കുഞ്ഞുബാലികയുടെ താഴെ വീണുപോയ കുഞ്ഞു ഷൂസ് തുമ്പിക്കൈകൊണ്ട് എടുത്തുകൊടുക്കുന്ന കൊമ്പനാന. ആളെകൊന്നും വീടു തകര്‍ത്തും വീരതാരങ്ങളായ കേരളത്തിലെ ചില ആനകളേപ്പോലെയല്ല ഈ കൊമ്പന്‍. ചൈനയിലെ ഷാന്‍ഡോങ്ങിലെ വെയ്ഹായ് സിറ്റിയിലെ മൃഗശാലയിലാണ് ഈ സംഭവം. ആനയുടെ കരുതല്‍ വെളിപ്പെടുത്തുന്ന വീഡിയോ എക്സ് പ്ളാറ്റ്ഫോമില്‍ പങ്കുവച്ചത് ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ്. തന്റെ കാലു കൊണ്ട് ചവിട്ടിപ്പിടിച്ച ഒരു വസ്തുവിലേക്ക് ആന തുമ്പിക്കൈ നീട്ടുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പെട്ടെന്ന് തന്നെ ആന കാലിനടിയില്‍ നിന്ന് ഒരു വസ്തു തുമ്പിക്കൈകൊണ്ട് എടുത്തു. തുമ്പിക്കൈ മുകളിലുള്ള പ്ളാറ്റ്ഫോമിലേക്ക് ഉയര്‍ത്തി. കമ്പികള്‍ക്കിടയിലൂടെ രണ്ടു കുഞ്ഞിക്കൈകളും നീട്ടി ആ ഷൂ തുമ്പിക്കൈയില്‍നിന്ന് ഏറ്റുവാങ്ങുന്നതോടെ വീഡിയോ അവസാനിക്കുന്നു. കുഞ്ഞിന്റെ താഴെ വീണുപോയ ഷൂ ആന എടുത്തുകൊടുക്കുകയായിരുന്നെന്ന് അപ്പോഴാണ് മനസിലാകുക. വളരെ മുകളിലുള്ള പ്ളാറ്റ്ഫോമില്‍നിന്നുകൊണ്ട് താഴെയുള്ള തുറന്ന മൃഗശാലയിലുള്ള ആനയെ കാണുകയായിരുന്ന കുടുംബിലെ ഒരു കുഞ്ഞിന്റെ കൊച്ചു ഷൂ താഴേയ്ക്കു വീണതായിരുന്നു. ആ ഷൂ ആന തുമ്പിക്കൈകൊണ്ട് എടുത്തു കൊടുക്കുന്ന ദൃശ്യമാണു വീഡിയോയിലുള്ളത്. അനേകായിരങ്ങളാണ് ഈ വീഡിയോ കണ്ടത്. രസകരമായ അനേകം കമന്റുകളുമുണ്ട്. അരിക്കൊമ്പനും ചക്കക്കൊമ്പനും പടയപ്പയും പിടി സെവനും അടക്കമുള്ള കൊലകൊമ്പന്‍ കാട്ടാനകള്‍ മുതല്‍ കേരളത്തില്‍ ഏറ്റവും തലയെടുപ്പുള്ള നാട്ടാന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വരെ വാഴുന്ന കേരളത്തില്‍ ചൈനയിലെ ആനയ്ക്ക് ആരാധകരുണ്ടായാലും ഇല്ലെങ്കിലും ലോകമെങ്ങും ആരാധകരുണ്ട്.
കുഞ്ഞു ഷൂ തുമ്പിയിലെടുത്ത ആന
