yt cover 1

ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നംഗ കുടുംബം പിടിയിലായി. ചാത്തന്നൂര്‍ സ്വദേശി കെ.ആര്‍. പത്മകുമാര്‍ (52) ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണു പിടിയിലായത്. തമിഴ്നാട് തെങ്കാശി പുളിയറയിലെ ഹോട്ടലില്‍നിന്ന് ഉച്ചയ്ക്കു രണ്ടരയോടെ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. വിദേശത്തു മകള്‍ക്കു പഠനവും ജോലിയും തരപ്പെടുത്താന്‍ നല്‍കിയ അഞ്ചു ലക്ഷം രൂപ റെജി തിരികേ തരാത്തതിനാല്‍ പേടിപ്പിക്കാനാണു തട്ടിക്കൊണ്ടുപോയതെന്നാണു പത്മകുമാറിന്റെ മൊഴി. ഭാര്യക്കും മകള്‍ക്കും തട്ടിക്കൊണ്ടുപോകലില്‍ ബന്ധമില്ലെന്നും പത്മകുമാര്‍ പറഞ്ഞു.

ഭൂമി തരംമാറ്റ ഫീസ് ചുമത്തുന്നതു സംബന്ധിച്ച് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണം സുപ്രീംകോടതി താല്ക്കാലികമായി സ്റ്റേ ചെയ്തു. 25 സെന്റില്‍ കൂടുതല്‍ തരംമാറ്റുമ്പോള്‍ അധിക ഭൂമിയുടെ ഫീസ് മാത്രം നല്‍കിയാല്‍ മതിയെന്ന ഹൈക്കോടതിയുടെ ഉത്തരവാണ് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി സ്റ്റേ ചെയ്തത്. 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 27 (എ) പ്രകാരം തരംമാറ്റം ഫീസ് 25 സെന്റ് വരെയുള്ള ഭൂമിക്ക് ഒഴിവാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

പത്തു വര്‍ഷത്തിനകം രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ അമ്പതു ശതമാനവും സ്ത്രീകളായിരിക്കണമെന്നാണ് ആഗ്രഹമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. എറണാകുളം മറൈന്‍ഡ്രൈവില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതകള്‍ക്ക് അധികാരം നല്‍കാതിരിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*

വിവാഹം ഇനി ഉത്സവമാകും. മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സിലെ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍, തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളില്‍ ഈ ഓഫറുകളില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

ഒല്ലൂര്‍ മണ്ഡലത്തിലെ നവകേരള സദസ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നടത്തരുതെന്ന് ഹൈക്കോടതി. ഇതോടെ സര്‍ക്കാര്‍ വേദി മാറ്റി. വന്യജീവി സംരക്ഷണ മേഖലയില്‍ ശബ്ദശല്യം അടക്കമുള്ളവ അരുതെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികളിലാണ് കോടതി ഇങ്ങനെ തീര്‍പ്പാക്കിയത്.

കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിനുള്ള വിഭവസമാഹരണം വിവാദമായി. ഓരോ സ്‌കൂളും ഓരോ വിഭവങ്ങള്‍ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതനുസരിച്ച് ഓരോ വിദ്യാര്‍ത്ഥിയും ഓരോ കിലോ പഞ്ചസാരയോ 40 രൂപയോ എത്തിക്കണമെന്നും പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആവശ്യപ്പെട്ടതാണ് വിവാദമായത്. എന്നാല്‍ ജനകീയ സമാഹരണമാണ് ഉദ്ദേശിച്ചതെന്നാണു എഇഒയുടെ വിശദീകരണം.

ജില്ലാ കലാമേളയുടെ പേരില്‍ കുട്ടികളില്‍നിന്ന് പണം പിരിക്കാന്‍ സര്‍ക്കുലര്‍ ഇറക്കിയ അണ്‍ എയിഡഡ് സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെതിരെ നടപടിയെടുക്കാന്‍ സ്‌കൂള്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അണ്‍ എയിഡഡ് സ്ഥാപനമായതിനാലാണ് മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും ശിവന്‍കുട്ടി പറഞ്ഞു.

ആലുവയില്‍ നവകേരള സദസ് നടക്കുന്ന വേദിക്കരികില്‍ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്ന് പൊലീസിന്റെ വിലക്ക്. ഹോട്ടലുടമകള്‍ക്കു പോലീസ് നോട്ടീസ് നല്‍കി. മറ്റെവിടെയെങ്കിലും ഭക്ഷണം പാകം ചെയ്ത് ഹോട്ടലില്‍ എത്തിച്ച് വില്‍ക്കാമെന്നാണു നിര്‍ദേശം. നവകേരള സദസ് നടക്കുന്ന ദിവസം ജോലിക്കെത്തുന്ന തൊഴിലാളികള്‍ പൊലീസ് സ്റ്റേഷനിലെത്തി താത്കാലിക തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

*

class="selectable-text copyable-text nbipi2bn">കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണറുടെ നോമിനികളായി സംഘപരിവാര്‍ ബന്ധമുള്ളവരെ ഉള്‍പ്പെടുത്തി. സെനറ്റിലെ 17 പേരില്‍ സര്‍വകലാശാല നിര്‍ദ്ദേശിച്ച പട്ടിക തിരുത്തിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘപരിവാര്‍ നേതാക്കളെ ഉള്‍പെടുത്തിയത്.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പത്മകുമാറിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ്. ബിസിനസുകാരനായ പത്മകുമാര്‍ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ആസൂത്രണം ചെയ്തതതാണ് തട്ടിക്കൊണ്ടുപോകലെന്നാണു സംശയം. ആറു വയസുകാരിയുടെ ജ്യേഷ്ഠനെയടക്കം തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതി. തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം ലഭിച്ചെന്ന് ഇയാള്‍ പറഞ്ഞിട്ടുണ്ട്. ഈ സംഘത്തെ പോലീസ് തെരയുകയാണ്. കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ച മകള്‍ക്ക് വിദേശത്ത് നഴ്സിംഗ് പഠിക്കാനാണു കുഞ്ഞിന്റെ അച്ഛനായ റെജിക്ക് അഞ്ചു ലക്ഷം രൂപ നല്‍കിയതെന്ന പത്മകുമാറിന്റെ മൊഴിയും കള്ളമാണെന്നാണു പോലീസ് കരുതുന്നത്.

ആറുവയസുകാരിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. മൊഴിയെടുപ്പ് മൂന്നര മണിക്കൂര്‍ നീണ്ടു നിന്നു. കുട്ടിയോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞുവെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിശദീകരിച്ചു.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യത. കേരളത്തില്‍ അടുത്ത അഞ്ചു ദിവസവും മഴ തുടരുമെന്നാണ് പ്രവചനം.

അന്യ സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേരളം സുപ്രീംകോടതിയില്‍. കേരള ലോട്ടറി നിയന്ത്രണ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് നാഗാലാന്‍ഡ് സമര്‍പ്പിച്ച കേസിലാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. അന്യ സംസ്ഥന ലോട്ടറിയെ നിരോധിക്കാനല്ല, തെറ്റായ പ്രവണകള്‍ നിയന്ത്രിക്കാനാണ് നിയമഭേദഗതി കൊണ്ടുവന്നതെന്ന് കേരളം സത്യവാങ്മൂലത്തില്‍ പറയുന്നു.

ചീഫ് സെക്രട്ടറി പദവിയിലേക്കു സ്ഥാനക്കയറ്റം നല്‍കാത്തതു ചോദ്യം ചെയ്ത് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും, കേരള കേഡറിലെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുമാണ് സുപ്രീം കോടതി നോട്ടീസയച്ചത്.

ചെന്നൈയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ പോക്സോ കേസിലെ പ്രതി കഴുത്തു ഞെരിച്ചു കൊന്നു. കൊല്ലം തെന്മല സ്വദേശി ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തും കൊല്ലം കുളത്തൂപ്പുഴ സ്വദേശിയുമായ ആഷിഖിനെ (20) പൊലീസ് അറസ്റ്റു ചെയ്തു. നാലു വര്‍ഷം മുമ്പ് ഫൗസിയയെ ഉപദ്രവിച്ചതിനു പോക്സോ കേസില്‍ ജയിലില്‍ കഴിഞ്ഞതിന്റെ പ്രതികാരത്തോടെയാണു കൊലപാതകം. ഫൗസിയ മരിച്ചുകിടക്കുന്ന ചിത്രം ‘ചതിക്കുള്ള ശിക്ഷ’ എന്ന കുറിപ്പോടെ അച്ഛന് വാട്സാപിലൂടെ അയച്ചുകൊടുക്കുകയും സ്റ്റാറ്റസിടുകയും ചെയ്ത് പ്രതി പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിലേക്ക് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. യെമനില്‍ ആഭ്യന്തര കലാപംമൂലം സുരക്ഷിതത്വമില്ലെന്നും സഹായത്തിന് നയതന്ത്രപ്രതിനിധികള്‍ ഇല്ലെന്നുമാണു വിദേശകാര്യ മന്ത്രാലയം നല്‍കിയ വിശദീകരണം.

തനിക്കെതിരെയുള്ള ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്ന് ഹൈക്കോടതി മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി.ജി മനു. തൊഴില്‍ മേഖലയിലെ ശത്രുക്കളാണ് പരാതിക്കാരിക്കു പിറകിലെന്നും മനു ആരോപിച്ചു. പ്രതിഛായ തകര്‍ക്കാന്‍ വേണ്ടിയും കരിയറും കുടുംബജീവിതവും നശിപ്പിക്കാനുമാണ് പരാതി നല്‍കിയത്. മനു വിശദീകരിച്ചു.

ദുര്‍ഭരണം നടത്തുന്ന സംസ്ഥാന സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് പുറത്താക്കാനുള്ള ദൗത്യം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ്യാജ വോട്ടുകളുടെ വിദഗ്ദ്ധര്‍ സിപിഎമ്മാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാജ വോട്ടിന്റെ രക്ഷാകര്‍ത്താവാണ്. വേണുഗോപാല്‍ പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം 14000 കടന്നു. കഴിഞ്ഞ 25 ന് 14,249 പേരാണ് തിരുവനന്തപുരം വഴി യാത്ര ചെയ്തത്. ഇതില്‍ 8775 പേര്‍ ആഭ്യന്തര യാത്രക്കാരും 5474 പേര്‍ രാജ്യാന്തര യാത്രക്കാരുമാണ്.

വെള്ളൂര്‍ കെ.പി.പി.എല്ലിലെ ന്യൂസ് പ്രിന്റ് ഉല്‍പാദനം പുനരാരംഭിച്ചു. പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്നു നിലച്ച ന്യൂസ്പ്രിന്റ് ഉല്പാദനമാണ് നവംബര്‍ 28 ന് വൈകുന്നേരം ഏഴു മണിയോടെ പുനരാരംഭിച്ചതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനം സുപ്രീം കോടതി റദ്ദാക്കിയതിന്റെ ജാള്യം മറയ്ക്കാനാണ് സിപിഎം ഗവര്‍ണറെ അപമാനിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ് സുപ്രീംകോടതി വിധി. ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന ഗോവിന്ദന്റെ പ്രസ്താവന തമാശയാണ്. ചട്ടങ്ങള്‍ ലംഘിച്ച് യുജിസി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വിസിയെ പുനര്‍നിയമിച്ച മുഖ്യമന്ത്രിയാണ് രാജിവയ്ക്കേണ്ടത്. സുരേന്ദ്രന്‍ പറഞ്ഞു.

കോഴിക്കോട് കുന്നമംഗലം ഗവണ്‍മെന്റ് ആര്‍ട്സ് കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ റീ പോളിംഗ് പൂര്‍ത്തിയായപ്പോള്‍ എസ്എഫ്ഐക്കു തിരിച്ചടി. ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയടക്കം എട്ടു ജനറല്‍ സീറ്റുകളിലും എസ് എഫ് ഐ പരാജയപ്പെട്ടു. കോളേജ് യൂണിയന്‍ യുഡിഎസ്എഫ് ഭരിക്കും.

കണ്ണൂരില്‍ ഒന്നര കിലോ കഞ്ചാവുമായി യുവതി പിടിയിലായി. പയ്യന്നൂര്‍ സ്വദേശിനി നിഖില എന്ന 28 കാരിയാണു പിടിയിലായത്.

മിസോറാമിലെ വോട്ടെണ്ണല്‍ തിങ്കളാഴ്ചത്തേക്കു മാറ്റി. വോട്ടെണ്ണല്‍ തീയതി മാറ്റണമെന്ന ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന് നിരവധി പരാതി ലഭിച്ചിരുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ മിസോറാമില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയടക്കമുള്ള ചടങ്ങുകള്‍ക്ക് അവധി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതികള്‍. തെരഞ്ഞെടുപ്പു നടന്ന മറ്റു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ നാളെത്തന്നെ നടക്കും.

പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 97.26 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 9,760 കോടി രൂപയുടെ മൂല്യമുള്ള നോട്ടുകള്‍ ഇപ്പോഴും ജനങ്ങളുടെ കൈവശമുണ്ടെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

അമ്പതു മീറ്റര്‍ ഉയരമുള്ള മൊബൈല്‍ ടവര്‍ മോഷണം പോയി. ഉത്തര്‍പ്രദേശിലെ കൗശാമ്പി ജില്ലയിലെ ഉജ്ജൈനി ഗ്രാമത്തിലാണ് 10 ടണ്ണിലധികം ഭാരമുള്ള ടവര്‍ അജ്ഞാതര്‍ കടത്തിയത്. പോലീസ് കേസെടുത്തു.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗും തമ്മില്‍ ദുബായിയില്‍ കൂടിക്കാഴ്ച നടത്തി. ദുബൈയില്‍ യുഎന്‍ കാലാവസ്ഥ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഏഴു ദിവസത്തെ വെടിനിര്‍ത്തലിനു ശേഷം ഇസ്രയേല്‍ ഗാസയില്‍ കനത്ത വ്യോമാക്രമണം പുനരാരംഭിച്ചിരിക്കേയാണു ചര്‍ച്ച.

എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണമെന്ന് റഷ്യന്‍ സ്ത്രീകളോട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍. വലിയ കുടുംബങ്ങളുണ്ടാകണം. മോസ്‌കോയില്‍ വേള്‍ഡ് റഷ്യന്‍ പീപ്പിള്‍സ് കൗണ്‍സിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പുടിന്‍. റഷ്യയിലെ ജനസംഖ്യ വര്‍ധിപ്പിക്കണമെന്നും പുടിന്‍ ആവശ്യപ്പെട്ടു.

ഹോങ്കോങ്ങില്‍ തടവുകാര്‍ക്കായി മുഴുവന്‍ സമയ കോളേജ് ആരംഭിച്ചു. ഒരു ചാരിറ്റി ഫണ്ടിന്റെയും ഹോങ്കോംഗ് മെട്രോപൊളിറ്റന്‍ സര്‍വകലാശാലയുടെയും പിന്തുണയോടെയാണു കോളജ് പ്രവര്‍ത്തിക്കുക. സ്റ്റാന്‍ലിയിലെ പാക് ഷാ വാന്‍ കറക്ഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂഷനിലുള്ള ഈ കോളജ് ‘എത്തിക്സ് കോളജ്’ എന്നാണ് അറിയപ്പെടുക. 15 വനിതാ തടവുകാരും 60 പുരുഷ തടവുകാരുമാണ് ആദ്യഘട്ടത്തിലെ വിദ്യാര്‍ത്ഥികള്‍.

ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ നാലാമത്തെ മത്സരത്തില്‍ ഇന്ത്യക്ക് 20 റണ്‍സിന്റെ വിജയവും പരമ്പര നേട്ടവും. ടോസ് നഷ്ടപെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനേ സാധിച്ചുള്ളു. നാല് ഓവറില്‍ 16 റണ്‍സ് മാത്രം നല്‍കി മൂന്ന് വിക്കറ്റെടുത്ത അക്സര്‍ പട്ടേലാണ് കളിയിലെ താരം. ഇതോടെ ഒരു മത്സരം ശേഷിക്കേ ഇന്ത്യ 3-1 ന് പരമ്പര സ്വന്തമാക്കി. പരമ്പരയിലെ അടുത്ത മത്സരം നാളെ ബാംഗ്ലൂരില്‍ വെച്ചാണ്.

മാനുഫാക്ചറിംഗ്, ഉപഭോക്തൃ മേഖലകളുടെ കരുത്തില്‍ ഇന്ത്യ മികച്ച വളര്‍ച്ച തുടരുന്നു. ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ (ജി.ഡി.പി) അപ്രതീക്ഷിതമായി 7.6 ശതമാനം വളര്‍ച്ച നേടിയതോടെ ആഗോള നിക്ഷേപകരുടെ പ്രിയ കേന്ദ്രമായി ഇന്ത്യ മാറാന്‍ സാധ്യതയേറി. സെപ്തംബറില്‍ ഇന്ത്യന്‍ ജി. ഡി. പിയുടെ യഥാര്‍ത്ഥ മൂല്യം 41.74 കോടി രൂപയായാണ് ഉയര്‍ന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ജി.ഡി.പി മൂല്യം 38.78 ലക്ഷം കോടി രൂപയായിരുന്നു. കാര്‍ഷിക, മൃഗ സംരക്ഷണ, മത്സ്യ മേഖലകളിലെ ഉത്പാദനം 1.2 ശതമാനം ഉയര്‍ന്നു. ഖനന, ക്വാറി മേഖലകള്‍ പത്ത് ശതമാനവും മാനുഫാക്ചറിംഗ് രംഗം 13.9 ശതമാനവും വളര്‍ച്ച നേടി. ജി.ഡി.പി കണക്കാക്കുന്നതില്‍ അറുപത് ശതമാനം വിഹിതമുള്ള കണ്‍സ്യൂമര്‍ ഉപഭോഗത്തില്‍ മികച്ച വളര്‍ച്ചയാണുള്ളത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വളര്‍ച്ചാ നിരക്ക് 7.8 ശതമാനമായിരുന്നു. അവലോകന കാലയളവില്‍ വളര്‍ച്ച 6.5 മുതല്‍ 6.7 ശതമാനം വരെയാകുമെന്നാണ് ധനകാര്യ വിദഗ്ധര്‍ പ്രവചിച്ചിരുന്നത്. ഒക്ടോബറില്‍ രാജ്യത്തെ പ്രധാന എട്ടു മേഖലകളിലെ ഉത്പാദനത്തില്‍ 12,1 ശതമാനം വളര്‍ച്ചയുണ്ടായി. കല്‍ക്കരി, സ്റ്റീല്‍, വൈദ്യുതി, സിമന്റ് എന്നിവയുടെ ഉത്പാദനത്തിലുണ്ടായ ഉണര്‍വാണ് ഗുണമായത്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഏഴ് മാസങ്ങളില്‍ ഇന്ത്യയുടെ ധനകമ്മി മൊത്തം ലക്ഷ്യത്തിന്റെ 45 ശതമാനമായി താഴ്ന്നു. മുന്‍വര്‍ഷം ഇക്കാലത്ത് ധനകമ്മി ലക്ഷ്യത്തിന്റെ 45.6 ശതമാനമായിരുന്നു.

ആന്‍സണ്‍ പോള്‍, രാഹുല്‍ മാധവ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘താള്‍’ എന്ന ചിത്രത്തിന്റ ടീസര്‍ പുറത്തുവിട്ടു. താള്‍ ഒരു ക്യാംപസ് ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 8നാണ് റിലീസ്. നവാഗതനായ രാജാസാഗര്‍ ആണ് താളിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ഡോ. ജി കിഷോര്‍ തന്റെ ക്യാംപസ് ജീവിതത്തില്‍ ഉണ്ടായ യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. കോളേജിലെ സൈക്കോളജി ഡിപ്പാര്‍ട്മെന്റ് കേന്ദ്രീകരിച്ചുള്ള കഥയാണ് താളിന്റെ പ്രമേയം. താള്‍ എന്ന പുതിയ ചിത്രത്തിന്റെ കഥ വികസിക്കുന്നത് വിശ്വയും മിത്രനും ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാക്കി വെച്ച അടയാളങ്ങള്‍ തേടി ഇറങ്ങുന്ന ഇന്നത്തെ വിദ്യാര്‍ത്ഥികളിലൂടെയാണ്. ക്യാമ്പസ് ത്രില്ലര്‍ ജോണറില്‍ പെടുത്താവുന്ന സിനിമയ്ക്ക് സാധാരണവയില്‍ നിന്ന് വേറിട്ടൊരു കഥാഖ്യാന രീതിയാണ് അവലംബിച്ചിരിക്കുന്നത്. ചിത്രത്തില്‍ ആരാധ്യ ആന്‍, രഞ്ജി പണിക്കര്‍, രോഹിണി,ദേവി അജിത്ത്, സിദ്ധാര്‍ത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുണ്‍കുമാര്‍, മറീന എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ക്യാമറ അജ്മല്‍ സാബു , എഡിറ്റിങ് ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രന്‍ ,കോസ്റ്റ്യൂം ഡിസൈന്‍സ് ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ലിറിക്സ് സുഹൈല്‍ കോയ, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി ശ്രീജിത്ത് ഡാന്‍സിറ്റി.

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായി ഒല ഇലക്ട്രിക് വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ മാസം അതായത് 2023 നവംബറില്‍ കമ്പനി 30,000 യൂണിറ്റുകള്‍ വിറ്റു. വാഹന്‍ കണക്കുകള്‍ പ്രകാരം ഒലയുടെ 30,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കഴിഞ്ഞ മാസം രജിസ്റ്റര്‍ ചെയ്തു. ഇതുവഴി ഒലയ്ക്ക് പ്രതിമാസ അടിസ്ഥാനത്തില്‍ 30 ശതമാനം വളര്‍ച്ച ലഭിച്ചു. ഉത്സവ സീസണായതിനാല്‍ കഴിഞ്ഞ മാസം മികച്ച പ്രതികരണമാണ് കമ്പനിക്ക് ലഭിച്ചത്. കിഴിഞ്ഞ മാസം പ്രതിദിനം 1000 പേര്‍ വീതം ഒല സ്‌കൂട്ടറുകള്‍ വാങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒല ഇലക്ട്രിക്കിന്റെ വില്‍പ്പനയെക്കുറിച്ച് പറയുമ്പോള്‍, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 82 ശതമാനം ശക്തമായ വളര്‍ച്ചയാണ് കമ്പനി നേടിയത്. നവംബറില്‍ കമ്പനിക്ക് 35 ശതമാനം വിപണി വിഹിതവും ലഭിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള ഇവി നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക്ക് 2021 ഓഗസ്റ്റ് 15-ന് ഒല എസ്1 ലോഞ്ച് ചെയ്തുകൊണ്ട് യാത്ര ആരംഭിച്ചു. വിജയകരമായ രണ്ട് വര്‍ഷത്തിനുള്ളില്‍, ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ നിരവധി സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റുകള്‍ക്കും ഫീച്ചര്‍ മെച്ചപ്പെടുത്തലുകള്‍ക്കും പുതിയ വേരിയന്റുകളുടെ അവതരണത്തിനും സാക്ഷ്യം വഹിച്ചു.

തിരുവിതാംകൂറിലെ സുപ്രസിദ്ധമായ ടെക്‌നോപാര്‍ക്കിന്റെ ക്യാമ്പസില്‍ നടക്കുന്ന നിഗൂഢമായ ചില സംഭവങ്ങള്‍. അതിനു പിന്നില്‍ ആസൂത്രിതമായ ക്രൈമുണ്ടെന്നു മനസ്സിലാവുന്നതോടെ പോലീസ് സംഘം മനുദേവ് എന്ന ടെക്കിയുടെ പിന്തുണ തേടുന്നു. മനുദേവെന്ന കുറ്റാന്വേഷകന്റെ കരിയറില്‍വെച്ചേറ്റവും ദുഷ്‌കരമായ കേസന്വേഷണം നിരവധി ട്വിസ്റ്റുകളിലൂടെ കടന്നുപോകുന്നു. ഒടുവില്‍ ടെക്‌നോ ക്രിമിനലിന്റെ മുന്നില്‍ ടീം പരാജയം സമ്മതിച്ചെന്നു തോന്നിപ്പിക്കുന്ന ഘട്ടത്തില്‍ സവിശേഷമായൊരു നീക്കത്തിലൂടെ മനുവും ടീമും നിര്‍ണായകമായ ആ ബ്രേക്ക് ത്രൂ നേടിയെടുക്കുന്നു. ആദര്‍ശ് മാധവന്‍കുട്ടിയുടെ തിരുവനന്തപുരം ക്രൈം കഥകള്‍ എന്ന കൃതിക്കുശേഷം കേരളത്തിലെ സമകാലിക വിഷയങ്ങളെ ടെക്‌നോപാര്‍ക്കിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ക്രൈം ത്രില്ലര്‍ ആണ് ട്രാവന്‍കൂര്‍ ക്രൈം മാനുവല്‍ എന്ന നോവല്‍. ‘ട്രാവന്‍കൂര്‍ ക്രൈം മാനുവല്‍’. ആദര്‍ശ് മാധവന്‍കുട്ടി. കറന്റ് ബുക്സ്. വില 180 രൂപ.

ആരോഗ്യകരമായ ഹൃദയത്തിന് കൊളസ്‌ട്രോള്‍ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. രണ്ട് തരം കൊളസ്‌ട്രോള്‍ ആണ് ഉള്ളത്. നല്ല കൊളസ്‌ട്രോള്‍ (ഹൈ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍-എച്ച് ഡിഎല്‍), മോശം കൊളസ്‌ട്രോള്‍ (ലോ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍ -എല്‍ഡിഎല്‍). ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ അഥവ ഹൈ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍ (എച്ച്ഡിഎല്‍) കൂടിയാല്‍ പ്രായമായവരില്‍ ഓര്‍മ്മക്കുറവ് വരാനുള്ള സാധ്യതയുണ്ടെന്ന് മോനാഷ് സര്‍വകലാശാലയുടെ പുതിയ പഠനത്തില്‍ പറയുന്നു. ദി ലാന്‍സെറ്റ് റീജിണല്‍ ഹെല്‍ത്ത് വെസ്റ്റേണ്‍ പെസഫിക് ജേണലില്‍ പ്രസിദ്ധീകരച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ആറ് വര്‍ഷം നടത്തിയ പഠനത്തില്‍ ഉയര്‍ന്ന അളവില്‍ എച്ച്ഡിഎല്‍ ഉള്ള പ്രായമായവരില്‍ ഓര്‍മ്മക്കുറവ് ഉണ്ടാവാന്‍ 47 ശതമാനം സാധ്യതയെന്ന് കണ്ടെത്തി. 18,668 പേരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ഇതില്‍ 2709 പേര്‍ക്ക് ഉയര്‍ന്ന അളവില്‍ എച്ച്ഡിഎല്‍-സി ഉണ്ടായിരുന്നു. പഠനത്തില്‍ ഉയര്‍ന്ന അളവില്‍ എച്ച്ഡിഎല്‍ ഉണ്ടായിരുന്ന 75 വയസില്‍ താഴെയുള്ളവരില്‍ 35 പേര്‍ക്ക് ഓര്‍മ്മക്കുറവ് റിപ്പോര്‍ട്ട് ചെയ്തു. 75 വയസും അതിന് മുകളിലുള്ളവരിലും 101 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുരുഷന്മാരില്‍ 40 മുതല്‍ 60 വരെയും സ്ത്രീകളില്‍ 50 മുതല്‍ 60 വരെയുമാണ് എച്ച്ഡിഎല്‍ വേണ്ടത്. നല്ല കൊളസ്ട്രോളിന്റെ അളവ് 80 മുകളില്‍ പോകുന്നത് ഹൃദായാഘാതത്തിന് വരെ കാണമാകാം. ഓര്‍മ്മക്കുറവിലേക്ക് ഉയര്‍ന്ന നല്ല കൊളസ്ട്രോള്‍ നയിക്കുന്നതില്‍ കൂടുതല്‍ പഠനം ആവശ്യമാണ്. ഹൃദയാരോഗ്യത്തിന് നല്ല കൊളസ്‌ട്രോളിന്റെ ആവശ്യം എത്ര പ്രധാനപ്പെട്ടതാണെന്ന് നമ്മള്‍ക്ക് അറിയാം. എന്നാല്‍ നല്ല കൊളസ്‌ട്രോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ എത്രത്തോളം ബാധിക്കുമെന്ന് കൂടുതല്‍ പഠനവിധേയമാക്കണമെന്നും ഗവേഷകര്‍ പറയുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

അവര്‍ മലഞ്ചെരുവിലൂടെ നടക്കുകയായിരുന്നു. നടക്കുന്നതിനിടെ ശിഷ്യന്‍ കാലുതെന്നി താഴേക്ക് പതിച്ചു. പാതിവഴിയില്‍ ഒരു മുളയില്‍ അവന് പിടുത്തംകിട്ടി. മുള മുഴുവനായി വളഞ്ഞെങ്കിലും അത് ഒടിഞ്ഞില്ല. ഓടിയെത്തിയ ഗുരു അവനെ പിടിച്ചുകയററി. തിരിച്ചുളള യാത്രയില്‍ ഗുരു ശിഷ്യനോട് ചോദിച്ചു: ആ മുള നിന്നോട് പറഞ്ഞത് നീ കേട്ടുവോ? ഒന്നും മനസ്സിലാകാതെ തന്നെ നോക്കി നിന്ന ശിഷ്യനോട് ഗുരു പറഞ്ഞു: മുള മുഴുവനായിട്ടും വളഞ്ഞിട്ടും അത് നിന്നെ വീഴാതെ കാത്തു. മെയ്വഴക്കമാണ് അതിജീവനത്തിന്റെ ആദ്യപാഠം. വേരോടെ പിഴുതെറിയുന്ന സാഹചര്യങ്ങളെ എതിര്‍ത്തു തോല്‍പിക്കാനാകില്ല. പ്രതിരോധിക്കാനായില്ലെങ്കില്‍ വഴങ്ങിക്കൊടുക്കണം. കാറ്റിന്റെ ശക്തിക്കുമുമ്പില്‍ ഒരു മുളങ്കമ്പും തലയുയര്‍ത്തി നില്‍ക്കാറില്ല. തലകുനിച്ച് അവ കാറ്റിനെ തട്ടിയകറ്റും. ഇളകിമറിഞ്ഞ് താളം കണ്ടെത്തും. ഏത് അനര്‍ത്ഥത്തിനും സമയപരിധിയുണ്ട്. അല്‍പനേരം മാത്രം നീണ്ടുനില്‍ക്കുന്ന വിഷമഘട്ടങ്ങളോട് പുലര്‍ത്തുന്ന സമീപനമാണ് ജീവിതമെന്ന ദീര്‍ഘദൂരയാത്രയുടെ മികവും ഭാഗധേയവും തീരുമാനിക്കുന്നത്. എന്തായിരുന്നുവോ, അതിലേക്കുളള തിരിച്ചുവരവാകണം ഓരോ ആപല്‍ഘട്ടത്തേയും നേരിടുമ്പോഴുളള നമ്മുടെ ലക്ഷ്യം. ആ ഘട്ടത്തിനനുസരിച്ച് പ്രതികരണശൈലിയും മനോഭാവങ്ങളും രൂപപ്പെടുത്താന്‍ നമുക്ക് സാധിക്കണം. ഇതാകട്ടെ അതിജീവനത്തിനത്തിന്റെ തന്ത്രവും മന്ത്രവും – ശുഭദിനം.