സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോഡ് മുന്നേറ്റം തുടരുന്നു. അവിട്ടം ദിനത്തിലും ഗ്രാമിന് 80 രൂപയും പവന് 640 രൂപയും ഉയര്‍ന്നു. ഇതോടെ ഗ്രാം വില 9,945 രൂപയും പവന് വില 79,560 രൂപയുമെന്ന സര്‍വകാല റെക്കോഡിലെത്തി. ഓണക്കാലത്ത് വില കുതിച്ച് ഉയരുന്നത് വ്യാപാരികള്‍ക്കും ഉപയോക്താക്കള്‍ക്കും ഒരുപോലെ ആശങ്കയാകുന്നുണ്ട്. ഒരു ഗ്രാം വില 10,000 രൂപയിലെത്താന്‍ വെറും 55 രൂപയുടെ ദൂരമാത്രമാണുള്ളത്. ഓണത്തിന് മികച്ച വില്‍പ്പന പ്രതീക്ഷിച്ച കച്ചവടക്കാര്‍ വലിയ നിരാശയിലാണ്. അത്യാവശ്യക്കാര്‍ മാത്രമാണ് നിലവില്‍ സ്വര്‍ണം വാങ്ങാനെത്തുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. സെപ്റ്റംബറില്‍ വെറും ആറ് ദിവസത്തിനിടെ 1,920 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയിലുണ്ടായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ആറിന് 53,760 രൂപയായിരുന്ന പവന് വിലയാണ് നിലവില്‍ 80,000ത്തിന് അടുത്ത് എത്തിയിരിക്കുന്നത്. ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവന് സ്വര്‍ണാഭരണം വാങ്ങാന്‍ നികുതിയും പണിക്കൂലിയും മറ്റും ചേര്‍ത്ത് 86,000 രൂപയ്ക്കടുത്ത് നല്‍കണം.
റെക്കോഡ് മുന്നേറ്റം തുടര്‍ന്ന് സ്വര്‍ണവില
