കേരളത്തിന്റെ ഹർജി ഉടൻ പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരായാണ് കേരളം സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. കേരളം സ്വന്തം പരാജയം മറക്കാനാണ് ഹർജി നൽകിയതെന്ന് അറ്റോര്‍ണി ജനറല്‍. കേരളത്തിന്റെ അപേക്ഷയിൽ മറുപടി നൽകണമെന്ന് സുപ്രീംകോടതി കേന്ദ്ര ഗവൺമെന്റിനോട് നിർദ്ദേശിച്ചു. കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിന്റെ വാദം നിലനിൽക്കില്ല എന്നാണ് കേന്ദ്രത്തിനു വേണ്ടി അറ്റോർണി ജനറൽ വാദിച്ചത്. ദേശീയ സാമ്പത്തിക നയം അടിസ്ഥാനമാക്കിയാണ് കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നത്. ധനകാര്യനിർവഹണത്തിന്റെ പരാജയമാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം എന്നും കേന്ദ്രം പറഞ്ഞു.
കേരളത്തിൽ അടുത്തമാസം ബജറ്റ് അവതരിപ്പിക്കുകയാണെന്നും, അതുകൊണ്ട് കടമെടുപ്പിൽ ഇടക്കാല ഉത്തരവ് അനുവദിക്കണമെന്നും കേരളം കോടതിയിൽ വ്യക്തമാക്കി. എന്നാൽ കേന്ദ്രം ഈ വാദത്തെ അതിശക്തമായി എതിർത്തു. ബജറ്റുമായി ഈ ഹർജിക്ക് യാതൊരുവിധ ബന്ധവുമില്ല എന്ന് കേന്ദ്രം പറഞ്ഞു. എന്നാൽ സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ വാദം കേൾക്കാൻ തയ്യാറാവുകയായിരുന്നു. ഹർജിയുമായി ബന്ധപ്പെട്ട്,ഒരാഴ്ച്ചക്കുള്ളിൽ സത്യവാങ്മൂലം നൽകണമെന്നാണ് ഉത്തരവ്.