night news hd 13

 

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൊച്ചിയില്‍ ആവേശകരമായ വരവേല്‍പ്. പൂ വിതറി ബിജെപി പ്രവര്‍ത്തകര്‍ മോദിയെ വരവേറ്റു. പുഷ്പാലംകൃതവും ദീപാലംകൃതവുമായ തുറന്ന വാഹനത്തില്‍ അദ്ദേഹം  പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. കെപിസിസി ജംഗ്ഷന്‍ മുതല്‍ ഗസ്റ്റ് ഹൗസ് വരെ ഒന്നേകാല്‍ കിലോമീറ്ററായിരുന്നു റോഡ് ഷോ. വാഹനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഉണ്ടായിരുന്നു. അര മണിക്കൂറിലേറെ വൈകി ഏഴേമുക്കാലോടെയാണു മോദിയുടെ റോഡ് ഷോ ആരംഭിച്ചത്. രാത്രിയിലെ റോഡ് ഷോയ്ക്ക് റോഡിനിരുവശത്തും വൈദ്യുത ദീപങ്ങള്‍ സജ്ജമാക്കിയിരുന്നു. വൈകുന്നേരം മൂന്നു മണിമുതല്‍ നാലര മണിക്കൂറാണ് മോദിയെ കാണാന്‍ ജനം കാത്തുനിന്നത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ വൈകുന്നേരം ആറേമുക്കാലിന് വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രമന്ത്രി വി. മുരളീധരനും ചേര്‍ന്നു സ്വീകരിച്ചു. മോദി 7.10 ന് നാവികസേനാ ആസ്ഥാനത്തെത്തി. മോദിയുടെ സന്ദര്‍ശനംമൂലം കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാലായിരം കോടി രൂപയുടെ പദ്ധതികള്‍ സമര്‍പ്പിക്കും. കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റര്‍നാഷനല്‍ ഷിപ്പ് റിപയര്‍ ഫെസിലിറ്റി (ഐഎസ്ആര്‍എഫ്), ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവയാണ് പ്രധാനമന്ത്രി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍. ഐഒസിയുടെ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ ലക്ഷക്കണക്കിന് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പാചകവാതക വിതരണം ഉറപ്പാക്കാനും സഹായകമാകും.

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ എട്ടോടെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തും. ക്ഷേത്ര ദര്‍ശനത്തിനുശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് തൃപ്രയാര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. 12 നു കൊച്ചി ഷിപ് യാര്‍ഡില്‍ എത്തുന്ന അദ്ദേഹം വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ഒന്നരയ്ക്കു മറൈന്‍ ഡ്രൈവില്‍ ഏഴായിരം ബിജെപി പ്രതിനിധികളുടെ സമ്മേളനത്തില്‍ പ്രസംഗിക്കും.

എറണാകുളം ലോ കോളേജില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ബോര്‍ഡ് സ്ഥാപിച്ചതിനു രണ്ട് കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായെങ്കിലും പൊലീസ് ബോര്‍ഡ് നീക്കം ചെയ്തു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ഫ്‌ളക്‌സും പോലീസ് നീക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സുരേഷ് ഗോപി സ്വര്‍ണ തളിക സമ്മാനിക്കും. സ്വര്‍ണ കരവിരുതില്‍ വിദഗ്ധനായ അനു അനന്തനാണ് സ്വര്‍ണ തളിക നിര്‍മ്മിച്ചത്. തളിക എസ് പി ജി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തില്‍ പങ്കെടുക്കാനാണ് മോദി നാളെ ഗുരുവായൂരില്‍ എത്തുന്നത്.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതിയ പുസ്തകങ്ങള്‍ക്ക് അംഗീകാരം നല്‍കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 173 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ക്കാണ് കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നല്‍കിയത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് അംഗീകരിച്ചത്.

ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ പൊലീസില്‍ അഴിച്ചുപ്പണി തുടങ്ങി. തെരഞ്ഞെടുപ്പു ചട്ടമനുസരിച്ചു പോലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം ജില്ലയില്‍ ജോലി ചെയ്യാന്‍ പാടില്ല. വിജിലന്‍സ് ഐജി ഹര്‍ഷിത അത്തല്ലൂരിയെ പൊലീസ് ആസ്ഥാനത്തേക്കു മാറ്റി. കൊച്ചി കമ്മീഷണര്‍ എ.അക്ബറിനെ ക്രൈം ബ്രാഞ്ച് ഐജിയാക്കി. പകരം ആഭ്യന്തര സുരക്ഷ ഐജി ശ്യാം സുന്ദര്‍ കൊച്ചി കമ്മീഷണറാകും. വയനാട് എസ്പിയായി ടി.നാരായണനെയും നിയമിച്ചു. വയനാട് എസ് പിയായ പതംസിംങിനെ പൊലീസ് ആസ്ഥാനത്തേക്കു മാറ്റി. ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ അഞ്ച് അഡീഷണല്‍ എസ്പിമാരെയും 114 ഡിവൈഎസ്പിമാരെയും സ്വന്തം ജില്ലയ്ക്കു പുറത്തേക്കു മാറ്റി ഉത്തരവിറക്കി.

അയോധ്യ വിഷയത്തില്‍ ഗായിക കെഎസ് ചിത്രയ്‌ക്കെതിരേ വിവാദങ്ങളുണ്ടാക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാന്‍. രാമക്ഷേത്രം പണിയാന്‍ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേ. വിശ്വാസമുള്ളവര്‍ക്ക് പോകാം, ചിത്ര അടക്കം ആര്‍ക്കും അഭിപ്രായങ്ങള്‍ പറയാമെന്നും സജി ചെറിയാന്‍.

പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം. 2018 ല്‍ മലപ്പുറത്ത് നടന്ന ഡിവൈഎഫ്‌ഐ മാര്‍ച്ചിനിടെ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്ത് 13,000 രൂപ നഷ്ടമുണ്ടാക്കിയെന്നാണു കേസ്. കേസിനെ തുടര്‍ന്ന് മന്ത്രി മലപ്പുറം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. പത്തു പ്രതികളുള്ള കേസില്‍ ഏഴാം പ്രതിയാണ് മുഹമ്മദ് റിയാസ്.

തലശേരി -മാഹി ബൈപാസ് അടുത്ത മാസം ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കും. കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ ആറുവരിപ്പാത ബൈപ്പാസ് 1181 കോടി രൂപ മുടക്കിയാണു നിര്‍മിച്ചിരിക്കുന്നത്.

ഭിന്നശേഷി കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ‘ആശ്വാസം’ പദ്ധതിയില്‍ 33 ലക്ഷം രൂപ അനുവദിച്ചെന്ന് മന്ത്രി ഡോ ആര്‍ ബിന്ദു. 2023-2024 സാമ്പത്തിക വര്‍ഷം 132 പേര്‍ക്ക് 25000 രൂപ വീതം പദ്ധതിയിലൂടെ വിതരണം ചെയ്യും. സ്വയംതൊഴില്‍ വായ്പക്ക് ഈട് നല്‍കാന്‍ ഭൂമിയോ, മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് ചെറുകിട സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് ഈ സഹായം.

ബന്ദിപ്പൂര്‍ വനമേഖലയിലെ ദേശീയപാത 766 ലെ രാത്രി യാത്രാ നിരോധനം തുടരേണ്ടതുണ്ടോയെന്ന് ആരാഞ്ഞുകൊണ്ട് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും കേരള, കര്‍ണാടകസര്‍ക്കാരുകള്‍ക്കും നോട്ടീസയച്ചു. ബദല്‍ പാത നിര്‍ദേശം പരിഗണനയിലുണ്ടെന്നു കേന്ദ്രം കോടതിയെ അറിയിച്ചു.

നടന്‍ കൊല്ലം തുളസിയില്‍നിന്ന് 20 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. ജി കാപിറ്റല്‍ എന്ന കമ്പനിയുണ്ടാക്കി കൂടുതല്‍ പലിശയും ആദായവും നല്‍കാമെന്നു വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നു പണം വാങ്ങിയ തിരുവനന്തപുരം സ്വദേശികളെയാണു പിടികൂടിയത്.

വായ്പാ തട്ടിപ്പും കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഹീരാ ഗ്രൂപ്പിന്റെ 32 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി.

മലയാളി കര്‍ഷകന്‍ കര്‍ണാടകയില്‍ ആത്മഹത്യ ചെയ്തു. വയനാട് സുല്‍ത്താന്‍ ബത്തേരി കയ്യൂന്നി സ്വദേശി രവികുമാര്‍ എന്ന നാല്‍പത്തഞ്ചുകാരനാണ് ആത്മഹത്യ ചെയ്തത്. ചാമരാജ് നഗര്‍ ജില്ലയില്‍ കുള്ളൂരില്‍ സ്ഥലം പാട്ടത്തിനെടുത്ത് വാഴകൃഷി ചെയ്തു വരികയായിരുന്നു രവികുമാര്‍.

പത്തനംതിട്ട പരുമല തിക്കപ്പുഴയില്‍ മൊബൈല്‍ ടവറിനു തീപിടിച്ചു. പരുമല തിക്കപ്പുഴ ജംഗ്ഷന് കിഴക്കുവശത്തുള്ള കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ചിരുന്ന മൊബൈല്‍ ടവറിനാണ് തീപിടിച്ചത്.

എല്ലാ വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കാനാണ് ഭാരത് ജോഡോ ന്യായ് യാത്രയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദുരിതം അനുഭവിക്കുന്ന മണിപ്പൂരിലെ ജനങ്ങള്‍ക്ക് നീതി ലഭിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു തവണ പോലും മണിപ്പൂര്‍ സന്ദര്‍ശിച്ചില്ലെന്നത് അപമാനകരമാണ്. നാഗലാന്റിലെ ജനങ്ങളുമായി സര്‍ക്കാര്‍ ഒപ്പിട്ട കരാറും നടപ്പാക്കിയില്ലെന്ന് കൊഹിമയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.

ആന്ധ്രാ പ്രദേശില്‍ വൈഎസ് രാജശേഖരന്‍ റെഡ്ഡിയുടെ മകളും ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശര്‍മിളയെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി നിയമിച്ചു. അധ്യക്ഷ പദവി രാജിവച്ച കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ജി രുദ്രരാജുവിനെ പ്രവര്‍ത്തക സമിതില്‍ പ്രത്യേക ക്ഷണിതാവാക്കും.

ഡീപ് ഫേക്ക് തട്ടിപ്പിന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവരെ ഇരയാക്കിയ സാഹചര്യത്തില്‍ സമൂഹ മാധ്യമ കമ്പനികള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍. നടപടിയെടുക്കാത്ത കമ്പനികള്‍ക്കെതിരേ ഒരാഴ്ചയ്ക്കകം നിയമം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെ പരിഹസിച്ചു പ്രസംഗിച്ചതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും സഞ്ജയ് സിംഗ് എംപിക്കും എതിരേ രജിസ്റ്റര്‍ ചെയ്ത അപകീര്‍ത്തി കേസ് സുപ്രിംകോടതി താല്‍കാലികമായി സ്റ്റേ ചെയ്തു. നാലാഴ്ചത്തേക്കാണ് സ്റ്റേ.

കോണ്‍ഗ്രസിലെ ആര്‍ക്കും അയോധ്യയില്‍ പോകാമെന്ന് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിഷ്ഠാ ദിനം മോദി രാഷ്ട്രീയ ചടങ്ങാക്കിയതിനാലാണ് നേതാക്കള്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നും രാഹുല്‍ ഗാന്ധി വിശദീകരിച്ചു.

ജോലി വേണമെങ്കില്‍ ഒരു രാത്രി തന്നോടൊപ്പം ചെലവഴിക്കണമെന്ന് വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മധ്യപ്രദേശ് സീഡ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ സഞ്ജീവ് കുമാറാണു പിടിയിലായത്. മൂന്ന് വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയത്.

ഐസ്‌ലന്‍ഡില്‍ അഗ്‌നിപര്‍വത സ്‌ഫോടനംമൂലം വന്‍ നാശം. ലാവ ഒഴുകിയതിനെ തുടര്‍ന്ന് ഗ്രിന്‍ഡാവിക് നഗരത്തിലെ വീടുകള്‍ കത്തിനശിച്ചു. പ്രദേശത്തെ വീട്ടുകാരെ നേരത്തെ ഒഴിപ്പിച്ചിരുന്നു. പ്രദേശത്ത് ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ അഗ്‌നിപര്‍വത സ്‌ഫോടനമാണ് ഇത്. ഞായറാഴ്ച പുലര്‍ച്ചെയാണ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *