കൂടുതല്‍ മൂലധനം കണ്ടെത്താനായി 18,000 കോടിയുടെ ഫോളോ ഓണ്‍ പബ്ലിക് ഓഫറുമായി പ്രമുഖ ടെലികോം കമ്പനി വൊഡഫോണ്‍ ഐഡിയ. ഏപ്രില്‍ 18മുതല്‍ എഫ്പിഒയില്‍ പങ്കെടുക്കാം. ഐപിഒയ്ക്ക് ശേഷം കൂടുതല്‍ മൂലധനം കണ്ടെത്താന്‍ കമ്പനികള്‍ അധികമായി ഇറക്കുന്ന ഓഹരികളാണ് എഫ്പിഒ. ഒരു ഓഹരിയ്ക്ക് 10 രൂപ തറവില നിശ്ചയിച്ചാണ് ഓഹരികള്‍ ഇഷ്യു ചെയ്യുന്നത്. പരിധി 11 രൂപയായും നിശ്ചയിച്ചിട്ടുണ്ട്. എഫ്പിഒ ഓഫര്‍ ഏപ്രില്‍ 22ന് അവസാനിക്കും. ആങ്കര്‍ ബിഡുകള്‍ക്ക് ഏപ്രില്‍ 16-ന് അംഗീകാരം ലഭിക്കുമെന്ന് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ കമ്പനി അറിയിച്ചു. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കായുള്ള ആങ്കര്‍ ബിഡുകള്‍ക്ക് ഏപ്രില്‍ 16ന് അംഗീകാരം നല്‍കുമെന്ന് കമ്പനി അറിയിച്ചു. എസ്ബിഐ ക്യാപ്സ്, ആക്സിസ് ക്യാപിറ്റല്‍ അടക്കമുള്ള കമ്പനികളെയാണ് ലീഡ് മാനേജര്‍മാരായി വൊഡഫോണ്‍ ഐഡിയ നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 1,298 ഇക്വിറ്റി ഷെയറുകളുടെ ബിഡ് ലോട്ടിനെങ്കിലും അപേക്ഷിക്കണം. പ്രൈസ് ബാന്‍ഡിലെ ഏറ്റവും ഉയര്‍ന്ന നിരക്കിനെ അടിസ്ഥാനമാക്കിയാല്‍ ഒരു ലോട്ട് ഷെയറിന് 14,278 രൂപ നിക്ഷേപിക്കണം. നിക്ഷേപകര്‍ക്ക് അതിനുശേഷം 1,298 ഓഹരികളുടെ ഗുണിതങ്ങളായും അപേക്ഷിക്കാവുന്നതാണ്.