night news hd 7
ആധാർ മാര്‍ഗനിര്‍ദ്ദേശങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. വിരലയടയാളം നൽകാൻ കഴിയാത്തവര്‍ക്ക് ഐറിസ് സ്കാൻ ചെയ്ത് ആധാർ നൽകാം. ഐറിസ് സ്കാൻ പറ്റാത്തവര്‍ക്ക് വിരലടയാളം മാത്രം മതി.വിരലടയാളവും ഐറിസ് സ്കാനും ഇല്ലെങ്കിലും എൻറോള്‍ ചെയ്യാം. ഇങ്ങനെ എന്‍റോള്‍ ചെയ്യുന്നവരുടെ പേരും ഫോട്ടോയുമടക്കം സോഫ്ട് വെയറിൽ രേഖപ്പെടുത്തണം.
മൂന്നാമത് പി ജി ദേശീയ പുരസ്‌കാരം  ബുക്കര്‍ പുരസ്‌കാര ജേതാവും പ്രമുഖ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്ക്. വിടപറഞ്ഞ പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ ഓര്‍മ്മയ്ക്കായി നല്‍കുന്നതാണ് ഈ പുരസ്‌കാരം.
ഹമാസുമായി ബന്ധപ്പെട്ട്  വിദേശകാര്യമന്ത്രാലയം നല്‍കിയ മറുപടിയില്‍ വിവാദം.തന്‍റെ പേരില്‍ നല്‍കിയ മറുപടി തന്‍റെ അറിവില്ലാതെയാണെന്നും അന്വേഷണം വേണമെന്നും കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. എന്നാല്‍ മറുപടി വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് നല്‍കിയതെന്നും സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ശബരിമല ദർശന സമയം നിലവിലെ സാഹചര്യത്തിൽ വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ. ശബരിമലയിലെ അനിയന്ത്രിതമായ തിരക്കിന്റെ പശ്ചാത്തലത്തിൽ ദേവസ്വം ബെഞ്ച് നടത്തിയ പ്രത്യേക സിറ്റിംഗിലാണ് നിലപാട് അറിയിച്ചത്.
ശ്രീ ഗോകുലം മെഡിക്കൽ കോളജിലെ ഹോസ്റ്റലിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. എറണാകുളം സ്വദേശിയും മൂന്നാം വ‍ർഷ മെഡിക്കൽ വിദ്യാർത്ഥിനിയുമായി അതിഥി ബെന്നിയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഹോട്ടൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണത്. തീവ്രപരിചണവിഭാഗത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ഇന്ന് പുലർച്ചെയാണ് മരിച്ചത്.
നവ കേരള സദസിൽ മർദ്ദനമേറ്റ സി.പി.എം പ്രവർത്തകൻ പാർട്ടി വിട്ടു. എറണാകുളം തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റയീസാണ് പാർട്ടി വിട്ടത്. ഇന്നലെ കൊച്ചി മറ്റെൻ ഡ്രൈവിൽ നടന്ന നവ കേരള സദസിനിടെയാണ് റയീസിന് മർദ്ദനമേറ്റത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സംഭവ ദിവസത്തെ പ്രതികളുടെ പ്രവര്‍ത്തികള്‍ പുനരാവിഷ്കകരിച്ചു. പ്രതികളുടെ ചാത്തന്നൂരിലെ വീട്ടിൽ നടത്തിയ തെളിവെടുപ്പിനിടയായിരുന്നു പുനരാവിഷ്കരിച്ചത്. വീട്ടിൽ നിന്ന് ബാങ്കിലെ രേഖകൾ കണ്ടെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ മാതൃസഹോദരൻ അറസ്റ്റിൽ. ആത്മഹത്യ ചെയ്ത ഷബ്നയുടെ ഭർത്താവിന്റെ മാതൃസഹോദരൻ ഹനീഫയാണ് അറസ്റ്റിലായിരിക്കുന്നത്. ഹനീഫ ഷബ്നയെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റം, മർദനം എന്നീ വകുപ്പുകൽ ചുമത്തിയാണ് ഹനീഫയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സി കെ നാണുവിനെ ജെഡിഎസിൽ നിന്ന് പുറത്താക്കിയെന്ന് എച്ച് ഡി ദേവഗൗഡ അറിയിച്ചു. ദേശീയ പ്രസിഡന്‍റ് പദവിയിൽ തുടരവേ വൈസ് പ്രസിഡന്‍റായ സികെ നാണു സമാന്തരയോഗം വിളിച്ചത് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയതെന്നും ദേവഗൗഡ വ്യക്തമാക്കി.
ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സ് ഉടന്‍ വിന്യസിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കനിവ് 108 ആംബുലന്‍സിന്റെ 4×4 റെസ്‌ക്യു വാന്‍ അപ്പാച്ചിമേട് കേന്ദ്രമാക്കി പമ്പ മുതല്‍ സന്നിധാനം വരെ സേവനം നടത്തുന്നതിന് കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നല്‍കി.
 മിഗ്ജൗമ് ചുഴലിക്കാറ്റിലും കനത്ത മഴയിലും ദുരിതത്തിലായ തമിഴ് നാടിന് സഹായഹസ്തം നീട്ടിയ കേരളത്തിന് നന്ദി അറിയിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്നാട്ടിലെ മഴക്കെടുതിയിൽ കേരളത്തിന്‍റെ പിന്തുണ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയനോടാണ് സ്റ്റാലിൻ നന്ദി അറിയിച്ചത്. തമിഴ്നാടിന്‍റെ ഹൃദയത്തിൽ തൊട്ട കരുതലെന്നാണ് കേരളത്തിന്‍റെ പിന്തുണയെ മുഖ്യമന്ത്രി സ്റ്റാലിൻ വിശേഷിപ്പിച്ചത്.
268 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിലായി. കുന്ദമംഗലം സ്വദേശി മലയില്‍ വീട്ടില്‍ ശറഫുദ്ധീനെയാണ് കോഴിക്കോട് ചാത്തമംഗലം വെളളിലശ്ശേരിയില്‍ എക്സൈസ് സംഘം പിടികൂടിയത്.
ലൈഫ് പദ്ധതിയിൽ ലഭിച്ച വീടുകൾക്ക് ബ്രാൻഡിം​ഗ് വേണമെന്ന നിലപാടിലുറച്ച് കേന്ദ്രസർക്കാർ. വലിയ ബോർഡല്ല, ലോ​ഗോ വെക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് കേന്ദ്ര ഭവനനിർമ്മാണ ന​ഗരകാര്യ മന്ത്രി ഹർദീപ് സിം​ഗ് പുരി പറഞ്ഞു. വീട്ടുടമകൾക്ക് പരാതിയില്ലെന്നും കേരളത്തിന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും ഹർദീപ് സിം​ഗ് പുരി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ എം.എം മണി എംഎൽഎ. വി.ഡി സതീശൻ കേരളത്തിന്റെ ശാപം. മാന്യനായ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തലയെന്നും എം.എം മണി.
രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷനും ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണിറ്റിയും സ്റ്റുഡന്റ് ഡെലിഗേറ്റുകൾക്ക് സൗജന്യ ഉച്ചഭക്ഷണം വിതരണം ആരംഭിച്ചു .ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് ഉദ്ഘാടനം ചെയ്തു.
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തിൽ പ്രജീഷ് (36) ആണ് മരിച്ചത്. സുൽത്താൻ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. പുല്ലരിയാൻ പോയപ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. സഹോ​ദരൻ നടത്തിയ തെരച്ചിലിലാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
സംസ്ഥാനത്ത് നടക്കുന്ന കർഷക ആത്മഹത്യകൾക്ക് പിണറായി സർക്കാരാണ് ഉത്തരവാദിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കർഷകരുടെ ആനുകൂല്ല്യങ്ങൾ സംസ്ഥാനം നിഷേധിക്കുന്നതാണ് ആത്മഹത്യകൾ തടരുന്നതിന് കാരണം. നരേന്ദ്രമോദി സർക്കാരിന്റെ കർഷക ക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പാർലമെന്റിൽ വംശീയ അധിക്ഷേപത്തിന് വിധേയനായ ഡാനിഷ് അലി എംപിയെ ബി.എസ്.പിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടികാട്ടിയാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
ദുബായ് നഗരത്തിലെ ബര്‍ദുബൈയില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ശിവക്ഷേത്രം അടക്കുന്നു. ഈ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം ജനുവരി മൂന്ന് മുതല്‍ ജബല്‍അലിയിലെ പുതിയ ഹിന്ദുക്ഷേത്രത്തിലായിരിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *