ദിവസവും 13 ഗ്രാം പ്രോട്ടീന്‍ ആവശ്യമാണ്. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് 46 ഗ്രാമും ആണ്‍കുട്ടികള്‍ക്ക് 52 ഗ്രാം പ്രോട്ടീനുമാണ് ദിവസവും നല്‍കേണ്ടത്. കൂടാതെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതനുസരിച്ചും പ്രോട്ടീന്‍ അകത്തേക്ക് എടുക്കേണ്ട അളവില്‍ വ്യത്യാസം വരും. കായിക രംഗത്തുള്ളവര്‍ തങ്ങളുടെ ഒരു കിലോഗ്രാം ശരീരഭാരത്തിന് ഏകദേശം 1.2 മുതല്‍ 2.0 ഗ്രാം വരെ പ്രോട്ടീന്‍ സ്വീകരിക്കേണ്ടതുണ്ട്. ഗര്‍ഭിണികള്‍, കുട്ടിയുടെ വളര്‍ച്ച അനുസരിച്ച് 25 ഗ്രാം അധിക പ്രോട്ടീന്‍ കഴിക്കണമെന്നും ന്യൂട്രീഷന്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മാംസം, മീന്‍, മുട്ട, പാല്‍, ബീന്‍സ്, നട്സ്, വിത്തുകള്‍ എന്നിവയിലെല്ലാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പേശികളുടെ കരുത്തിനും വളര്‍ച്ചയ്ക്കും വ്യായാമം ചെയ്ത ശേഷം 30 മിനിറ്റ് മുതല്‍ രണ്ട് മണിക്കൂര്‍ വരെ പ്രോട്ടീന്‍ കഴിക്കുന്നത് ആരോഗ്യകരമാണ്. കായകരംഗത്തുള്ളവര്‍ക്കും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഈ രീതി ഗുണം ചെയ്യും.