night news hd 5

 

സംസ്ഥാനത്തെ എല്ലാ അതിഥിതൊഴിലാളികളെയും രജിസ്റ്റര്‍ ചെയ്യുന്ന തീവ്രയജ്ഞത്തിനു തൊഴില്‍ വകുപ്പ് നാളെ തുടക്കം കുറിക്കും. പോര്‍ട്ടല്‍ വഴിയാണു രജിസ്ട്രേഷന്‍. സംസ്ഥാനത്ത് എത്തുന്ന എല്ലാ അതിഥി തൊഴിലാളികളും രജിസ്റ്റര്‍ ചെയ്യണമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു.

ദേശീയ പാത വികസന പദ്ധതികള്‍ക്കു ചരക്ക് സേവന നികുതി വിഹിതവും നിര്‍മാണ സാമഗ്രികളുടെ റോയല്‍റ്റിയും കേരളം കേന്ദ്രത്തിനു വിട്ടുകൊടുക്കാന്‍ ധാരണ. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണു ധാരണ. എറണാകുളം ബൈപ്പാസ്, കൊല്ലം-ചെങ്കോട്ട എന്‍എച്ച് എന്നീ രണ്ട് പദ്ധതികള്‍ക്കു ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്റെ നിര്‍ദിഷ്ട 25 ശതമാനം സംസ്ഥാന വിഹിതം ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പകരമായി സംസ്ഥാന ജിഎസ്ടി വിഹിതവും നിര്‍മാണ സാമഗ്രികളുടെ റോയല്‍റ്റിയും സംസ്ഥാന സര്‍ക്കാര്‍ വിട്ടുതരണമെന്നാണു കേന്ദ്രത്തിന്റെ ആവശ്യം കേരളം അംഗീകരിക്കുകയായിരുന്നു.

കേരളത്തില്‍ ഇന്നലെ മൂന്നിടത്തായി ഏഴു പേര്‍ മുങ്ങി മരിച്ചു. വൈക്കം വെള്ളൂരില്‍ ബന്ധുക്കളായ മൂന്നു പേരും പാലക്കാട് വാളയാറില്‍ രണ്ട് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളുമാണ് മരിച്ചത്. ഇടുക്കി നെടുങ്കണ്ടത്തിന് സമീപം തൂവല്‍ വെള്ളച്ചാട്ടത്തില്‍ രണ്ടു കുട്ടികളും മുങ്ങിമരിച്ചു. വൈക്കം വെള്ളൂരില്‍ മൂവാറ്റുപുഴയാറില്‍ ഇറങ്ങിയ അരയന്‍കാവ് സ്വദേശി ജോണ്‍സണ്‍(55), സഹോദരിയുടെ മകന്‍ അലോഷ്യസ് (16), സഹോദരന്റെ മകള്‍ ജിസ്‌മോള്‍(15) എന്നിവരാണ് മരിച്ചത്. ഇടുക്കി നെടുങ്കണ്ടത്തിനു സമീപം തൂവല്‍ വെള്ളച്ചാട്ടത്തിലെ ജലാശയത്തില്‍ നെടുങ്കണ്ടം സ്വദേശി സെബിന്‍ സജി, ആദിയാര്‍പുരം സ്വദേശിനി അനില എന്നിര്‍ മരിച്ചു. പാലക്കാട് വാളയാര്‍ ഡാമില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളായ ഷണ്‍മുഖം, തിരുപ്പതി എന്നിവരാണ് മരിച്ചത്.

സ്പീക്കര്‍ ഷംസീര്‍ നടത്തിയ മിത്ത് വിവാദത്തില്‍ മുഖ്യമന്ത്രി മിണ്ടുന്നില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്പീക്കര്‍ മാപ്പു പറയാതെ വിവാദം അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ സഭ നിയന്ത്രിച്ചാല്‍ സഹകരിക്കുമോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു. മിത്ത് വിവാദത്തില്‍ 10 ന് സഭക്കു മുന്നില്‍ നാമജപ യാത്ര നടത്താന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്.

മിത്ത് വിവാദത്തില്‍ അക്രമ സമരത്തിന് ജനങ്ങളെ ഇറക്കാനില്ലെന്ന അന്തസുള്ള നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചതെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. തെറ്റുകളെ നിയമപരമായി നേരിടുകയെന്നതാണ് എന്‍ എസ് എസ് നിലപാടെന്നും അദ്ദേഹം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തശേഷം പ്രതികരിച്ചു.

വീടു കയറി ആക്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള യൂട്യൂബറുടെ പരാതിയില്‍ പോലീസ് നടന്‍ ബാലയുടെ മൊഴി എടുത്തു. പരാതിയില്‍ ആരോപിച്ച തോക്ക് കണ്ടെത്തിയില്ലെന്നും പൊലീസ് വ്യക്തമാക്കി. യൂട്യൂബര്‍ അജു അലക്‌സും സന്തോഷ് വര്‍ക്കിയും ചേര്‍ന്ന് തനിക്കെതിരെ ഗൂഡാലോചന നടത്തി ഉണ്ടാക്കിയ വ്യാജ ആരോപണമാണ് തോക്കു കാട്ടി അക്രമം നടത്തിയെന്ന കഥയെന്നാണ് ബാല മൊഴി നല്‍കിയത്.

മണിപ്പൂരിലേത് വെറും കലാപമല്ല, വംശീയ ഉന്മൂലനമാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്. സ്ത്രീകളെ റേപ്പ് ചെയ്യാന്‍ സ്ത്രീകള്‍ തന്നെ ആഹ്വാനം ചെയ്യുന്നു. മണിപ്പൂരില്‍ മാത്രമല്ല ഇപ്പോള്‍ ഹരിയാനയിലും കലാപത്തീ പടര്‍ത്തി. തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നവമലയാളി സാംസ്‌കാരിക പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്. രാജ്യത്ത് കലാപം പടരുമ്പോള്‍ അത്താഴത്തിന് അപ്പം തിന്ന കഥയാണ് മോദി പറയുന്നതെന്നും അരുന്ധതി റോയ് പരിഹസിച്ചു.

ഇടുക്കി ജില്ലയില്‍ 19 നു കോണ്‍ഗ്രസ് ഹര്‍ത്താല്‍. ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. 16 ന് ദേവികുളം ആര്‍ ഡി ഒ ഓഫീസിലേക്ക് മാര്‍ച്ചു നടത്താനും തീരുമാനിച്ചു.

സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒരെണ്ണത്തിന്റെ പേരുടമയായി ഇന്ത്യയുടെ അഭിമാനമായി മാറിയ ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. അശ്വിന്‍ ശേഖറിനെ ചെര്‍പ്പുളശേരി നെല്ലായയിലെ വീട്ടിലെത്തി അനുമോദിച്ച് മന്ത്രി വി ശിവന്‍കുട്ടി. അന്താരാഷ്ട്ര അസ്ട്രോണമിക്കല്‍ യൂണിയന്‍ (ഐഎയു) ജൂണിലാണ് ഛിന്നഗ്രഹത്തിന് അശ്വിന്റെ പേരിട്ടത്. പാരിസ് ഒബ്‌സര്‍വേറ്ററി ഉല്‍ക്കാപഠനസംഘത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനാണ് അദ്ദേഹം.

കണ്ണൂര്‍ മേലേ ചമ്പാട്ടെ സിപിഎം പ്രാദേശിക നേതാവ് രാഗേഷിനെതിരെ കാപ്പ ചുമത്തിയതില്‍ പ്രതിഷേധിച്ച് അണികള്‍ തെരുവിലിറങ്ങി പ്രകടനം നടത്തി. പാര്‍ട്ടി വിലക്ക് ലംഘിച്ചാണ് സ്ത്രീകളും കുട്ടികളുമടക്കം അന്‍പതോളം പേര്‍ പ്രകടനം നടത്തിയത്. മൂന്നു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാഗേഷ്.

ഇടുക്കി ബോഡിമെട്ടില്‍ രണ്ടു വേട്ടക്കാര്‍ വനംവകുപ്പുകാരുടെ പിടിയില്‍. രാജാക്കാട് സ്വദേശികളായ ഡസിന്‍, ദിനേശ് എന്നിവരെയാണ് പിടികൂടിയത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു.

മുന്‍ നക്‌സലൈറ്റും, വിപ്ലവഗായകനും ആക്റ്റിവിസ്റ്റുമായ ഗദ്ദര്‍ അന്തരിച്ചു. 74 വയസായിരുന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശസ്ത്രക്രിയക്കിടെ ആരോഗ്യനില വഷളായി മരിക്കുകയായിരുന്നു.

എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ വിശ്വസ്തനും എന്‍സിപി മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷനുമായ ജയന്ത് പാട്ടീല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്ന് അഭ്യൂഹം. എന്നാല്‍ താന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നാണ് ജയന്ത് പാട്ടീല്‍ പറയുന്നത്.

പാക്കിസ്ഥാനില്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞ് 33 യാത്രക്കാര്‍ മരിച്ചു. നൂറോളം പേര്‍ക്കു പരിക്കേറ്റു. കറാച്ചിയില്‍നിന്ന് റാവല്‍പിണ്ടിയിലേക്കു പോകുകയായിരുന്ന ഹസാര എക്‌സ്പ്രസാണ് പാളം തെറ്റിയത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *