പൊളിഞ്ഞുവീഴാറായതുമൂലം പൊളിക്കാന്‍ തീരുമാനിച്ച 200 വര്‍ഷം പഴക്കമുള്ള കെട്ടിടം വെറും 700 ബാര്‍ സോപ്പ് ഉപയോഗിച്ചു മാറ്റി സ്ഥാപിച്ച വിശേഷമാണിത്. കാനഡയിലെ നോവ സ്കോട്ടിയയിലെ ഹാലിഫാക്സില്‍ ഹോട്ടലായി പ്രവര്‍ത്തിച്ചിരുന്ന എംവുഡ് കെട്ടിടമാണ് ഇങ്ങനെ സംരക്ഷിക്കപ്പെട്ടത്. അതിപുരാതനവും സവിശേഷവുമായ വാസ്തുവിദ്യാ പ്രത്യേകതകളുള്ളതിനാലാണു വിക്ടോറിയന്‍ കാലത്തെ കെട്ടിടം മാറ്റി സ്ഥാപിച്ച് സംരക്ഷിക്കാന്‍ തീരുമാനിച്ചത്. 1826-ല്‍ നിര്‍മ്മിച്ച കെട്ടിടം 2018-ലാണ് പൊളിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഗാലക്സി പ്രോപ്പര്‍ട്ടീസ് 220 ടണ്‍ ഭാരമുള്ള കെട്ടിടത്തെ മറ്റൊരിടത്തേക്കു മാറ്റാമെന്ന പദ്ധതി സമര്‍പ്പിക്കുകയായിരുന്നു. എസ് റഷ്ടണ്‍ കണ്‍സ്ട്രക്ഷന്‍ ടീം ആ ദൗത്യം ഏറ്റെടുത്തു. പരമ്പരാഗത റോളറുകള്ക്കുപകരം ഐവറി സോപ്പു ബാറുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു. മൃദുവായ സോപ്പ് ബാറുകള്‍ക്കു മുകളിലൂടെ കെട്ടിടം സുഗമമായി 30 അടി വലിച്ചു നീക്കി. രണ്ട് എക്സ്കവേറ്ററുകളും ഒരു ടോ ട്രക്കും ഉപയോഗിച്ചു വലിച്ചാണ് കെട്ടിടം നീക്കിയത്. ഐവറി സോപ്പിന്റെ മൃദുത്വമാണ് എംവുഡ് കെട്ടിടം സുഗമമായി വലിച്ചു നീക്കാന്‍ സഹായിച്ചത്. പുതിയ അടിത്തറ പൂര്‍ത്തിയാകുമ്പോള്‍ കെട്ടിടത്തെ അതിലേക്കു സ്ഥാപിക്കും. സംഭവത്തിന്റെ വീഡിയോ വളരെ കൗതുകമുണര്‍ത്തുന്നതാണ്.
കെട്ടിടം നീക്കി, സോപ്പു കട്ടകള്‍ക്കു മുകളിലൂടെ
