ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം പ്രധാന വ്യവസായ ശൃംഖലയായ ടാറ്റ ഗ്രൂപ്പിന്. ഇന്ത്യയില്‍ ടാറ്റ ഗ്രൂപ്പ് ആപ്പിള്‍ ഐഫോണ്‍ നിര്‍മാണം ആരംഭിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ആഭ്യന്തര, ആഗോള കമ്പോളത്തിനുള്ള ഐഫോണുകളാണ് ഇവിടെ നിര്‍മ്മിക്കുക. രണ്ടരവര്‍ഷത്തിനുള്ളില്‍ ടാറ്റ ഗ്രൂപ്പ് നിര്‍മ്മാണം ആരംഭിക്കും. ആപ്പിള്‍ ഐഫോണ്‍ നിര്‍മിക്കുന്ന തായ്വാനിലെ വിസ്ട്രോണ്‍ കോര്‍പ്പറേഷന്റെ ഉപകമ്പനിയായ വിസ്ട്രോണ്‍ ഇന്‍ഫോകോം മാനുഫാക്ചറിംഗിനെ 1,040 കോടി രൂപയ്ക്ക് ടാറ്റ ഏറ്റെടുക്കും. കമ്പനിയുടെ 100 ശതമാനം ഓഹരിയും ടാറ്റ ഗ്രൂപ്പിന് കീഴിലാകും. വിസ്ട്രോണിന് പുറമെ ഫോക്സ്‌കോണും പെഗാട്രോണും ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മിക്കുന്നുണ്ട്. ഇവരും തായ്വാന്‍ കമ്പനികളാണ്. ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി ഐ ഫോണ്‍ നിര്‍മാണത്തിലേക്ക് കടക്കുന്നത്. ആ റെക്കോഡും ഇനി ടാറ്റയ്ക്ക് സ്വന്തം. ആകെ ഐഫോണ്‍ നിര്‍മാണത്തിന്റെ 25 ശതമാനവും ഇന്ത്യയില്‍ നിന്നാക്കാന്‍ ആപ്പിളിന് പദ്ധതിയുണ്ട്. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയിലൂടെ ഐ ഫോണ്‍ നിര്‍മാണമുള്‍പ്പെടെയുള്ള ആഭ്യന്തര ഉല്‍പ്പാദനശ്രേണി വികസിക്കുമ്പോള്‍ ആഗോള ഇലക്ട്രോണിക് കമ്പനികള്‍ രാജ്യത്തെ ഉല്‍പ്പാദന ഹബ് ആയി കാണുന്ന സ്ഥിതിയുണ്ടാകുമെന്നാണ് പ്രതീക്ഷ.