mid day hd 1

കൊവിഷീല്‍ഡ് വാക്സീന്‍ വിവാദത്തിനിടെ കോവിഡ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം നീക്കം ചെയ്തതെന്നാണ് വിശദീകരണം.ഇന്ത്യയിൽ കൊവിഡ് വാക്സീൻ സ്വീകരിക്കുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഇന്ത്യ ഒരുമിച്ച് കോവിഡ്19 നെ പരാജയപ്പെടുത്തും എന്നെഴുതിയതിനോടൊപ്പം മോദിയുടെ ചിത്രവും മന്ത്രാലയം ഉൾപ്പെടുത്തിയിരുന്നു. ഇപ്പോൾ വാക്സിൻ സ്വീകരിച്ച വ്യക്തിയുടെ വിവരങ്ങളോടൊപ്പം ഈ വാക്കുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിൽ അവതരിപ്പിച്ച കൊവിഡ് വാക്സീന് ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.

 

വിവിധ ജില്ലകളിലെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് കേന്ദ്രങ്ങള്‍ ഡ്രൈവിങ് സ്കൂള്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചതോടെ ഇന്ന് മുതല്‍ നടപ്പാക്കാനിരുന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നടപ്പായില്ല.   സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർന്നതോടെ ടെസ്റ്റ് നിർത്തിവച്ചിരിക്കുകയാണ്. പലയിടത്തും ഗ്രൗണ്ട് അടച്ചുകെട്ടിയ ഡ്രൈവിങ് സ്കൂൾ ഉടമകൾ വാഹനങ്ങൾ കടത്തിവിട്ടില്ല. അപ്രായോഗിക നിർദേശമാണെന്നും നടപ്പാക്കാനാകില്ലെന്നുമാണ് ഡ്രൈവിങ് സ്കൂളുകാരുടെ നിലപാട്.  എന്നാൽ പ്രതിഷേധം കണ്ട് പിന്‍വാങ്ങില്ലെന്നും പരിഷ്കരണവുമായി മുന്നോട്ടുപോകുമെന്നുമാണ് മന്ത്രി കെബി ഗണേഷ്കുമാറിന്‍റെ പ്രതികരണം. പ്രതിഷേധത്തെ തുടർന്ന് പലയിടത്തും ടെസ്റ്റ് നടത്താനാകാതെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തിരികെ പോയി.

 

ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങളിൽ ഗതാഗതകമ്മീഷണർ സർക്കുലർ ഇറക്കാത്തതിനാൽ ആകെ ആശയക്കുഴപ്പമെന്ന് പരാതി.  പ്രതിദിനം എത്ര ടെസ്റ്റുകള്‍ നടത്തണമെന്ന കാര്യത്തിലാണ് ആര്‍ടിഒമാര്‍ക്കിടയിൽ ആശയക്കുഴപ്പം തുടരുന്നത്. നേരത്തെ പ്രതിദിനം 30  ലൈസന്‍സ് ടെസ്റ്റുകള്‍ നടത്താനുള്ള സര്‍ക്കുലറാണ് ഇറക്കിയിരുന്നത്. എന്നാല്‍, ഇത് വിവാദമായതിനെതുടര്‍ന്ന് ചില ഇളവുകള്‍ മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സര്‍ക്കുലറായി ഇറക്കിയിരുന്നില്ല.  അതിനാൽ ഫെബ്രുവരിയിൽ ഇറങ്ങിയ സർക്കുലറിൽ ടെസ്റ്റ് നടത്താനായിരുന്നു മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥ സംഘടനയുടെ തീരുമാനം.

മലപ്പുറത്ത് ഡ്രൈവിംഗ് സ്കൂൾ മാഫിയ സംഘം പ്രവർത്തിക്കുന്നുവെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പരാമർശത്തിനെതിരെ സിഐടിയു. ഗതാഗത മന്ത്രി നടത്തിയത് വംശീയ പരാമർശമാണെന്നും മലപ്പുറം എന്ന പേര് കേൾക്കുമ്പോൾ തന്നെ പലർക്കുമുണ്ടാകുന്ന വൈഷമ്യം മന്ത്രിക്കുമുണ്ടെന്നും സിഐടിയു മലപ്പുറം ജില്ലാ സെക്രട്ടറി പ്രതികരിച്ചു.  ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിനെതിരെ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധമുണ്ട്. അതിൽ മലപ്പുറത്തെ മാത്രം എന്തിനാണ് അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കാസർകോട് ഗ്രൗണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ അനിശ്ചിത കാലത്തേക്ക് നിർത്തി വച്ചു. കൊവിഡ് 19 മൂലമെന്ന വിചിത്ര കാരണമാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. എന്നാൽ പിന്നീട് ഇതിന്റെ  വിശദീകരണവുമായി ആര്‍ടിഒ രംഗത്തു വന്നു.   കൊവിഡ് 19 മൂലമെന്ന എസ് എം എസ് വന്നത് സാങ്കേതിക പിഴവ് ആണെന്നും, ടെസ്റ്റ് ഗ്രൗണ്ടിൽ സംവിധാനങ്ങൾ ഒരുക്കാനുള്ള കാലതാമസമാണ് ടെസ്റ്റുകൾ റദ്ദാക്കാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

മേയറും കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറും തമ്മിലുള്ള തർക്കത്തിനു പിന്നാലെ സിസിടിവിയുടെ ദൃശ്യങ്ങള്‍ സ്റ്റോര്‍ ചെയ്യുന്ന മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ വെച്ചാണ് മെമ്മറി കാര്‍ഡ് നഷ്ടമായതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.മെമ്മറി  കാര്‍ഡ് കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം.

തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ബസിനുള്ളിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മേയറുടെ ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവ് ബസിനുള്ളില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനില്‍ക്കെയാണ് മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായത്. ദൃശ്യങ്ങള്‍ പുറത്തു വന്നാല്‍ തങ്ങളുടെ വാദങ്ങള്‍ പൊളിയുമെന്ന ആശങ്കയില്‍ മെമ്മറി കാര്‍ഡ് ബോധപൂര്‍വം എടുത്തു മാറ്റുകയും നശിപ്പിക്കുകയും ചെയ്തതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  മേയര്‍ക്കും എംഎല്‍എയ്ക്കും കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും ഒരേ നിയമമാണെന്ന് മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേയർ ആര്യ രാജേന്ദ്രന്‍റെ ഭര്‍ത്താവും എംഎല്‍എയുമായ സച്ചിൻ ദേവ് ബസില്‍ കയറിയെന്ന് എഎ റഹീം എംപി സ്ഥിരീകരിച്ചു. എന്നാല്‍ സച്ചിൻ ബസില്‍ കയറിയെങ്കിലും യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും  തനിക്ക് കൂടി ടിക്കറ്റ് നല്‍കാൻ കണ്ടക്ടറോട് ആവശ്യപ്പെട്ടശേഷം ബസ് ഡിപ്പോയിലേക്ക് പോകട്ടെയെന്നാണ് സച്ചിൻ പറഞ്ഞതെന്നും എഎ റഹീം പറഞ്ഞു.

 

കെഎസ്ആര്‍ടിസിഡ്രൈവർ യദു നൽകിയ പരാതി അന്വേഷിക്കാൻ സിറ്റി പൊലീസ് കമ്മീഷണർ കന്‍റോണ്‍മെന്‍റ് എസിപിക്ക് നിർദേശം നൽകി. പരാതിയിൽ കഴമ്പുണ്ടെങ്കിലേ കേസ് എടുക്കൂ എന്നാണ് സൂചന. അതേസമയം മേയറുടെ പരാതിയിലെ സൈബർ ആക്രമണ കേസുകളിൽ വൈകാതെ അറസ്റ്റ് ഉണ്ടാകും.

മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് വര്‍ധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ 30ശതമാനം സീറ്റും ഏയ്ഡഡ് സ്കൂളില്‍ 20ശതമാനം സീറ്റുമായിരിക്കും വര്‍ധിപ്പിക്കുക. സീറ്റ് ക്ഷാമം മൂലം മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് സാധിക്കാത്ത തരത്തിലുള്ള പ്രതിസന്ധി മുന്‍ വര്‍ഷങ്ങളിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ പ്രവേശന നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സീറ്റ് വര്‍ധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

സംസ്ഥാനത്ത് കടുത്ത ചൂട് തുടരും. പാലക്കാട് താപനില 40 ഡിഗ്രി സെല്‍സ്യസ് വരെ ഉയർന്നേക്കാം. എല്ലാ ജില്ലകളിലും താപനില 35 ഡിഗ്രിക്ക് മുകളില്‍ എത്താൻ സാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കനത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം നാല് മണി വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു. കായികപരിശീലനം, വിവിധ സെലക്ഷൻ ട്രയൽസ് എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. കടുത്ത ചൂടു തുടരുന്നതു വരെ നിയന്ത്രണം നിലനിൽക്കും. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ കായിക താരങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.

കണ്ണൂർ വിമാനത്താവളത്തിന്റെ മൂന്നാം ഗേറ്റിനടുത്ത് ഇന്നലെ രാത്രി ബിഎസ്എഫ് സംഘം വന്യജീവിയെ കണ്ടതായി റിപ്പോർട്ട്.  ഇന്ന് രാവിലെ വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും പാതി തിന്ന നിലയിൽ നായയുടെ ജഡവും കണ്ടെത്തി. പ്രദേശത്ത് ക്യാമറ സ്ഥാപിക്കാൻ വനം വകുപ്പ്  നടപടികൾ തുടങ്ങി.

പാലക്കാട് രാമശേരിയിലെ കരിങ്കൽ ക്വാറിയിൽ  നിന്ന് മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി.  മീൻ പിടിക്കാൻ വന്ന കുട്ടികളാണ് തലയോട്ടി കണ്ടത്. ക്വാറിയിൽ ഫയര്‍ഫോഴ്സിന്‍റെ സ്കൂബ ഡൈവിങ് ടീം എത്തി പരിശോധന ആരംഭിച്ചു. മറ്റു ശരീരഭാഗങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് പരിശോധന.

 

തമിഴകത്തിന്റെ ​ഗായിക ഉമ രമണൻ അന്തരിച്ചു. എഴുപത്തി രണ്ട് വയസായിരുന്നു. ചെന്നൈയിൽ വീട്ടിലായിരുന്നു.  ​ഗായകൻ എ വി രമണൻ ആണ് ഭർത്താവ്. വിഘ്നേഷ് ആണ് മകൻ. 1977ൽ ശ്രീകൃഷ്ണലീല എന്ന ​ഗാനത്തോടെയാണ് ഉമ പിന്നണി ​ഗാനരം​ഗത്ത് എത്തുന്നത്.  നൂറോളം ​ഗാനങ്ങൾ ഇളയരാജയ്ക്ക് ഒപ്പം ഉമ പാടിയിട്ടുണ്ട്.

ക്ഷേത്രത്തിൽ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ കലാകാരി മരിച്ചു. അരിമ്പൂർ തണ്ടാശ്ശേരി ജയരാജ് ഭാര്യ സതിയാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇന്നലെ രാത്രി കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്നിരുന്ന കലാപരിപാടികൾക്കിടെ ആയിരുന്നു സംഭവം.

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാതപമേറ്റ് മരണം. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇന്നലെയാണ് സൂര്യതപമേറ്റ് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ടക്ടറുടെ ക്രൂര മർദ്ദനത്തിന് ഇരയായ കരുവന്നൂർ സ്വദേശി പവിത്രൻ ചികിത്സയിലിരിക്കെ മരിച്ചു.  തൃശൂർ –കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന  ബസിൻ്റെ കണ്ടക്ടർ ഊരകം സ്വദേശി കടുകപറമ്പിൽ രതീഷിന്റെ മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ തുടരുകയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ താൻ മത്സരിക്കുമെന്ന് പ്രശസ്ത കൊമേഡിയനും ഹാസ്യനടനുമായ ശ്യാം രംഗീല വ്യക്തമാക്കി. ഈ ആഴ്ച തന്നെ വാരണാസിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും രംഗീല വ്യക്തമാക്കി. നരേന്ദ്ര മോദിയെ വിമർശിച്ചതിന് സൈബർ ആക്രമണം നേരിട്ടിട്ടുള്ള കലാകാരനാണ് ശ്യാം.

യുഎഇയില്‍ കനത്ത മഴ.  ശക്തമായ മഴയെ തുടര്‍ന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം രാജ്യത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അല്‍ ദഫ്ര, അല്‍ സില പ്രദേശങ്ങളിലാണ് കനത്ത മഴ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രാത്രി എട്ടു മണി വരെ അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

തെക്കേ ചൈനയിലെ ഗുആങ്‌ഡോങ് പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് ഹൈവെയുടെ ഒരു ഭാഗം തകർന്ന് വൻ ദുരന്തം. മണ്ണിടിഞ്ഞ് താഴ്ന്ന് കാറുകള്‍  തകര്‍ന്ന് 36 ഓളം പേര്‍ മരിച്ചതായും, 30 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ട്. അപകടത്തെത്തുടർന്ന് ഹൈവേയിൽ നിന്നും കാറുകൾ മണ്ണിനൊപ്പം ഇടിഞ്ഞ് താഴുകയായിരുന്നു. ആഴത്തിലുള്ള കുഴിയിലേക്ക് പതിച്ച 23 വാഹനങ്ങള്‍ കണ്ടെത്തിയതായി മെയ്‌സൊ സിറ്റി സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചയായി ഗുആങ്‌ഡോങ് പ്രവിശ്യയുടെ പല ഭാഗത്തും കന്നത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായിരുന്നു.

ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്. ലൈംഗികാതിക്രമക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് രാജ്യത്തെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഇമിഗ്രേഷൻ പോയന്റുകൾ എന്നിവിടങ്ങളിലാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയത്. വിദേശത്തേക്ക് പോയ പ്രജ്വൽ ഈ സ്ഥലങ്ങളിലിറങ്ങിയാൽ കസ്റ്റഡിയിലെടുക്കാനാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പ്രസിദ്ധീകരിച്ചത്.

 

മുംബൈയിൽ ലഹരി സംഘം പൊലീസുകാരനെ വിഷദ്രാവകം കുത്തിവച്ചു കൊന്നു. വർളി ക്യാമ്പിലെ പോലീസ് കോൺസ്റ്റബിൾ വിശാൽ പവാറാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച മാട്ടുംഗ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. മൂന്ന് ദിവസമായി ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരണം. ലോക്കൽ ട്രെയിനിൽ ജോലിക്കായി പോകുമ്പോൾ തൻ്റെ ഫോൺ തട്ടിയെടുത്തവരെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിശാലിന് നേരെ ആക്രമണം ഉണ്ടായത്.

ദില്ലിയിലെ സ്വകാര്യസ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി സന്ദേശം കിട്ടിയ സംഭവത്തിൽ ഇന്‍റർപോളിന്‍റെ സഹായം തേടാൻ ദില്ലി പൊലീസ്. സ്കൂളുകൾക്ക് ബോംബ് ഭീഷണി എത്തിയത് റഷ്യയിൽ നിന്നുള്ള ഇ-മെയിലിൽ നിന്നാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.  വ്യാജ ഭീഷണി സന്ദേശം അയച്ച ആളെ കണ്ടെത്താൻ ഇന്‍റർപോളിന്‍റെ സഹായം തേടാനൊരുങ്ങുകയാണ് ദില്ലി പൊലീസ്.

ദില്ലിയിൽ വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്‍റ് ഗവർണർ വി കെ സക്സേന. മുൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ അനുവാദം വാങ്ങാതെയാണ് നിയമനം നടത്തിയതെന്ന് പറഞ്ഞാണ് ലഫ്റ്റനന്‍റ് ഗവർണറുടെ നടപടി. കരാറടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ വനിതാ കമ്മിഷൻ അധ്യക്ഷയ്ക്ക് അധികാരമില്ലെന്ന് ലഫ്റ്റനന്‍റ് ഗവർണറുടെ ഉത്തരവിൽ പറയുന്നു.

നടൻ സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. അനുജ് തപൻ ജീവനൊടുക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും കസ്റ്റഡി കൊലപാതകം പൊലീസ് ആത്മഹത്യയായി ചിത്രീകരിക്കുകയാണെന്നും കുടുംബം ആരോപിച്ചു. അനുജിന്റെ മരണത്തിൽ സത്യാവസ്ഥ പുറത്തുവരാൻ പോസ്റ്റ്‌മോർട്ടം മുംബൈക്ക് പുറത്തു നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ജൂതമത വിശ്വാസികൾക്കെതിരായ വംശീയ അധിക്ഷേപം ചെറുക്കാനുള്ള ബില്ലിന് യു എസ് ജനപ്രതിനിധി സഭ പാസാക്കി. ബുധനാഴ്ചയാണ് 91 വോട്ടുകൾക്കെതിരെ 320 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിൽ പാസായത്. ബിൽ സെനറ്റിന്റെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്.

അമേരിക്കൻ സർവകലാശാലകളിൽ പലസ്തീൻ അനുകൂല സമരത്തെ തുടർന്ന് സംഘർഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. യുസിഎൽഎ,  വിസ്കോൺസിൻ എന്നീ സർവകലാശാലകളിൽ പൊലീസുമായി സമരക്കാർ ഏറ്റുമുട്ടിയതിനെ തുടർന്ന് 15 പേർക്ക് പരിക്കേറ്റു. സംഘർഷത്തെ തുടർന്ന് കൊളംബിയ സർവകലാശാലയിൽ സെമസ്റ്റർ പരീക്ഷകൾ റിമോട്ട് അടിസ്ഥാനത്തിലേക്ക് മാറ്റി.  പല സര്‍വകലാശാലകളിലും സംഘര്‍ഷാവസ്ഥ തുടരുകയാണെന്നാണ് റിപ്പോർട്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *