ടിനു പാപ്പച്ചന്‍ ചിത്രം ‘ചാവേര്‍’ ട്രെയ്ലര്‍ 4 മില്യണിലേറെ കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്. ഇന്നുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പില്‍ ചാക്കോച്ചന്‍ എത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് എന്നിവരാണ് നായകന്മാരാകുന്നത്. ജീവനെപോലെ വിശ്വസിക്കുന്ന പാര്‍ട്ടിക്കുവേണ്ടി സ്വന്തം ജീവന്‍ പോലും നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്നവരുടെയും, കൊണ്ടും കൊടുത്തും പയറ്റി തെളിഞ്ഞവരുടെയുമൊക്കെ ജീവിതം പറയുന്ന ഒരു പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പില്‍ സിനിമയിലെത്തുന്നു. മനോജ് കെ.യു, സജിന്‍ ഗോപു, അനുരൂപ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്. നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയ തിരക്കഥക്കാണ് ചാവേറായി ടിനു പാപ്പച്ചന്‍ ജീവന്‍ പകര്‍ന്നിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളും മറ്റും മുന്‍നിര്‍ത്തി ഒട്ടേറെ നിഗൂഢതകളും ഉദ്വേഗ ജനകമായ കഥാ മുഹൂര്‍ത്തങ്ങളും ത്രില്ലും സസ്‌പെന്‍സുമൊക്കെ നിറച്ചുകൊണ്ടെത്തുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.