ആഗോളതലത്തില്‍ വിവിധ ന്യൂറോളജിക്കല്‍ അവസ്ഥകളിലൂടെ കടന്നു പോകുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം ഗണ്യമായി വര്‍ധിച്ചതായി പഠനറിപ്പോര്‍ട്ട്. ലോകത്ത് മൂന്നില്‍ ഒരാള്‍ക്ക് നാഡീവ്യൂഹപരമായ പ്രശ്നങ്ങളുണ്ടെന്ന് ലാന്‍സെറ്റ് ന്യൂറോളജി പുറത്തുവിട്ട ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ്, ഇഞ്ചുറീസ് ആന്‍ഡ് റിസ്ക് ഫാക്ടേഴ്സ് സ്റ്റഡി എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ രോഗികളുടെ നിരക്ക് 18 ശതമാനം വര്‍ധിച്ചു. 2021ല്‍ മൂന്ന് കോടിയിലധികം ആളുകള്‍ക്ക് നാഡീവ്യൂഹപരമായ പ്രശ്നങ്ങള്‍ ഉള്ളതായി പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. സ്ട്രോക്ക്, നിയോനാറ്റല്‍ എന്‍സെഫലോപ്പതി (മസ്തിഷ്ക ക്ഷതം), മൈഗ്രെയ്ന്, ഡിമെന്‍ഷ്യ, ഡയബറ്റിക് ന്യൂറോപ്പതി (നാഡി ക്ഷതം), മെനിഞ്ചൈറ്റിസ്, അപസ്മാരം, മാസം തികയാതെയുള്ള ജനനം മൂലമുള്ള ന്യൂറോളജിക്കല്‍ സങ്കീര്‍ണതകള്‍, ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍, നാഡീവ്യൂഹ സംവിധാനത്തിലെ അര്‍ബുദം എന്നിവയാണ് ആശങ്കപ്പെടുത്തുന്ന പ്രധാന നാഡീവ്യൂഹ രോഗങ്ങള്‍. ഇതില്‍ 80 ശതമാനം മരണവും സാമ്പത്തിക വളര്‍ച്ച കുറഞ്ഞ രാജ്യങ്ങളിലാണ് സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും വേഗത്തില്‍ വളരുന്ന ന്യൂറോളജിക്കല്‍ അവസ്ഥയാണ് ഡയബറ്റിക് ന്യൂറോപ്പതി. ഡയബറ്റിക് ന്യൂറോപ്പതിയുള്ളവരുടെ എണ്ണം 1990 മുതല്‍ ആഗോളതലത്തില്‍ മൂന്നിരട്ടിയിലധികം വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. 2021ല്‍ രോഗികളുടെ എണ്ണം 206 ദശലക്ഷമായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.