thozhilurappu

മങ്കിപോക്‌സ് ബാധിച്ച്  മരിച്ച യുവാവിന്റെ  വീട് ആരോഗ്യ വകുപ്പിന്റെ ഉന്നതതല വിദഗ്‍ധ സംഘം സന്ദർശിച്ച് പരിശോധന നടത്തി. ഇയാൾ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിലെ രേഖകളും വിദഗ്‍ധ സംഘം പരിശോധിച്ചു. രോഗം പകരാതിരിക്കാൻ മങ്കിപോക്സ് സ്ഥിരീകരിച്ചവരെ പ്രത്യേക മുറികളിൽ നിരീക്ഷണത്തിലാക്കണം. സോപ്പും, സാനിറ്റൈസറും കൃത്യമായ ഇടവേളകളിൽ ഉപയോഗിക്കുക , രോഗബാധിതരെ പരിചരിക്കുന്നവർ മാസ്കും കയ്യുറയും ധരിക്കണം എന്നിവയാണ് പ്രധാനമായും വിദഗ്ധ സംഘം  മുന്നോട്ടു വച്ചിട്ടുള്ള നി‍ർദേശം.

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് ക്രമക്കേടിൽ ഒരു കേസ് പോലും കേരളത്തിൽ റിപ്പോ‍ര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിൽ ഇതുമായി ബന്ധപ്പെട്ട്   നാല് ലക്ഷത്തിലേറെ കേസുകൾ രജിസ്റ്റ‍ര്‍ ചെയ്തതായി കേന്ദ്ര സ‍ര്‍ക്കാര്‍ പറയുന്നു. ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള എം പി യുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയതാണ് ഈ കണക്കുകൾ. കേസുകൾ  രജിസ്റ്റർ ചെയ്തതിൽ ആന്ധ്രയും തമിഴ് നാടുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

ശ്രീറാം വെങ്കിട്ടരാമന് സപ്ലൈകോയിൽ നിയമനം നൽകിയത്  തന്നെ അറിയിച്ചില്ല എന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ മന്ത്രിസഭായോഗത്തിൽ പരാതിപ്പെട്ടു. എന്നാൽ ആ കാര്യം മന്ത്രി പത്രമാധ്യമങ്ങളിലൂടെ അറിയിച്ചതിൽ മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചു. മന്ത്രിക്കു എതിർപ്പറിയിക്കാം മുഖ്യമന്ത്രിക്ക് കത്തും  നൽകാം. അത് മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുന്നത് ശരിയല്ല എന്ന്  മുഖ്യമന്ത്രി പറഞ്ഞതായാണ്  റിപ്പോർട്ടുകൾ.

സംസ്ഥാനത്ത് മഴ കുറഞ്ഞു.11 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് റെഡ്  അലർട്ടുകൾ പിൻവലിച്ചു. റെഡ് അലർട്ടുകൾ പിൻവലിച്ചെങ്കിലും അതീവ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും  മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.

മഴ തുടരുന്ന സാഹചര്യത്തിൽ  കോട്ടയം, ആലപ്പുഴ, ഇടുക്കി, ജില്ലകളിലെയും മൂവാറ്റുപുഴ,കോതമംഗലം താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടയുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു.പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് അറിയിച്ചു. ഇടുക്കിയിൽ  മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ നടക്കും.

ജൂലൈ 28 വരെയുള്ള കണക്കനുസരിച്ച് കോവിഡ്  മൂലം ഏറ്റവും കൂടുതൽ മരണമുണ്ടായത് മഹാരാഷ്ട്രയിലാണ്.മരിച്ചത് 1,48,088 പേർ. രണ്ടാം സ്ഥാനത്ത് കേരളമാണ്. എഴുപതിനായിരത്തി നാനൂറ്റി ഇരുപത്തിനാല് പേർ കേരളത്തിൽ കൊവിഡ് ബാധിച്ചു മരിച്ചു . കോൺഗ്രസ് എം പി ജെബി മേത്തറിന്റെ ചോദ്യത്തിന് മറുപടിയായി ആരോഗ്യ മന്ത്രാലയം പാർലമെന്റിൽ അറിയിച്ചതാണ് ഈ കണക്ക്.

ചാവക്കാട് കടപ്പുറത്ത് കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി.തൃശ്ശൂര്‍ ചേറ്റുവയിൽ കടലിൽ ഉണ്ടായ അപകടത്തിൽ കാണാതായ തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരാണ് മരിച്ചത്.കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റ‍ർ  ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്.

ശക്തമായ കടൽ ക്ഷോഭത്തിൽ ആലപ്പുഴ വണ്ടാനത്ത് ഒരു വീട് പൂർണമായി തകർന്നു. വണ്ടാനം മുരളി ഭവനിൽ മുരളിയുടെ വീടാണ് തിങ്കളാഴ്ചയുണ്ടായ ശക്തമായ കടലാക്രമണത്തിൽ തകർന്നത്. രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേരാണ് ഈ വീട്ടിൽ താമസിക്കുന്നത്.വീട് തകർന്നതോടെ ഈ കുടുംബം  ബന്ധു വീട്ടിലേക്ക് താമസം മാറ്റി.

ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജിഎസ്ടി ഇല്ല. എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഒരു മാസത്തിനുള്ളിൽ 10  ഇടപാടുകൾ  പൂർണമായും സൗജന്യമാണ് എന്ന്  ധനമന്തി നിർമ്മല സീത രാമൻ അറിയിച്ചു. ചെക്ക്ബുക്കിന്  ജിഎസ്ടി ഉണ്ട്.  മുൻകൂട്ടി പായ്ക്ക് ചെയ്തതും  ലേബൽ ചെയ്തതുമായ കാർഷിക ഉത്‌പന്നങ്ങളുടെ വില ഉയർന്നു. തൈര്, ലസ്സി, വെണ്ണ പാൽ എന്നിവ ഇതിൽ ഉൾപ്പെടും. ഐസിയു അല്ലാതെ 5,000 രൂപയിൽ കൂടുതലുള്ള ആശുപത്രി മുറി ഉപയോഗിക്കുന്നതിനും നികുതി ഏർപ്പെടുത്തി. രാജ്യസഭയിൽ വിലക്കയറ്റത്തെക്കുറിച്ച് നടത്തിയ  ചർച്ചയ്ക്കുള്ള  മറുപടിയായി മന്ത്രി പറഞ്ഞു.

ദില്ലിയിലെ നാഷണൽ ഹെറാൾഡ് ഓഫീസ് എൻഫോഴ്സ്മെന്റ് വിഭാഗം സീൽ ചെയ്തു. ഈ ഓഫീസ് ഇനി തുറക്കാൻ എൻഫോഴ്സ്മെന്റിന്റെ അനുമതി നിര്‍ബന്ധമാകും. സോണിയഗാന്ധിയേയും, രാഹുല്‍ ഗാന്ധിയേയും ചോദ്യം ചെയ്തതിന് പിന്നാലെയായായിരുന്നു റെയ്ഡ്. ഹെറാൾഡ് ദിനപ്പത്രത്തിന്റെ രേഖകള്‍ പരിശോധിച്ച എൻഫോഴ്സ്മെന്റ് സംഘം ചില രേഖകള്‍ കൂടുതല്‍ പരിശോധനക്കായി കൊണ്ടുപോയി. ദില്ലിയിൽ 12 ഇടത്തായിരുന്നു ഹെറാൾഡ് കേസിലെ എൻഫോഴ്സ്മെന്റ് റെയ്ഡ്.ഇതിൽ പ്രതിഷേധിച്ച് ദില്ലിയിലും രാജ്യത്തിന്റെ വിവിധ ഭാഗത്തും കോൺഗ്രസ് പ്രവ‍ര്‍ത്തക‍ര്‍ തെരുവിലിറങ്ങി. കോടികളുടെ അഴിമതിയാണ് ഗാന്ധികുടുംബം നടത്തിയതെന്ന് ബിജെപി ആരോപിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *