മൂന്ന് വയസിന് മുകളില്‍ പ്രായമായ കുഞ്ഞുങ്ങളില്‍ കണ്ടുവരുന്നൊരു പ്രധാന പ്രശ്നമാണ് മൂക്കിലെ ദശ വളര്‍ച്ച (അഡിനോയിഡ് ഹൈപെര്‍ട്രോഫി). മൂക്കിനു പിന്‍വശത്തായി രണ്ട് മുതല്‍ 15 വരെ വയസ്സായ കുട്ടികളില്‍ സാധാരണയായി കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് അഡിനോയിഡ്. ഈ ഗ്രന്ഥിയുടെ ക്രാമാതീതമായ വളര്‍ച്ചയാണ് അഡിനോയിഡ് ഹൈപെര്‍ട്രോഫി. അലര്‍ജി, പാരമ്പര്യം, മുലപ്പാല്‍ കുടിക്കാത്ത കുട്ടികള്‍, തുടര്‍ച്ചയായുള്ള അണുബാധ, അന്തരീക്ഷ മലിനീകരണം തുടങ്ങിയ ചിലതാണ് ഈ അവസ്ഥയ്ക്ക് കാരണം. ഇത് പലവിധ രോഗങ്ങള്‍ക്കും ഇത് കാരണമാകും. അഡിനോയിഡ് ഹൈപെര്‍ട്രോഫിയുടെ ലക്ഷണങ്ങളില്‍ പ്രധാനം കേള്‍വിക്കുറവാണ്. വിളിക്കുമ്പോള്‍ പ്രതികരിക്കാതിരിക്കുന്നതും പാട്ടുകേള്‍ക്കുമ്പോഴോ ടിവി കാണുമ്പോഴോ ഒച്ച പോരെന്നു തോന്നി ശബ്ദം കൂട്ടിവെക്കുന്നതും ലക്ഷണങ്ങളാണ്. ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുക, കൂടുതല്‍ സമയവും വാ തുറന്നിരിക്കുക, വായില്‍ പത വരുക, ബെഡില്‍ ഉരുണ്ടു മറിയുക, അറിയാതെ കിടക്കയില്‍ മൂത്രം ഒഴിക്കുക എന്നിവയാണ് അഡിനോയിഡ് ഹൈപെര്‍ട്രോഫിയുടെ മറ്റ് ലക്ഷണങ്ങള്‍. ചില കുട്ടികള്‍ക്ക് ഉറക്കത്തില്‍ ശ്വാസം നിന്ന് പോകുന്ന അവസ്ഥ വരെ ഉണ്ടാകാം. ചില കുട്ടികളില്‍ ചെവിവേദന, ചെവിയിലെ പഴുപ്പ് ഒലിക്കല്‍ എന്നീ ലക്ഷണങ്ങളും ഉണ്ടാകും. അതേസമയം പ്രായമായ കുട്ടികളില്‍ കൂര്‍ക്കം വലി, ചെവിവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. വളരെ നാളുകള്‍ ആയുള്ള അഡിനോയ്ഡ് ഗ്രന്ഥിയുടെ അമിത വളര്‍ച്ച കാരണം കുഞ്ഞുങ്ങളുടെ മുഖത്തിന്റെ ഷേപ്പ് മാറി പോയിട്ടുണ്ടാകും. കുട്ടികളുടെ വട്ട മുഖം മാറിയിട്ട് നീളമുള്ള മുഖമായി മാറും. പല്ലുകള്‍ പൊന്തിയും ക്രമം തെറ്റിയുമാകും. പലപ്പോഴും പല്ലുകള്‍ ക്ലിപ്പ് ഇട്ടു നേരെ ആക്കാന്‍ ദന്ത ഡോക്ടറെ കാണിക്കുമ്പോള്‍ അവര്‍ ആയിരിക്കും കുട്ടിയുടെ മൂക്കില്‍ തടസങ്ങള്‍ എന്തേലും ഉണ്ടോ എന്ന് നോക്കാന്‍ പറയുന്നത്. കാരണം മൂക്കില്‍ അഡിനോയ്ഡ് വളര്‍ച്ച ഉള്ളിടത്തോളം കാലം, പല്ലില്‍ ക്ലിപ്പ് ഇട്ടിട്ടും കാര്യം ഇല്ല. അഡിനോയിഡ് രോഗനിര്‍ണ്ണയം നടത്തുന്നതിന് ഇഎന്‍ടിയില്‍ പലവിധ സംവിധാനങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട എന്‍ഡോസ്കോപ്പി പോലെയുള്ള മാര്‍ഗ്ഗങ്ങളോട് കുഞ്ഞുങ്ങള്‍ വിമുഖത കാട്ടിയാല്‍ എക്സ്റേയിലൂടെ രോഗനിര്‍ണ്ണയം നടത്താനും ചികിത്സ നിശ്ചയിക്കാനും കഴിയും.
അഡിനോയിഡ് ഹൈപെര്‍ട്രോഫി ലക്ഷണങ്ങള്‍
