കേരളത്തിന് 3,000 കോടി രൂപ കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകി. 5000 കോടി രൂപയായിരുന്നു കേരളം മുൻകൂര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, 3000 കോടി രൂപ മാത്രമാണ് കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചത്. നേരത്തേ സംസ്ഥാനത്തിന് 5000 കോടിരൂപ നൽകാമെന്ന കേന്ദ്ര നിർദ്ദേശം കേരളം തള്ളിയിരുന്നു.

പാനൂർ ബോംബ് സ്ഫോടനകേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റിമാൻഡിൽ കഴിയുന്ന  അരുൺ, ഷെബിൻലാൽ, അതിൽ, സായൂജ്, അമൽ ബാബു എന്നീ പ്രതികളാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. സ്ഫോടനത്തിൽ പങ്കില്ലെന്നും സംഭവം കേട്ടറിഞ്ഞ് സ്ഥലത്തെത്തിയതാണെന്നുമാണ് പ്രതികളുടെ വാദം. വെടിമരുന്ന് സമാഹരിച്ചതെങ്ങനെയെന്നതിലെ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

പാനൂർ ബോംബ് സ്ഫോടനക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ചീഫ് ഇലക്ഷൻ കമ്മീഷണർക്ക്എംഎം ഹസ്സൻ കത്ത് നൽകി. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് യുഡിഎഫ്  പ്രവർത്തകരെ ആക്രമിക്കാനായിരുന്നു ബോംബ് നിർമ്മാണം. ബോംബ് നിർമ്മാണം ഭീകര പ്രവർത്തനമാണ്. വടകരയില്‍ ഷാഫിയുടെ വിജയത്തെ സിപിഎം പേടിക്കുന്നുവെന്നും ഹസ്സന്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ തന്‍റെ അവസാനത്തെ മത്സരമാണിതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. അതിനര്‍ഥം രാഷ്ട്രീയം നിര്‍ത്തുമെന്നല്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിൽ എത്തിയാൽ വ്യത്യസ്തമായ പങ്ക് നിര്‍വഹിക്കാൻ അവസരം കിട്ടിയാൽ അത് നിര്‍വഹിക്കും. ബിജെപി ഭരണം തുടരുകയാണെങ്കിൽ വിവാദ തീരുമാനങ്ങള്‍ക്കെതിരെ താൻ ശബ്ദം ഉയര്‍ത്തും എന്നും അദ്ദേഹം വ്യക്തമാക്കി.

ധാതുമണൽ ഖനനം നടത്താൻ, സിഎംആർഎൽ കമ്പനിക്ക് സഹായം നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ 19ന് വിധി പറയാമെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി.കോടതിയുടെ നേരിട്ടുള്ള അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി. മാസപ്പടിയിൽ അന്വേഷണം വേണമോ, വേണമെങ്കിൽ അത് കോടതി നേരിട്ടോ അല്ലെങ്കിൽ വിജിലൻസ് അന്വേഷണമാണോ എന്ന കാര്യത്തിലാണ് കോടതി വിധി പറയുക.

സംസ്ഥാനത്ത് വിഷുച്ചന്തകൾ ഇന്ന് ആരംഭിക്കും. ഹൈക്കോടതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെ ഈ മാസം 18 വരെയാണ് ചന്തകൾ നടക്കുക. താലൂക്ക് തലത്തിൽ ഉൾപ്പെടെ ചന്തകൾ പ്രവർത്തിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സർക്കാരിന് റംസാൻ – വിഷു ചന്തകൾ നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരുന്നില്ല.  കൺസ്യൂമർഫെഡ് ഹൈക്കോടതിയെ സമീപച്ചതോടെയാണ് ഇന്നലെ അനുകൂല തീരുമാനം ഉണ്ടായത്.

‘ഗണപതിവട്ട’ വിവാദത്തിൽ കെ സുരേന്ദ്രനെതിരെ ആനി രാജ.  വെറുപ്പിന്റെയും വിദ്വേഷത്തിൻ്റെയും രാഷ്ട്രീയം പ്രചരിപ്പിച്ച് വോട്ട് നേടുക എന്നതാണ് ലക്ഷ്യം . വടക്കേ ഇന്ത്യയിലെ വിദ്വേഷ പ്രയോഗം ആണ്ഇവിടെ നടപ്പാക്കാൻ ശ്രമിക്കുന്നത് എന്നും ആനി രാജ പ്രതികരിച്ചു. ജനകീയ വിഷയങ്ങളിൽ  സുരേന്ദ്രന് പ്രതികരണമില്ല, ജനശ്രദ്ധ നേടുക എന്നതാണ് ലക്ഷ്യം. എല്ലാ വിഭാഗവും ഇടകലർന്ന് ജീവിക്കുന്ന മണ്ണ് ആണിത്. അവിടേക്കാണ് വിഷം കലർത്താൻ ശ്രമിക്കുന്നത്. വയനാട്ടിലെ ജനങ്ങൾ അത് അനുവദിക്കില്ല എന്നും ആനി രാജ പറഞ്ഞു.

ജനശ്രദ്ധ നേടാനാണ് ഇപ്പോൾ ഗണപതിവട്ടവുമായിട്ട് സുരേന്ദ്രൻ ഇറങ്ങിയിരിക്കുന്നതെന്ന് കെ മുരളീധരൻ. ഗണപതി ഒരു മിഥ്യയാണെന്ന് ഷംസീർ പറഞ്ഞപ്പോൾ കോണ്‍ഗ്രസ് ശക്തമായി എതിർത്തു, അത് ഗണപതി മതവിശ്വാസികളുടെ വികാരമാണ് എന്നതിനാലാണ്,സുൽത്താൻ ബത്തേരിയുടെ പേരുമായി ഗണപതിവട്ടത്തിന് ബന്ധമില്ല. ആദ്യം തന്നെ പേര് ബത്തേരിയെന്നായിരുന്നുവെന്നും തെരഞ്ഞെടുപ്പിൽ ഒരു ലക്ഷം വോട്ട് തികക്കാനാണ് ഗണപതിയുടെ പേരും സുൽത്താൻ ബത്തേരിയും കൂട്ടിക്കെട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ബിജെപി നേതൃത്വം തമാശയായി മാറിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്. ഗണപതിവട്ടം വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു വസീഫ്. ഉത്തരേന്ത്യയിലേത് പോലെ വർഗീയത ഇവിടെ പറയാൻ പറ്റാത്തത് കൊണ്ടാണ് ഇത്തരം തമാശകൾ സുരേന്ദ്രൻ പറയുന്നത് എന്നും വസീഫ് പരിഹസിച്ചു.

നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചത് സംബന്ധിച്ച അന്വേഷണത്തിലെ, വിശദമായ മൊഴിപ്പകര്‍പ്പുകള്‍ അതിജീവിതയ്ക്ക് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. അന്വേഷണ റിപ്പോർട്ട് റദാക്കണമെന്ന അതിജീവിതയുടെ ഹർജിയിലാണ് ഉത്തരവ്.നേരത്തേ, സെഷന്‍സ് കോടതിയില്‍ മൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിരുന്നില്ല.

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനിധകൃതമായി പരിശോധിച്ചതിൽ അതിജീവിതയുടെ ഹർജി നിലനിൽക്കുമോ എന്ന കാര്യത്തിൽ ഹൈക്കോടതി വിശദമായി വാദം കേള്‍ക്കും.കേസ് മെയ് 30 ലേക്ക് മാറ്റി  . കോടതി നിർദേശപ്രകാരമുള്ള അന്വേഷണമല്ല നടന്നതെങ്കിൽ ഹൈക്കോടതിക്ക് സ്വമേധയാ ഇടപെടാമെന്ന് അതിജീവിത വാദിച്ചു. എതിർപ്പുമായി ദിലീപിന്‍റെ അഭിഭാഷകനും രംഗത്തെത്തിയിരുന്നു.

ഇടുക്കി രൂപതയെ വിമര്‍ശിച്ച് കത്തോലിക്ക സഭയിലെ ഒരു വിഭാഗം . കഴിഞ്ഞ ദിവസo ആണ്ഇടുക്കി രൂപതയില്‍ എ സർട്ടിഫിക്കറ്റ് ചിത്രം ദി കേരള സ്റ്റോറി വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചത്. സിനിമ സാമുദായിക സൗഹാർദത്തെ തകർക്കാനുള്ള ഹിന്ദുത്വ ആശയ ചിത്രമാണ്, ക്രിസ്തുവിന്‍റെ സന്ദേശത്തിനും സഭയുടെ ആശയങ്ങള്‍ക്കും വിരുദ്ധമാണെന്നും കത്തോലിക്ക സഭയിലെ ഒരു വിഭാഗം സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചു.

കേന്ദ്ര അന്വേഷണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭയപ്പെടുന്നുവെന്ന് കെ.മുരളീധരന്‍ .അഴിമതിക്കേസുകളിൽ താനും കേജ്രിവാളിനെപ്പോലെ അകത്തു പോകുമോയെന്ന് മുഖ്യമന്ത്രിക്ക് ഭയമുണ്ട് .കെജ്രിവാൾ പോരാടി , സംഘികൾക്കു മുന്നിൽ കീഴടങ്ങിയ മുഖ്യമന്ത്രിയുടെ ജല്‍പനങ്ങളാണ് കോൺഗ്രസിനെതിരായ വിമർശനമെന്നും അദ്ദേഹം പരിഹസിച്ചു.

എ കെ ആന്‍റണിയോട് മര്യാദയും സ്നേഹവും കാണിക്കണമെന്ന് അനിൽ ആന്‍റണിയോട്, ശശി തരൂർ പറഞ്ഞു. അനിൽ തീവ്ര ബിജെപി നയങ്ങൾ പറയുന്നത് കേൾക്കുമ്പോൾ ദുഃഖമുണ്ട്. താൻ മകനെ പോലെ കണ്ട് പ്രോത്സാഹിപ്പിച്ച നേതാവാണ് അനിൽ ആന്റണി. പത്തനംതിട്ടയിലെ തോൽവി അനിലിനെ പല പാഠങ്ങളും പഠിപ്പിക്കുമെന്നും ശശി തരൂർ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍, തപാല്‍ വോട്ടിന് അപേക്ഷിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ഫോം 12ല്‍ തെരഞ്ഞെടുപ്പിന് ഏഴ് ദിവസം മുന്‍പ് വരണാധികാരിക്ക് അപേക്ഷ സമര്‍പ്പിക്കണം. വോട്ടര്‍ പട്ടികയില്‍ പേരുള്ള മണ്ഡലത്തില്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് ഫോം 12Aല്‍, തെരഞ്ഞെടുപ്പിന് നാല് ദിവസം മുമ്പുവരെ അപേക്ഷ സമര്‍പ്പിക്കാം. വരണാധികാരികള്‍ അപേക്ഷകന് ഫോം 12Bല്‍ ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് നൽകും.

സ്വർണ്ണത്തിന് റെക്കോർഡ് വില. പവന്റെ വില 800 രൂപ വര്‍ധിച്ച് 53,760 രൂപയായി. ഗ്രാമിന്റെ വില 100 രൂപ കൂടി 6,720 രൂപയും. ആറ് മാസത്തിനിടെ സ്വര്‍ണവിലയില്‍ 20 ശതമാനത്തോളമാണ് വര്‍ധനവുണ്ടായത്.

35 വർഷം നാവികസേനയുടെ അഭിമാനമായിരുന്ന ഐഎൻഎസ് സിന്ധുധ്വജ് എന്ന മുങ്ങിക്കപ്പൽ പൊളിക്കാനായി കണ്ണൂർ അഴീക്കൽ തുറമുഖത്തെത്തിച്ചു. ഇന്ത്യൻ നാവികസേന ഡീകമ്മീഷൻ ചെയ്ത മുങ്ങിക്കപ്പൽ പൊതുമേഖലാ സ്ഥാപനമായ സിൽക്കിലാണ് പൊളിക്കുക. മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് ഒരു കപ്പൽ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിൽ പൊളിക്കാനെത്തിയത്.

കൊട്ടാരക്കര എംസി റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. പുലർച്ചെ അഞ്ചു മണിക്ക്‌ നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡിന്‍റെ സൈഡിലേക്ക് തലകീഴായി മറിയുകയായിരുന്നു. ലോറി ഡ്രൈവർ പയനീർ സെൽവത്തെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.ഫയർഫോഴ്സ് സ്ഥലത്തെത്തി ടാങ്കറിലെ വാതക ചോർച്ച പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.

രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയിൽ. സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകരായ മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവരെ പശ്ചിമ ബംഗാളിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ വ്യാജ പേരുകളില്‍ കൊല്‍ക്കത്തയില്‍ കഴിയുകയായിരുന്നു.

കുടുംബവിസ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള വരുമാനപരിധി കുത്തനെ ഉയര്‍ത്തി യു.കെ. വരുമാനപരിധി 18,600 പൗണ്ടില്‍ നിന്ന് 29,000 പൗണ്ടായി ഉയര്‍ത്തി. കുടിയേറ്റം കുറയ്ക്കുന്നതിനുവേണ്ടി പ്രധാനമന്ത്രി ഋഷി സുനക്കിന്റെ പുതിയ പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി.

 

 

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *