തമിഴിലെ ശ്രദ്ധേയ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ മലയാളി താരങ്ങള്‍ എത്തുന്നത് ഇപ്പോള്‍ സാധാരണമാണ്. ആ ലിസ്റ്റിലെ പുതിയ എന്‍ട്രിയാണ് കമല്‍ ഹാസന് നായകനാവുന്ന ‘തഗ് ലൈഫ്’. മണി രത്നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് മൂന്ന് താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ദുല്‍ഖര്‍ സല്മാന്, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് എന്നിവരാണ് അവര്‍. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കരിയറില്‍ രണ്ടാമത്തെ തവണയാണ് മണി രത്നവും കമലും ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നത്. 1987 ല്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം നായകന് ആണ് ഇരുവരും ഇതിനുമുന്‍പ് ഒന്നിച്ച ഒരേയൊരു ചിത്രം. ജയം രവി, തൃഷ, ഗൗതം കാര്‍ത്തിക് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കമല്‍ ഹാസന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് പേര് പ്രഖ്യാപിച്ച ചിത്രമാണിത്. ചിത്രം ആക്ഷന്‍ പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരിക്കുമെന്നാണ് സൂചന. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മണി രത്നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന് എ ആര് റഹ്മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.