s7 yt cover

നിയമസഭ സമ്മേളനത്തിന്റെ ഷെഡ്യൂള്‍ മാറ്റണമെന്ന് പ്രതിപക്ഷം. ഫെബ്രുവരി ഒമ്പതു മുതല്‍ 25 വരെ കെപിസിസി ജാഥ നടത്തുന്നതിനാല്‍ ഈ ദിവസങ്ങളിലെ സഭാ സമ്മേളനം മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്പീക്കര്‍ക്ക് കത്തു നല്‍കി. സംസ്ഥാന ബജറ്റ് അവതരണം ഫെബ്രുവരി അഞ്ചില്‍നിന്ന് രണ്ടിലേക്കു മാറ്റണം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം 25 നു തുടങ്ങാനാണ് തീരുമാനം.

അധികാരം ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും ജനസേവനമെന്ന സിദ്ധാന്തത്തെ എന്നോ കുഴിവെട്ടിമൂടിയെന്നും എം.ടി. വാസുദേവന്‍ നായര്‍. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയാണ് എംടി രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനം നടത്തിയത്. രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള മാര്‍ഗമായി മാറി. റഷ്യന്‍ വിപ്ലവത്തില്‍ പങ്കെടുത്ത ജനാവലി ആള്‍ക്കൂട്ടമായിരുന്നു. ഈ ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. ഭരണാധികാരികള്‍ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും എം ടി പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോല്‍സവത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ഇങ്ങനെ പറഞ്ഞത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ അധിക സീറ്റിന് ലീഗിന് അര്‍ഹതയുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ലീഗും സമസ്തയും ഒന്നിച്ചു പോകുന്ന പ്രസ്ഥാനമാണ്. സമയമാകുമ്പോള്‍ ലീഗ് യുഡിഎഫില്‍ നിലപാടു പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*

ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,

ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണം തെളിയിക്കാമോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ന്യറോ സംബന്ധമായ വിദഗ്ധ ചികിസക്ക് ബംഗളൂരുവിലേക്ക് 15 ന് പോകാനിരിക്കേയാണ് അറസ്റ്റ്. ന്യൂറോ സംബന്ധമായ പരിശോധന നടത്താതെ പോലീസ് ഡോക്ടറെക്കൊണ്ടു വ്യാജരേഖയുണ്ടാക്കിച്ചാണു കോടതിയില്‍ നല്‍കിയത്. ന്യൂറോ രോഗത്തിന് രക്തസമ്മര്‍ദം പരിശോധിപ്പിച്ച റിപ്പോര്‍ട്ട് മതിയോയെന്നും സതീശന്‍ ചോദിച്ചു.

കൊടി സുനി ഉള്‍പ്പെടെയുള്ള കുപ്രസിദ്ധ കുറ്റവാളികളെ പാര്‍പ്പിച്ച മലപ്പുറം തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കുളിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് തടവുകാര്‍ ആദ്യം ഏറ്റുമുട്ടിയത്. പിന്നീട് മൂന്നുതവണ കൂട്ടത്തല്ലുണ്ടായി. അഞ്ചു പേര്‍ക്ക് പരിക്കുണ്ട്.

വാഴക്കുളത്ത് ബിരുദ വിദ്യാര്‍ത്ഥിനി നിമിഷ തമ്പിയെ കഴുത്തറുത്തു കൊന്ന കേസില്‍ പ്രതി മുര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ലയ്ക്ക് (44) ഇരട്ട ജീവപര്യന്തവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ. പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണു ശിക്ഷ വിധിച്ചത്. മോഷണത്തിനിടെയാണ് കൊലപാതകം നടത്തിയത്.

തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ ബാങ്ക് മുന്‍ പ്രസിഡന്റും മുന്‍ സിപിഐ നേതാവുമായ ഭാസുരാംഗന്‍ മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. ഭാസുരാംഗന്‍ എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലാണ്.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍

കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

ഒരു മാസത്തെ അവധിക്കു ശേഷം പഞ്ചായത്തില്‍ ചാര്‍ജ്ജെടുക്കാനെത്തിയ അസിസ്റ്റന്റ് എന്‍ജിനീയര്‍ സുചിത്രലതയെ സി.പി. എം ഭരണസമിതി അംഗങ്ങള്‍ വീണ്ടും തടഞ്ഞു. തിരുവനന്തപുരം കോട്ടുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖയുടെ നേതൃത്വത്തിലാണ് എന്‍ജിനിയറെ തടഞ്ഞുവച്ചത്. പഞ്ചായത്തിന് ലഭിക്കേണ്ട പദ്ധതികളുടെ ഫണ്ട് കുറഞ്ഞെന്ന് ആരോപിച്ച് കഴിഞ്ഞ മാസം എന്‍ജിനിയറെ മണിക്കുറുകളോളം ഉപരോധിച്ചിരുന്നു. ഇതോടെ ഇവര്‍ ഓഫീസ് മുറിയില്‍ കുഴഞ്ഞ് വീണു. ഭരണകക്ഷി അംഗങ്ങള്‍ക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു.

തിരുവനന്തപുരത്ത് 15 ന് ആരംഭിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിലെ അത്ഭുത കാഴ്ചകള്‍ കാണാന്‍ 100 രൂപ മുതല്‍ 11,500 രൂപ വരെ ടിക്കറ്റു നിരക്ക്. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. ത്രീ സ്റ്റാര്‍ ഹോട്ടലില്‍ താമസവും ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഡിന്നറും ഫെസ്റ്റിവലിലേക്കുള്ള രണ്ടു ദിവസത്തെ ടിക്കറ്റും അടക്കം രണ്ടു മുതിര്‍ന്നവരും രണ്ടു കുട്ടികളും അടങ്ങിയ കുടുംബത്തിനുള്ള ക്ലാസ് എ പാക്കേജിനാണ് 11,500 രൂപ. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട് സയന്‍സും ചേര്‍ന്നാണു പരിപാടി സംഘടിപ്പിക്കുന്നത്. തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കിലുള്ള സയന്‍സ് ഫെസ്റ്റിവല്‍ ഫെബ്രുവരി 15 നു സമാപിക്കും. രണ്ടര ലക്ഷം ചതുരശ്ര അടി സ്ഥലത്ത് സജ്ജമാക്കിയ ക്യൂറേറ്റഡ് സയന്‍സ് എക്‌സിബിഷന്‍ ഏഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമാണ്.

സ്ത്രീകളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ സൃഷ്ടിച്ച് ചങ്ങാത്തമുണ്ടാക്കി പണം തട്ടിയെടുക്കുന്ന വിരുതനെ ആറന്മുള പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം പാറശ്ശാല, തച്ചന്‍വിള, പ്രായര്‍ക്കല്‍ വിളവീട്ടില്‍ സതീഷ് ജപകുമാര്‍ എന്ന 41 കാരനാണ് അറസ്റ്റിലായത്. കോഴഞ്ചേരി സ്വദേശിയായ യുവാവില്‍നിന്ന് 23 ലക്ഷം രൂപയാണ് സതീഷ് തട്ടിയെടുത്തത്.

പമ്പയില്‍ കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു. പുലര്‍ച്ചെ ആറു മണിയോടെ ഹില്‍ടോപ്പില്‍നിന്ന് യാത്രക്കാരെ കയറ്റാന്‍ സ്റ്റാന്‍ഡിലേക്കു കൊണ്ടുവരുന്നതിനിടെയാണ് ബസ്സിന് തീപിടിച്ചത്. അപകട സമയത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസ്സിലുണ്ടായിരുന്നത്.

ചെറുതുരുത്തി ദേശമംഗലം ഊരോളി കടവിലെ പടക്ക നിര്‍മ്മാണശാലയില്‍ അനധികൃതമായി സൂക്ഷിച്ച ആയിരം കിലോ വെടിമരുന്നും പടക്കങ്ങളും പൊലിസ് പിടിച്ചെടുത്തു. അഞ്ചുപേര്‍ അറസ്റ്റിലായി. നിര്‍മ്മാണശാലയുടെ നടത്തിപ്പുകാരന്‍ സുരേന്ദ്രന്‍ ഒളിവിലാണെന്ന് പൊലീസ്.

ഭര്‍ത്താവുമായി വഴക്കിട്ടശേഷം സ്വയം തീകൊളുത്തി പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. പത്തനംതിട്ട പെരിങ്ങനാട് തേക്കുംവിളയില്‍ വീട്ടില്‍ ടോണിയുടെ ഭാര്യ പ്രിന്‍സിയാണ് ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.

കോഴിക്കോട് കൊടുവള്ളി മാനിപുരത്തിനടുത്ത് ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചതിനു പിക്കപ്പ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കെഎംസിടി കോളജ് വിദ്യാര്‍ത്ഥിനി ഫാത്തിമ മിന്‍സിയയാണ് മരിച്ചത്.

തമിഴ്നാട് ധര്‍മപുരിയിലെ കത്തോലിക്കാ പള്ളിയില്‍ അതിക്രമിച്ചു കയറി യുവാക്കളുമായി വഴക്കുണ്ടാക്കിയതിന് തമിഴ്നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈക്കെതിരെ പോലീസ് കേസെടുത്തു. ബൊമ്മിടി സെന്റ് ലൂര്‍ദ് പള്ളിയിലാണ് അണ്ണാമലൈ പ്രകോപനമുണ്ടാക്കിയത്. പള്ളിപ്പെട്ടി സ്വദേശി കാര്‍ത്തിക് എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ്.

കലാപം തുടരുന്ന മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ ഇന്നലെ നാലു പേര്‍ കൂടി കൊല്ലപ്പെട്ടു. കുക്കികളുടെ പിന്നോക്ക വിഭാഗ പദവി പുനഃപരിശോധിക്കേണ്ടതാണെന്ന മുഖ്യമന്ത്രി ബീരേന്‍ സിങിന്റെ പ്രസ്താവനയ്ക്കെതിരേ കുക്കികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി.

രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പാലത്തിലൂടെ ഓട്ടോറിക്ഷകള്‍ക്കും ബൈക്കുകള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും മൃഗങ്ങള്‍ വലിക്കുന്ന വാഹനങ്ങള്‍ക്കും പ്രവേശനമില്ല. നാലു ചക്ര വാഹനങ്ങളുടെ പരമാവധി വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്ററാണ്. 18,000 കോടി രൂപ ചെലവിട്ടാണ് കടല്‍പ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ആശ്ലേഷിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത്.

വിമാനം പറന്നുയരുന്നതിനു തൊട്ടുമുമ്പ് യാത്രക്കാരന്‍ ബലമായി വാതില്‍ തുറന്ന് പുറത്തേക്കു ചാടി. കാനഡയിലെ ടൊറണ്ടോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണു സംഭവം. ദുബൈയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ കാനഡ വിമാനത്തില്‍ നിന്നാണ് യാത്രക്കാരന്‍ പുറത്തേക്കു ചാടിയത്. 20 അടി താഴ്ചയിലേക്ക് വീണ ഇയാള്‍ക്കു സാരമായ പരിക്കുകളുണ്ട്.

മൂന്ന് മത്സരങ്ങളടങ്ങിയ അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ ടി20 പരമ്പരക്ക് ഇന്ന് തുടക്കം. രോഹിത് ശര്‍മ ക്യാപ്റ്റനാകുന്ന ആദ്യ മത്സരത്തിനുള്ള ടീമില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ വിരാട് കോലി പിന്‍മാറി. ഞായറാഴ്ച ഇന്‍ഡോറില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ കോലി കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോലിയുടെ അഭാവത്തില്‍ സഞ്ജു സാംസണ്‍ മൂന്നാം നമ്പറില്‍ എത്തുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. വൈകീട്ട് 7 മണിക്ക് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം ആരംഭിക്കുക.

ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ റാങ്കിംഗ് മുന്നേറ്റം നടത്തി ഇന്ത്യ. പട്ടികയില്‍ 62 രാജ്യങ്ങളില്‍ വിസ രഹിത പ്രവേശനത്തോടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 80-ാം സ്ഥാനത്തെത്തിയതായി ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക. 2023ല്‍ ഇന്ത്യ 85-ാം സ്ഥാനത്തിയിരുന്നു. നിലവിലെ റാങ്ക് ഇന്ത്യ ഉസ്ബെക്കിസ്ഥാനുമായി പങ്കിടുന്നുണ്ട്. ഇന്ത്യയുടെ കാര്യത്തില്‍ നേരത്തെ 2019, 2020, 2021, 2022, 2023 വര്‍ഷങ്ങളില്‍ ഇന്ത്യ യഥാക്രമം 82, 84, 85, 83, 85 സ്ഥാനങ്ങളിലായിരുന്നു. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ 2024ല്‍ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുമായി ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, സിംഗപ്പൂര്‍, സ്‌പെയിന്‍ എന്നീ ആറ് രാജ്യങ്ങളാണ് ഒന്നാം സ്ഥാനം പങ്കിടുന്നത്. 194 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനാനുമതിയുള്ളവയാണ് ഈ രാജ്യങ്ങള്‍. 193 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാന്‍ അനുമതിയുള്ള ഫിന്‍ലന്‍ഡും സ്വീഡനും ദക്ഷിണ കൊറിയയുമാണ് രണ്ടാം സ്ഥാനം പങ്കിടുന്നത്. ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങള്‍ മൂന്നാം സ്ഥാനത്തെത്തി. 192 രാജ്യങ്ങളിലേക്ക് വസ രഹിത പ്രവേശനാനുമതി ഈ രാജ്യങ്ങള്‍ക്കുണ്ട്. 28 രാജ്യങ്ങളിലേക്ക് മാത്രം വസ രഹിത പ്രവേശനാനുമതിയോടെ അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ 104-ാം സ്ഥാനത്തായി ഏറ്റവും പിന്നിലുള്ളത്. യാത്രക്കാര്‍ക്ക് വിസ രഹിതമായി എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലങ്ങളുടെ എണ്ണം 2006ലെ 58ല്‍ നിന്ന് 2024ല്‍ 111ലേക്ക് ഇരട്ടിയായി വര്‍ധിച്ചു. മുന്‍കൂര്‍ വിസയില്ലാതെ ഉടമകള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അനുസരിച്ച് ലോകത്തെ എല്ലാ പാസ്‌പോര്‍ട്ടുകളുടെയും റാങ്കിംഗ് രേഖപ്പെടുത്തുന്ന സൂചികയാണ് ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ ഡേറ്റയെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്.

ബഡ്ജറ്റ് റേഞ്ചില്‍ സ്മാര്‍ട്ട്ഫോണുകള്‍ തിരയുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് മോട്ടോറോള. കമ്പനി പുതുതായി പുറത്തിറക്കിയ സ്മാര്‍ട്ട്ഫോണാണ് മോട്ടോ ജി34 5ജി. 2024-ല്‍ മോട്ടോറോള ആദ്യമായി വിപണിയില്‍ എത്തിച്ച ഹാന്‍ഡ്സെറ്റ് കൂടിയാണിത്. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും, 500 നിറ്റ്സ് ബ്രൈറ്റ്നസും ലഭ്യമാണ്. വീഗന്‍ ലെതര്‍ ഫിനിഷാണ് മറ്റൊരു സവിശേഷത. 180 ഗ്രാം മാത്രം ഭാരമുള്ളതിനാല്‍ കൈകാര്യം ചെയ്യാനും, കൊണ്ടുനടക്കാനും വളരെ എളുപ്പമാണ്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷത്തേക്കുള്ള ആന്‍ഡ്രോയിഡ് അപ്ഡേഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. 18 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. 50 മെഗാപിക്സല്‍ മെയിന്‍ ക്യാമറ, 2 മെഗാപിക്സല്‍ മാക്രോ ലെന്‍സ് എന്നിങ്ങനെ ഡ്യുവല്‍ ക്യാമറ സജ്ജീകരണമാണ് പിന്നില്‍ ഒരുക്കിയിരിക്കുന്നത്. 16 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണല്‍ സ്റ്റോറേജില്‍ പുറത്തിറക്കിയ മോട്ടോ ജി34 5ജി 10,999 രൂപയ്ക്ക് വാങ്ങാനാകും. ഐസ് ബ്ലൂ, ചാര്‍ക്കോള്‍ ബ്ലാക്ക്, ഓഷ്യന്‍ ഗ്രീന്‍ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്.

വീണ്ടുമൊരു ജന്മദിന സമ്മാനവുമായി മെറിലാന്‍ഡ് സിനിമാസ് നിര്‍മ്മിക്കുന്ന ‘വര്‍ഷങ്ങള്‍ക്കു ശേഷം’ ടീം. വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ നായകന്മാരായ ധ്യാന്‍ ശ്രീനിവാസന്റെയും പ്രണവിന്റെയും ജന്മദിനത്തിലേത് പോലെ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജു വര്‍ഗ്ഗീസിന്റെ ജന്മദിനത്തിലും ഒരു പുതിയ പോസ്റ്റര്‍ പങ്ക് വെച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് അജു വര്‍ഗീസിനെ പോസ്റ്ററില്‍ കാണുവാന്‍ സാധിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയം നിര്‍മ്മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

തേജ സജ്ജയുടെ പാന്‍ ഇന്ത്യന്‍ ചിത്രമാണ് ‘ഹനുമാന്‍’. ഹനുമാന്‍ ഒരു സൂപ്പര്‍ഹീറോ ചിത്രമാണ്. തേജ സജ്ജയുടെ ഹനുമാന്‍ 50 കോടി രൂപയുടെ ബജറ്റിലാണ് ഒരുക്കുന്നത്. നായകന്‍ തേജ സജ്ജയ്ക്ക് രണ്ട് കോടി രൂപയാണ് ഹനുമാനില്‍ വേഷമിടുന്നതില്‍ ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പ്രശാന്ത് വര്‍മയാണ് ഹനുമാന്‍ സിനിമ സംവിധാനം ചെയ്യുന്നത്. ജനുവരി 12ന് പതിനൊന്ന് ഭാഷകളിലായിട്ടാണ് ഹനുമാന്‍ ചിത്രം പ്രദര്‍ശനത്തിനെത്തുക. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശിവേന്ദ്രയാണ്. ‘കല്‍ക്കി’, ‘സോംബി റെഡ്ഡി’ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് ഹനുമാന്‍ ഒരുക്കുന്ന പ്രശാന്ത് വര്‍മ. കെ നിരഞ്ജന്‍ റെഢിയാണ് നിര്‍മാണം. തേജയുടെ ഹനുമാന്‍ പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. അമൃത നായരാണ് തേജയുടെ നായികയായി എത്തുന്നത്. വരലക്ഷ്മി ശരത്കുമാര്‍, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

തങ്ങളുടെ വരാനിരിക്കുന്ന മുന്‍നിര മോട്ടോര്‍സൈക്കിളിന്റെ പേര് ഹീറോ മോട്ടോകോര്‍പ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ‘മാവറിക്ക്’ എന്നാണ് ഹാര്‍ലി എക്സ് 440നെ അടിസ്ഥാനമാക്കി എത്തുന്ന ഹീറോ ബൈക്കിന്റെ പേര്. ഹീറോ മാവ്‌റിക്ക് 440 ഹാര്‍ലി-ഡേവിഡ്‌സണ്‍ എക്സ് 440 ന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യന്‍ ബ്രാന്‍ഡിന്റെ ആവര്‍ത്തനമായിരിക്കും ഇത്. ഹീറോ മാവ്‌റിക്ക് 440 ഈ ജനുവരി 23-ന് അവതരിപ്പിക്കും. ഹാര്‍ലിയുടെ ഏറ്റവും താങ്ങാനാവുന്ന മോട്ടോര്‍സൈക്കിള്‍ കഴിഞ്ഞ വര്‍ഷമാണ് പുറത്തിറക്കിയത്. ഇത് ഹീറോ മോട്ടോകോര്‍പ്പുമായി സഹകരിച്ച് വികസിപ്പിച്ചെടുത്തതാണ്. വരാനിരിക്കുന്ന ഹീറോ മാവ്‌റിക്ക് ട്രെല്ലിസ് ഫ്രെയിമും 440 സിസി ഓയില്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനും ഉള്‍പ്പെടെയുള്ള അതേ അടിസ്ഥാനങ്ങള്‍ പങ്കിടും. എന്നാല്‍ മോഡലിനെ അതിന്റെ അമേരിക്കന്‍ പതിപ്പില്‍ നിന്ന് മികച്ച രീതിയില്‍ വേര്‍തിരിക്കുന്നതിന് നിരവധി മാറ്റങ്ങള്‍ ലഭിക്കും. ഹാര്‍ലി ഒരു റോഡ്സ്റ്ററാണെങ്കില്‍ വരാനിരിക്കുന്ന മാവ്‌റിക്ക് ഒരു സ്ട്രീറ്റ് ഫൈറ്റര്‍ ആയിരിക്കും.

കുട്ടികള്‍ക്കുംകൂടി വായിച്ച് മനസ്സിലാക്കാനുതകുന്ന രീതിയില്‍ അവരെകൂടി ബാധിക്കുന്ന ഒരു ദുഷ്പ്രവണതയെക്കുറിച്ച് രസകരമായ ഒരു നോവലിന്റെ രൂപത്തില്‍ അവതരിപ്പിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. മയക്കുമരുന്നിന്റെ കരാളഹസ്തങ്ങള്‍ നമ്മളെ ഞെട്ടിക്കുന്ന രീതിയിലാണ് കുഞ്ഞുങ്ങളിലേക്ക് നുഴഞ്ഞുകയറിക്കൊണ്ടിരിക്കുന്നത്. നിത്യേനയെന്നോണം മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുക്കലുകള്‍ ആ ഡ്രഗ് മാഫിയയുടെ ഒരു ചെറിയ പരിച്ഛേദംപോലുമാകുന്നില്ല എന്നാണ് പറയപ്പെടുന്നത്. സ്‌കൂളുകളിലും കോളേജുകളിലും സമാനവയസ്‌കര്‍ക്കിടയില്‍ കൂടുതല്‍ മിടുക്കന്മാരും മിടുക്കികളുമായി തിളങ്ങാനുള്ള വ്യഗ്രതയില്‍ കുഞ്ഞുങ്ങള്‍ വഴിതെറ്റിയെത്തുന്ന ഒരു മാസ്മരിക ചതുപ്പുനിലമാണ് മയക്കുമരുന്നുകള്‍. കുട്ടികള്‍ക്ക് പരിചിതവും ഇഷ്ടപ്പെടുന്നതുമായ ചുറ്റുപാടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് രസച്ചരട് മുറിയാത്ത ഒരു കഥയിലൂടെ കാലികപ്രാധാന്യമുള്ള വിഷയങ്ങളെ സന്നിവേശിപ്പിച്ചിരിക്കുന്ന ഈ രചന കുഞ്ഞുങ്ങളും മാതാപിതാക്കളും അദ്ധ്യാപകരും വായിക്കേണ്ടതാണെന്ന് നിസ്സംശയം പറയാം. ‘ഡിറ്റക്റ്റീവ് ആദിയ : മയക്കുമരുന്നിനെതിരെ’. ഇ.കെ. ഹരികുമാര്‍. ഗ്രീന്‍ ബുക്സ്. വില 162 രൂപ.

ധാരാളം ഫൈബര്‍, വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങി നിരവധി പോഷകഗുണങ്ങളുള്ള ഒന്നാണ് മാതള നാരങ്ങ. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലുപരി തലച്ചോറിന്റെ ആരോഗ്യത്തിനും മാതള നാരങ്ങ വളരെ നല്ലാതാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. മാതള നാരങ്ങയിലെ ആന്റിഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ള യൂറോലിത്തിന്‍ എ തലച്ചോറിലെ കോശങ്ങളെ നീര്‍ക്കെട്ട്, ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നു. തലച്ചോറിനെ ബാധിക്കുന്ന പാര്‍ക്കിന്‍സണ്‍സ്, അള്‍സ്‌ഹൈമേഴ്‌സ് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങള്‍ നീര്‍ക്കെട്ടും ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സുമാണ്. മാതള നാരങ്ങ ജ്യൂസ് അടിച്ചു കുടിക്കുന്നത് മിതമായ ഓര്‍മ്മക്കുറവുള്ളവരില്‍ ഓര്‍മ്മ ശക്തിയും ധാരണശേഷിയും മെച്ചപ്പെടുത്തുന്നതിന് നല്ലതാണ്. തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ വിതരണവും രക്തപ്രവാഹവും മെച്ചപ്പെടുത്തുകയും പക്ഷാഘാത സാധ്യതകളെയും കുറയ്ക്കുന്നു ചെയ്യുന്നു. മാനസിക നില, ഓര്‍മ്മശക്തി എന്നിവയുമായി ബന്ധപ്പെട്ട ന്യൂറോട്രാന്‍സ്മിറ്ററുകളായ അസറ്റൈല്‍കോളിന്‍, ഡോപ്പമിന്‍, സെറോടോണിന്‍ എന്നിവയെ ഉത്തേജിപ്പിക്കാനും മാതളനാരങ്ങയ്ക്ക് കഴിയും. ദിവസവും ഒരു കപ്പ് മാതളനാരങ്ങയോ ഒരു ഗ്ലാസ് ജ്യൂസോ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പ്രായത്തിനും ഭാരത്തിനും ആരോഗ്യസ്ഥിതിക്കും കഴിക്കുന്ന മരുന്നുകള്‍ക്കും അനുസരിച്ച് ഇതില്‍ മാറ്റം വരുത്താം. പ്രമേഹം, രക്തസമ്മര്‍ദ്ധം, വൃക്കരോഗങ്ങള്‍ തുടങ്ങിയവയുള്ളവും, രക്തം നേര്‍പ്പിക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നവരും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ മാതളനാരങ്ങ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവൂ. മാതളനാരങ്ങ ചില മരുന്നുകളുമായി പ്രതിപ്രവര്‍ത്തിക്കാനും രക്തസമ്മര്‍ദ്ദവും പ്രമേഹവും വര്‍ധിപ്പിക്കാനുമുള്ള സാധ്യതയുണ്ട്. കൂടാതെ ഇതിന്റെ അസിഡിക് സ്വഭാവം പല്ലുകള്‍ക്ക് നിറം മാറ്റമുണ്ടാക്കുകയും ഇനാമലിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യാം. ഇതിനാല്‍ മാതളനാരങ്ങ കഴിച്ച ശേഷം വായ കഴുകുന്നതും ചെറുതായി പല്ലു തേയ്ക്കുന്നതും നല്ലതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.03, പൗണ്ട് – 105.99, യൂറോ – 91.14, സ്വിസ് ഫ്രാങ്ക് – 97.65, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.76, ബഹറിന്‍ ദിനാര്‍ – 220.30, കുവൈത്ത് ദിനാര്‍ -270.12, ഒമാനി റിയാല്‍ – 215.69, സൗദി റിയാല്‍ – 22.14, യു.എ.ഇ ദിര്‍ഹം – 22.61, ഖത്തര്‍ റിയാല്‍ – 22.80, കനേഡിയന്‍ ഡോളര്‍ – 62.12.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *