ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയോട് പ്രതികരിക്കാതെ മുഖ്യമന്ത്രി. ഗവർണറുടെ പ്രതിഷേധത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന്ചിരി മാത്രമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഗവർണറുടെ നാലാമത്തെ ഷോയെന്നാണ് മന്ത്രി ശിവൻകുട്ടി പറഞ്ഞത്. കൊല്ലം നിലമേലിൽ വെച്ചാണ് ഗവർണർക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ചവർക്കെതിരെയുള്ള എഫ്ഐആർ വാങ്ങിയതിന് ശേഷമാണ് രണ്ടുമണിക്കൂർ നീണ്ട പ്രതിഷേധം ഗവർണർ അവസാനിപ്പിച്ചത്. അതിനുശേഷം ഗവർണർ മടങ്ങി പോവുകയായിരുന്നു.
സംസ്ഥാന സർക്കാരിന്റെ നയ പ്രഖ്യാപന സമയത്തും റിപ്പബ്ലിക് ദിന പരിപാടിയിലും ഗവർണറുടെ പ്രതിഷേധം കണ്ടതാണ്. ഗവർണർ താൻ ഇരിക്കുന്ന പദവിയെകുറിച്ചു പോലും ചിന്തിക്കാതെയാണ് ഇങ്ങനെ പെരുമാറുന്നതെന്നും, ഇതുപോലുള്ള ഷോ നടത്തി കേരളത്തെ വിരട്ടാം എന്ന് ഗവർണർ വിചാരിക്കേണ്ട എന്നും മന്ത്രി വീ ശിവൻകുട്ടി പറഞ്ഞു. ഗവർണറുടെ ഇന്നത്തെ നടപടി അതിശയിപ്പിക്കുന്നതാണ്, ഉന്നത പദവിയിൽ ഇരിക്കുന്നവർ ഇങ്ങനെയാണോ പെരുമാറേണ്ടത് എന്നും മന്ത്രി കെ എൻ ബാലഗോപാൽ പ്രതികരിച്ചു.