മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എന്‍ഡിഎ സെക്രട്ടറിയേറ്റ് വളഞ്ഞു. ഇന്നലെ രാത്രി എട്ടോടെ തുടങ്ങിയ സമരം ഇന്നു രാവിലെയാണ് എല്ലാ ഗേറ്റുകളിലേക്കും വ്യാപിപ്പിച്ചത്. വിലക്കയറ്റം, അഴിമതി തുടങ്ങിയവക്കെതിരേയാണ് സമരം.
വിദ്വേഷ പ്രചാരണം ഒഴിവാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കളമശേരി സ്‌ഫോടനത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ കക്ഷി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ജീവന്‍ കൊടുത്തും നിലനിര്‍ത്തുമെന്നും എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി.
കണ്ണൂരിലും കോഴിക്കോടും സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. യാത്രക്കാര്‍ വലഞ്ഞു. തലശ്ശേരിയില്‍ ബസ് ജീവനക്കാരനെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തതിനാണ് പ്രതിഷേധം. തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ് മേഖലകളിലെ 15 ലധികം റൂട്ടുകളിലാണ് മിന്നല്‍ പണിമുടക്ക് കെട്ടിച്ചമച്ച കേസാണെന്നുമാണ് ബസ് ജീവനക്കാര്‍ പറയുന്നത്.
കളമശേരി സ്‌ഫോടനത്തില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ള നാലു പേരുടെ നില അതീവ ഗുരുതരമാണെന്ന് ആരാഗ്യമന്ത്രി വീണ ജോര്‍ജ്. ഇതില്‍ രണ്ടു പേര്‍ വെന്റിലേറ്ററിലാണ്. ആകെ ചികിത്സയിലുള്ളത് 17 പേരാണ്.
മരിച്ച കുട്ടിയുടെ അമ്മയും സഹോദരനും ഗുരുതരാവസ്ഥയിലാണെന്നും മന്ത്രി പറഞ്ഞു.
കളമശേരി സ്‌ഫോടനത്തിനു ബോംബ് നിര്‍മിച്ചതും സ്‌ഫോടനം നടത്തിയതും ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റക്കെന്ന് പൊലീസ്. മറ്റാരുടെയും സഹായമില്ല. കളമശേരിയിലെ എആര്‍ ക്യാംപില്‍ മാര്‍ട്ടിനെ വിശദമായി ചോദ്യം ചെയ്തു. പെട്രോള്‍, പടക്കം, ബാറ്ററി എന്നിവ ഉപയോഗിച്ച് പ്ലാസ്റ്റിക് കവറിലാണ് ഐഇഡി ഉണ്ടാക്കിയത്. ട്രിഗര്‍ ചെയ്യാന്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചെന്നും പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതി ഡൊമിനിക് മാര്‍ട്ടിനെ എന്‍ഐഎയും ചോദ്യം ചെയ്തു.
കെ. കരുണാകരനെതിരേ താനടക്കമുള്ളവര്‍ നയിച്ച തിരുത്തല്‍വാദം തെറ്റായിപ്പോയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലീഡറുടെ അമിതമായ പുത്രവാല്‍സല്യത്തിനെതിരേ അന്നു ചെയ്ത പ്രവര്‍ത്തനങ്ങളില്‍ പശ്ചാത്തപിക്കുന്നു. മക്കള്‍ രാഷ്ട്രീയത്തിനെതിരായ പൊതുവികാരമായിരുന്നു അന്നുണ്ടായിരുന്നത്. ചെന്നിത്തല പറഞ്ഞു.
മൂന്നാറിലെ ചിന്നക്കനാലില്‍ മൂന്നാര്‍ കാറ്ററിംഗ് കോളജ് ഹോസ്റ്റല്‍ കെട്ടിടം സര്‍ക്കാര്‍ ഏറ്റെടുത്തു. അനധികൃതമായി കയ്യേറിയ 7.07 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ടിസന്‍ തച്ചങ്കരി കയ്യേറിയ ഭൂമിയും ഒഴിപ്പിച്ചു.
കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളര്‍ത്തിയതിന് പത്തനംതിട്ടയില്‍ കേസ്. റിവ ഫിലിപ്പ് എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസ്. എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എസ്ഡിപിഐ ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് കേസെടുത്തത്.
കളമശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വന്‍ഷനില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വര്‍ഗീയ വിദ്വേഷ സന്ദേശങ്ങള്‍ക്ക് കാരണമായ ഔദ്യോഗിക പേജുകള്‍ക്കെതിരെ ഐഎന്‍എല്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ് ഡിജിപിക്കു പരാതി നല്‍കി.
ബിജെപി നേതാവ് സന്ദീപ് വാര്യര്‍, വിഎച്പി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചര്‍, മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ എന്നിവര്‍ക്കെതിരേയാണു പരാതി.
ഹരിപ്പാട് കരുവാറ്റ സിബിഎല്‍ മത്സരത്തിനുശേഷം തുഴച്ചില്‍കാരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കരുവാറ്റ സ്വദേശികളായ അനൂപ്, അനീഷ് (കൊച്ചുമോന്‍), പ്രശാന്ത് എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റു ചെയ്തത്.
തിരുവനന്തപുരം മഹല്ല് എംപവര്‍ കമ്മിറ്റി ഇന്ന് തിരുവനന്തപുരത്തു നടത്തുന്ന പലസ്തീന്‍ ഐക്യ ദാര്‍ഢ്യ പരിപാടിയില്‍ നിന്ന് സിപിഎം നേതാവ് എം എ ബേബിയേയും ഒഴിവാക്കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹമാസിനെ വിമര്‍ശിച്ചു ബേബി നടത്തിയ വീഡിയോ പ്രചരിച്ചതോടെയാണ് ബേബിയേയും ഒഴിവാക്കിയത്. നേരത്തെ കോഴിക്കോട്ടെ പ്രസംഗത്തിന്റെ പേരില്‍ ശശി തരൂരിനെ ഒഴിവാക്കിയിരുന്നു. നിലവില്‍ മത പണ്ഡിതര്‍ മാത്രമാണ് പരിപാടിയിലുള്ളത്.
സീരിയല്‍- സിനിമ നടി രജ്ഞുഷ മേനോനെ തിരുവനന്തപുരം ശ്രീകാര്യം കരിയത്തെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തഞ്ച് വയസായിരുന്നു.
ആന്ധ്രാപ്രദേശില്‍ ഇന്നലെയുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരില്‍ പാലസ എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റും ഗാര്‍ഡും ഉള്‍പ്പെടുന്നു. ആന്ധ്രയിലെ വിഴിയനഗരത്തിലാണ് ഇന്നലെ എതിര്‍ദിശയിലുള്ള ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
ഇസ്രായേലിലെയും പാലസ്തീനിലെയും ജനങ്ങള്‍ക്ക് സമാധാനത്തോടെ കഴിയാന്‍ അവകാശമുണ്ടെന്ന് സോണിയാഗാന്ധി . പലസ്തീന്‍ ജനതയുടെ അവകാശലംഘനം കണ്ടില്ലെന്ന് നടിച്ചാണ് പ്രധാനമന്ത്രി ഇസ്രയേലിനു പിന്തുണ നല്‍കിയത്. സോണിയ പറഞ്ഞു.
ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയ മദ്യനയ അഴിമതിക്കേസില്‍ നല്‍കിയ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. വിചാരണ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് എന്റോഴ്‌സമെന്റ് അറിയിച്ചത് കണക്കിലെടുത്താണ് തീരുമാനം. പൂര്‍ത്തിയായില്ലെങ്കില്‍ വീണ്ടും സിസോദിയ്ക്കു ജാമ്യാപേക്ഷ നല്‍കാമെന്നു കോടതി.
നെല്‍വയലില്‍ തലയില്‍ കെട്ടും കൈയില്‍ അരിവാളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഛത്തീസ്ഗഡിലെ കത്തിയ ഗ്രാമത്തിലാണു രാഹുല്‍ കര്‍ഷകരോടൊപ്പം കൊയ്തും സംസാരിച്ചും ഏറെ നേരം ചെലവഴിച്ചത്. ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ആവിഷ്‌കരിച്ച പദ്ധതികളെ കുറിച്ച് രാഹുല്‍ സംസാരിച്ചു.
രണ്ടര കോടി രൂപയുടെ സര്‍ക്കാര്‍ ഫണ്ട് അപഹരിച്ച കേസില്‍ ഡല്‍ഹി പൊലീസിലെ പത്ത് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേന അനുമതി നല്‍കി. 2019 ലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ട് വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാര്‍, മൂന്ന് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, അഞ്ച് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.