നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രസംഗം മുഴുവന്‍ വായിക്കുമെന്നാണു സൂചന.
കോഴിക്കോട് പെന്ഷന് ലഭിക്കാതെ ഭിന്നശേഷിക്കാരനായ വളയത്തു ജോസഫ് (74)എന്ന പാപ്പച്ചന് തൂങ്ങിമരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസില്‍ തുടര്‍ നടപടികള്‍ക്കായി ചീഫ്ജസ്റ്റിസിന്റെ അനുമതി തേടി. കേന്ദ്രസര്‍ക്കാര്‍, സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടര്‍, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ കേസില്‍ എതിര്‍കക്ഷികളാക്കും.
എന്‍ഡിഎ സംസ്ഥാന ചെയര്മാന് കെ. സുരേന്ദ്രന് നയിക്കുന്ന എന്‍ഡിഎ കേരള പദയാത്ര 27 ന് കാസര്‍ഗോഡുനിന്ന് ആരംഭിക്കും. വൈകുന്നേരം മൂന്നിന് താളിപ്പടുപ്പ് മൈതാനത്ത് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. 29 ന് കണ്ണൂരിലും 30 ന് വയനാട്ടിലും പദയാത്ര കടന്നു പോകും. 12 ന് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്യും. എറണാകുളത്ത് 24 നും തൃശ്ശൂരില്‍ 26 നും നടക്കുന്ന കേരളപദയാത്ര 27 ന് പാലക്കാട് സമാപിക്കും.
ആലപ്പുഴ എസ് പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സി ആര് മഹേഷ് എം എല്‍ എയുടെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കുമ്പോഴാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കു തന്നെ ഇടിക്കണമെന്നാണ് അവരുടെ മോഹങ്കില് താന്‍ കാറിന് പുറത്തിറങ്ങാമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഗവര്‍ണര്‍ക്കെതിരെ പാലക്കാട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കരിങ്കൊടി കാണിക്കുന്നവര്‍ക്ക് ആശംസകള്‍. അവരോട് സഹതാപം മാത്രം. അദ്ദേഹം പറഞ്ഞു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
പരവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടറായിരുന്ന അനീഷ്യയുടെ മരണത്തിന് ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പരവൂര്‍ പോലീസ് സ്റ്റേഷനിലേക്ക് നാളെ കോണ്‍ഗ്രസ് മാര്‍ച്ച്. കുറ്റാരോപതരെ സിപിഎം സംരക്ഷിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് ആരോപിച്ചു. കുറ്റാരോപിതരെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരവൂര്‍ കോടതിയിലെ എപിപി ആയിരുന്ന അനീഷ്യയുടെ ആത്മഹത്യക്കു കാരണക്കാരായവരെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തി കേസ് അന്വേഷിക്കണമെന്ന് ലീഗല്‍ സെല്‍ സംസ്ഥാന സമിതി. എപിപിയുടെ മേലധികാരിയായ കൊല്ലം ഡിഡിപി പരസ്യമായി അവരെ അപമാനിച്ചതായുള്ള ശബ്ദസന്ദേശം മരണമൊഴിയായി കണക്കാക്കി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
മുന്‍ കെപിസിസി മുന്‍ ട്രഷറര്‍ കെ കെ കൊച്ചുമുഹമ്മദ് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ കമ്മിറ്റിയിലെ പദവികളെല്ലാം രാജിവച്ചു. അവിണിശേരി മണ്ഡലത്തിന്റെ ചുമതലക്കാരനായിരുന്നു കൊച്ചു മുഹമ്മദ്. ഡിസിസി പ്രസിഡന്റുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് രാജി.
‘ഓപ്പറേഷന് ജാഗ്രത’ പരിശോധനയില്‍ കൊച്ചി പൊലീസ് 114 ക്രിമിനലുകളെ പിടികൂടി. വധശ്രമം, പോക്സോ അടക്കമുള്ള ക്രിമിനല്‍ കേസുകളിലെ പ്രതികളടക്കമുള്ളവരാണ് പിടിയിലായതെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ എ അക്ബര്‍ വ്യക്തമാക്കി. 194 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
മലപ്പുറം മങ്കടയില്‍ മദ്യപിച്ച് പൊലീസിന്റെ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ എഎസ്ഐയ്ക്ക് സസ്പെന്ഷന്. മലപ്പുറം സ്റ്റേഷനിലെ എഎസ്ഐ ഗോപി മോഹനെതിരേയാണു നടപടി. സംഭവത്തില്‍ എഎസ്ഐയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്പിച്ചത്.
വടകരയില്‍നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ ആണെന്നു പറഞ്ഞ് എക്സൈസ് കസ്റ്റഡിയിലെടുത്തത് ഇന്തുപ്പ് ആണെന്നു പരിശോധനയില്‍ തെളിഞ്ഞു. രഹസ്യ ഫോണ്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് എക്സൈസ് സംഘം പരിശോധന നടത്തി കടയുടമയെ കസ്റ്റഡിയിലെടുത്തത്.
മാതാ അമൃതാനന്ദമയി മഠം ഉടമസ്ഥാവകാശം ഉന്നയിക്കുന്ന ഊട്ടോളി രാമന് ആനയെ സംരക്ഷിക്കാന്‍ തൃശൂര്‍ സ്വദേശി കൃഷ്ണകുട്ടിക്ക് സുപ്രീം കോടതിയുടെ അനുമതി. കോടതി തീര്‍പ്പു കല്പിക്കുന്നതുവരെ ആനയെ കൈവശം വയ്ക്കാമെന്നാണ് ഉത്തരവ്. കേസില്‍ കേരള സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു.
ഭാരത് ജോഡോ ന്യായ് യാത്രയിലൂടെ സംഘര്‍ഷമുണ്ടാക്കിയതിന് രാഹുല്‍ ഗാന്ധിയെ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം അറസ്റ്റ് ചെയ്യുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ. രാഹുലിനെതിരെ ഇന്നലെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘര്‍ഷവും നാശനഷ്ടവും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്നും ഹിമന്ദ ബിശ്വ ശര്‍മ്മ പറഞ്ഞു.
എഴുപത്തഞ്ചാം റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യന്‍ സൈന്യത്തിനൊപ്പം ഫ്രഞ്ച് സേനയും പ്രകടനം കാഴ്ചവയ്ക്കും. ഫ്രാന്‍സില്‍ നിന്ന് 130 അംഗ സൈനികസംഘമാണ് കര്‍ത്തവ്യപഥില്‍ പരേഡിനായി നിരക്കുക. നാരിശക്തിയുടെ വിളംബരമാണ് ഉത്തവണത്തെ റിപ്പബ്ലിക്ക് ദിനപരേഡ്. ഫ്രഞ്ച് നിര്‍മ്മിത റാഫേല്‍ യുദ്ധവിമാനവും ആകാശ വിരുന്നൊരുക്കും. ഇന്ത്യന്‍, നേപ്പാളി വംശജര്‍ അടങ്ങുന്നതാണ് ഫ്രഞ്ച് സംഘം.
ലോക്സഭാ തെരഞ്ഞെടുപ്പിന് പഞ്ചാബില്‍ ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. 42 സീറ്റുകളിലും മല്‍സരിക്കുമെന്നാണു പ്രഖ്യാപനം. പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി ഒറ്റയ്ക്കു മല്‍സരിക്കുമെന്നു പ്രഖ്യാപിച്ചതിനു പിറകേയാണ് ഇന്ത്യ മുന്നണിക്കു തിരിച്ചടിയാകുന്ന പ്രഖ്യാപനം.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വാഹനാപകടത്തില്‍ പരിക്ക്. ഔദ്യോഗിക വാഹനം മറ്റൊരു വാഹനവുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ ബ്രേക്ക് ചെയ്തപ്പോള്‍ വാഹനത്തിന്റെ മുന്‍ സീറ്റില്‍ ഇരുന്നിരുന്ന മമതയുടെ തലയിടിക്കുകയായിരുന്നു. നെറ്റിയിലും കൈയ്ക്കും പരിക്കുണ്ട്.
മുംബൈയില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയതിന് പിന്നാലെ ബുള്‍ഡോസര്‍ പ്രയോഗവുമായി സര്‍ക്കാര്‍. മുംബൈയിലെ മീരാ റോഡ് പ്രാന്തപ്രദേശത്തെ കെട്ടിടങ്ങള്‍ നഗരസഭ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. കലാപകാരികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മുന്നറിയിപ്പ് നല്‍കിയതിനു പിറകേയാണ് മീരാ ഭായിന്ദര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ബുള്‍ഡോസര്‍ നടപടി.
പീഡനക്കൊലക്ക് ഇരയായ ബാലികയുടെ പേര് വെളിപെടുത്തിയ കുറിപ്പ് കൈയോടെ പിന്വലിച്ചിരുന്നെന്നു ഡല്‍ഹി ഹൈക്കോടതിക്കു രാഹുല്‍ഗാന്ധിയുടെ വിശദീകരണം. ഡല്‍ഹിയില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ പേര് സാമൂഹ്യമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതിനു രാഹുല്‍ഗാന്ധിക്കെതിരായ കേസിലാണ് രാഹുല്‍ഗാന്ധി ഇങ്ങനെ സത്യവാങ്മൂലം നല്‍കിയത്.
കന്യാകുമാരിയില്‍ മുന്‍ പള്ളിക്കമ്മിറ്റി അംഗത്തെ പള്ളിമേടയില്‍ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന പള്ളി വികാരി റോബിന്‍സണ്‍ കീഴടങ്ങി. സേവ്യര്‍കുമാറിനെ തേപ്പുപെട്ടികൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയതിനു വികാരി അടക്കം 13 പേര്‍ക്കെതിരേയാണു കേസ്.
യുക്രൈന് അതിര്‍ത്തിയില്‍ റഷ്യന്‍ സൈനിക വിമാനം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ 74 പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും റഷ്യന്‍ തടവുകാരായ യുക്രൈന് സൈനികരാണെന്നാണ് വിവരം. റഷ്യയുടെ ഐ എല്‍ 76 മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
സൗദി അറേബ്യയില്‍ ഇരുചക്രവാഹനങ്ങളിലെ ഡെലിവറി ജോലി ഇനി സ്വദേശികള്‍ക്ക് മാത്രമാക്കും. 14 മാസത്തിനുള്ളില്‍ നിയമം ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.