കേന്ദ്ര ബജറ്റ് നാളെ. ഏപ്രില്‍ മാസത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ സമ്പൂര്‍ണ ബജറ്റല്ല ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ മൂന്നു മാസത്തിനകം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു ജനങ്ങളെ സ്വാധീനിക്കാവുന്ന നിര്‍ദേശങ്ങള്‍ക്കു സാധ്യത. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെക്കുറിച്ചാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രസംഗിച്ചത്.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ഒരു ഉള്ളടക്കവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍. നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു സതീശന്‍. ഭരണത്തെ അനാഥമാക്കിയാണ് നവ കേരള സദസ് നടത്തിയത്. സര്‍ക്കാരിന്റെ പരിപാടിയാണെന്നു പറഞ്ഞ് നടത്തിയ നവകേരള സദസില്‍ രാഷ്ട്രീയ പ്രസംഗമായിരുന്നു. സര്‍ക്കാരിന്റെ ചെലവില്ല പ്രതിപക്ഷത്തെ വിമര്‍ശിക്കേണ്ടത്. നവ കേരള സദസില്‍ പങ്കെടുത്ത 70 ശതമാനം പേരും തങ്ങള്‍ക്കു വോട്ട് ചെയ്യുമെന്നും സതീശന്‍.
കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും ഡല്‍ഹിയില്‍ നടത്തുന്ന സമരത്തെ സമ്മേളനമായി ചിത്രീകരിക്കുകയാണെന്ന് പിണറായി വിജയന്‍. കേന്ദ്രത്തിനെതിരെ സംസാരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് മുട്ടു വിറയ്ക്കില്ല സമ്മേളനമല്ല, സമരം തന്നെയാണ്. അഭിസംബോധന ചെയ്യാന്‍ ദേശീയ നേതാക്കളെ ക്ഷണിച്ചതിനെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭാര്യയുടെ പെന്‍ഷന്‍ തുക ഉപയോഗിച്ചാണു മകള്‍ വീണ ബിസിനസ് തുടങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീണക്കും കമ്പനിക്കുമെതിരായ ആരോപണത്തില്‍ ആദ്യമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങള്‍ വ്യാജമാണ്. തനിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന തുടര്‍ ആരോപണങ്ങളുടെ ഭാഗമാണിത്. കൊട്ടാരം പോലുള്ള വീട് എന്നൊക്കെ പറഞ്ഞാണ് തനിക്കെതിരേ ആദ്യം ആക്രമണമുണ്ടായത്. ദുരാരോപണങ്ങളെല്ലാം ജനങ്ങള്‍ മനസിലാക്കി തള്ളിക്കളയുമെന്നും ‘ഒന്നും നമ്മളെ ഏശില്ലെ’ന്നും മുഖ്യമന്ത്രി പറഞ്ഞു.
വാഹന ഉടമകള്‍ ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പറുകള്‍ വാഹന്‍ പരിവാഹന്‍ ഡേറ്റാ ബേസില്‍ ഉള്‍പ്പെടുത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അവസാന തീയതി ഫെബ്രുവരി 29 ആണ്. സ്വയം അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കാത്ത വാഹന ഉടമകള്‍ ആര്‍ടിഒ ഓഫീസില്‍ അപേക്ഷ നല്‍കി മൊബൈല്‍ അപ്‌ഡേഷന്‍ പൂര്‍ത്തീകരിക്കാം.
പിസി ജോര്‍ജ് ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. പിസി ജോര്‍ജ്ജിന്റെ ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍ എന്നിവരും നേതാക്കളായ പ്രകാശ് ജാവദേക്കര്‍, അനില്‍ ആന്റണി എന്നിവരും സന്നിഹിതരായിരുന്നു. പിസി ജോര്‍ജിന്റെ വരവോടെ ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചരണം പൊളിഞ്ഞെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.
അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബുവിന് വധശിക്ഷ. സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധ ശിക്ഷ വിധിച്ചത്. മറ്റു രണ്ടു കൊലക്കേസില്‍ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കണം. കേസിലെ വിവിധ വകുപ്പുകളിലായി നാലു ലക്ഷത്തി പതിനായിരം രൂപ പിഴയും അടക്കണം. സഹോദരന്‍ ശിവന്‍, ഭാര്യ വല്‍സല, മകള്‍ സ്മിത എന്നിവരെ പ്രതിയായ ബാബു വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഫെബ്രുവരി 11 നായിരുന്നു കൊലപാതകം.
മസാല ബോണ്ട് കേസില്‍ മൊഴിയെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ സമന്‍സിനെതിരേ വീണ്ടും തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു. ഇഡി അയച്ചിരിക്കുന്ന സമന്‍സ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിന് വിരുദ്ധമാണെന്നാണ് വിമര്‍ശനം.
മുസ്ലിം ലീഗ് അനുകൂലികളുടെ നിയന്ത്രണത്തിലായിരുന്ന ഖത്തീബുമാരുടെ സംഘടനയെ സമസ്തയുടെ കീഴിലേക്കു മാറ്റി. ജംഇയ്യത്തുല്‍ ഖുതുബയാണ് ഇനി സമസ്തയുടെ പോഷക സംഘടനയായി പ്രവര്‍ത്തിക്കുക.
രാമായണ കഥാപാത്രങ്ങളുടെ പേരില്‍ പുതിയ കഥയുണ്ടാക്കി ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത പി ബാലചന്ദ്രന്‍ എം എല്‍എയെ പരസ്യമായി ശാസിക്കാന്‍ സിപിഐ തൃശൂര്‍ ജില്ലാ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. സി പി ഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ സെക്രട്ടറി കെ കെ വത്സരാജ് അറിയിച്ചതാണ് ഇക്കാര്യം. വി എസ് പ്രിന്‍സ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ കെ പി രാജേന്ദ്രന്‍, സി എന്‍ ജയദേവന്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്തിനു പിറകേയാണ് ഇഡി അന്വേഷണം തുടങ്ങിയത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ എക്‌സൈസ് മന്ത്രിയായിരിക്കെ ബാബുവിന്റെ സ്വത്തില്‍ വന്‍തോതില്‍ വര്‍ധനയുണ്ടായി എന്നാണ് കണ്ടെത്തല്‍.
കോഴിക്കോട് എആര്‍സി കോറണേഷന്‍ ഉള്‍പ്പെടെ എട്ടോളം സിനിമാ തിയേറ്ററുകളുടെ ഉടമയും മുക്കം കിഴുക്കാരകാട്ട് സ്വദേശിയുമായ കെ.ഒ ജോസഫ് (75) കെട്ടിടത്തില്‍നിന്ന് വീണു മരിച്ചത്. ചങ്ങരംകുളത്തെ സുഹൃത്തിന്റെ കെട്ടിടത്തില്‍നിന്ന് തെന്നി താഴേയ്ക്കു വീഴുകയായിരുന്നു.
എറണാകുളം പിറവം നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി വിജയം. ചെയര്‍പേഴ്‌സണായി ആറാം ഡിവിഷന്‍ അംഗം ജിന്‍സി രാജു വിജയിച്ചു. എല്‍ഡിഎഫിലെ ധാരണ പ്രകാരം സിപിഎം ചെയര്‍പേഴ്‌സണ്‍ സ്ഥാനം സിപിഐക്ക് കൈമാറാന്‍ രാജിവച്ചതായിരുന്നു. നിലവിലെ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഏലിയാമ്മ ഫിലിപ്പിന്റെ വോട്ട് അസാധുവായതോടെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യ വോട്ടു ലഭിച്ചു. നറുക്കെടുപ്പിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്.
പാലക്കാട് കൊപ്പം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ അസീസിനെതിരെ സിപിഎമ്മിലെ എട്ട് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. യുഡിഎഫിലെ കോണ്‍ഗ്രസ് അംഗം ഷഫീഖ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. ബിജെപി അംഗം വിട്ടുനിന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 52 വര്‍ഷം കഠിന തടവ്. കോന്നി ഐരവണ്‍ ചവണിക്കോട്ട്, പാറയില്‍ പുത്തന്‍ വീട്ടില്‍ സുനില്‍ മകന്‍ സുധീഷിനെ (24) യാണ് കോടതി ശിക്ഷിച്ചത്. രണ്ടു ലക്ഷത്തി നാല്‍പത്തയ്യായിരം രൂപ പിഴ അടയ്ക്കുകയും വേണം.
തൊടുപുഴയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശി രാജീവിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദു വിശ്വാസ പ്രകാരമുള്ള പൂജക്ക് വാരാണസി ജില്ലാകോടതി അനുമതി നല്‍കി. മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നില്‍ പൂജ നടത്താനാണ് അനുമതി.
ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുല്‍ ഗാന്ധിയുടെ കാറിന്റെ ചില്ലു തകര്‍ന്നതു അക്രമികളുടെ കല്ലേറു മൂലമല്ല, സുരക്ഷയ്ക്കായി ഒരുക്കിയിരുന്ന വടം തട്ടിയാണെന്നു കോണ്‍ഗ്രസ്. ബിഹാറില്‍ നിന്ന് പശ്ചിമ ബംഗാളിലെ മാല്‍ഡയിലേക്ക് പ്രവേശിക്കാനിരിക്കെയാണ് കാറിന്റെ പുറകിലെ ചില്ലു തകര്‍ന്നത്. കാറിന്റെ ചില്ല് കല്ലുകൊണ്ട് കുത്തിപ്പൊട്ടിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചിരുന്നു. അപകടസമയത്ത് രാഹുല്‍ഗാന്ധി ബസിലായിരുന്നു.
കര്‍ണാടകയിലും ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര്. സൈന്‍ ബോര്‍ഡുകളിലും പരസ്യ ബോര്‍ഡുകളിലും 60 ശതമാനം കന്നഡ ഭാഷ ഉപയോഗിക്കണമെന്ന കന്നഡ ഭാഷാ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയച്ചു. ജനുവരി അഞ്ചിനാണ് ഓര്‍ഡിനന്‍സ് മന്ത്രിസഭ പാസ്സാക്കിയത്.
ഇലക്ട്രിക് ഷോക്ക് നല്‍കി ഡല്‍ഹി പൊലീസ് തങ്ങളെ ദേഹോപദ്രവമേല്‍പിച്ചെന്ന് പാര്‍ലമെന്റ് അതിക്രമ കേസിലെ പ്രതികള്‍ കോടതിയില്‍. ചില രാഷ്ട്രീയ നേതാക്കള്‍ക്കു പങ്കുണ്ടെന്നു പറയണമെന്ന് നിര്‍ബന്ധിച്ചുകൊണ്ടും കുറ്റസമ്മതത്തിനുമായാണ് മൂന്നാം മുറ പ്രയോഗിച്ചതെന്നും പ്രതികള്‍ ആരോപിച്ചു.
തമിഴ്‌നാട്ടില്‍ പൗരത്വ ഭേദതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ‘പൗരത്വ ഭേദഗതി നിയമം തമിഴ്‌നാട്ടില്‍ കാലുകുത്തില്ലെന്ന് ഞാന്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണ്. അന്ന് രാജ്യസഭയില്‍ എഐഡിഎംകെ പിന്തുണച്ചില്ലായിരുന്നെങ്കില്‍ ബില്‍ നിയമമായി മാറില്ലായിരുന്നു’ സ്റ്റാലിന്‍ പറഞ്ഞു.
ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പുതിയ കോണ്‍സല്‍ ജനറലായി ആന്ധ്രപ്രദേശ് കുര്‍ണൂല്‍ സ്വദേശി ഫഹദ് അഹമ്മദ് ഖാന്‍ സുരി ചുമതല ഏല്‍ക്കും. നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം കാലാവധി കഴിഞ്ഞു മടങ്ങുകയാണ്.
തമിഴ്‌നാട്ടിലെ മധുരയില്‍ വീണ്ടും ദുരഭിമാനക്കൊല. സഹോദരിയെയും കാമുകനെയും 22 കാരന്‍ കൊലപ്പെടുത്തി. കൊല്ലപ്പെട്ട സതീഷ് കുമാറിന്റെ തല പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. മധുര തിരുമംഗലം കൊമ്പാടിയിലാണ് ഇരട്ടക്കൊല നടന്നത്. വയറിംഗ് തൊഴിലാളിയായ പ്രവീണ്‍കുമാറിന്റെ 24 കാരിയായ സഹോദരി മഹാലക്ഷ്മിയും 26 വയസുള്ള കാമുകന്‍ സതീശ് കുമാറും ആണ് കൊല്ലപ്പെട്ടത്. അന്യജാതിക്കാരനായ പ്രവീണുമായുള്ള വിവാഹം വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല.
ബിസിസിഐ സെക്രട്ടറി ജയ് ഷായെ വീണ്ടും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഐകകണ്‌ഠേനയായിരുന്നു തെരഞ്ഞെടുപ്പ്. ഒരു വര്‍ഷത്തേക്കാണ് ജയ് ഷായുടെ കാലാവധി നീട്ടിയത്.