നിർത്തിവെച്ച തൃശ്ശൂർ പൂരം വെടിക്കെട്ട് നാലു മണിക്കൂർ വൈകി ആരംഭിച്ചു. ആദ്യം പാറമേക്കാവിന്റെയും, പിന്നീട് തിരുവമ്പാടിയുടെയും വെടിക്കെട്ട് നടന്നു. മന്ത്രി കെ രാജൻ തൃശ്ശൂർ ജില്ലാ കളക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉത്സവം നടത്തിപ്പുകാരുമായി നടത്തിയ ചർച്ചയിലാണ് പൂരം വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചത്. കൂടാതെ പുലർച്ചെ തന്നെ വെടിക്കെട്ടും നടത്താൻ തീരുമാനിച്ചു. പൊലീസിന്റെ അനാവശ്യമായ ഇടപെടലാണ് പൂരം നടത്തിപ്പിന് തടസ്സം ഉണ്ടാക്കിയതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽകുമാർ പ്രതികരിച്ചു. ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയും രാത്രി തന്നെ തിരുവമ്പാടി ദേവസ്വം ഓഫീസിൽ എത്തിയിരുന്നു.
വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകൾക്കു മുൻപ് തന്നെ പോലീസ് ആളുകളെ തടയുകയായിരുന്നു. പൂരപ്പറമ്പിലെ ലൈറ്റുകൾ അണച്ചാണ് തിരുവമ്പാടി ദേവസ്വം പ്രതിഷേധം അറിയിച്ചത്. ഇതോടെ പൂരം പകുതിക്ക് വെച്ച് അവസാനിപ്പിക്കുകയായിരുന്നു. തിരുവമ്പാടി ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളത്ത് ഒരു ആനയെ വച്ചു മാത്രമായി നടത്തി. ഇതിനുശേഷം പഞ്ചവാദ്യക്കാരും പൂരപ്രേമികളും മടങ്ങി പോവുകയായിരുന്നു. ആനകളെ പന്തലിൽ നിർത്തിക്കൊണ്ട് സംഘാടകരും മടങ്ങി. പൂരം തകർക്കാൻ ശ്രമിച്ചത് പോലീസ് ആണെന്ന് തിരുവമ്പാടി ദേവസ്വം ആരോപിച്ചു.