S3 yt cover

സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളും തര്‍ക്കങ്ങളും ഒത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അസാധാരണ അധികാരകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ഐജി ഗുഗുലോത്ത് ലക്ഷ്മണ്‍ ഹൈക്കോടതിയില്‍. മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പിനു തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഈ ആരോപണം. ഹൈക്കോടതി ആര്‍ബിട്രേറ്റര്‍മാരെ ചുമതലപ്പെടുത്തുന്ന തര്‍ക്കങ്ങള്‍ പോലും പരിഹരിക്കുന്നത് ഈ അധികാര കേന്ദ്രമാണ്. മോന്‍സണ്‍ കേസിലും തിരശീലയ്ക്കു പിറകില്‍ ഈ കരങ്ങളുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചു. ചോദ്യം ചെയ്യാന്‍ തിങ്കളാഴ്ച ഹാജരാകണമെന്നു ക്രൈംബ്രാഞ്ച് ലക്ഷ്മണിന് നോട്ടീസ് നല്‍കിയിരിക്കേയാണ് ഈ ആരോപണം.

ആലുവായില്‍ കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിപ്പൊതിഞ്ഞ നിലയില്‍ ആലുവ മാര്‍ക്കറ്റില്‍ കണ്ടെത്തി. പെണ്‍കുട്ടിക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മുക്കത്തു പ്ലാസയില്‍ വാടകയ്ക്കു താമസിക്കുന്ന ബിഹാര്‍ ബിഷാംബര്‍പൂര്‍ സ്വദേശി രാംധര്‍ തിവാരിയുടെ മകള്‍ ചാന്ദിനിയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കസ്റ്റഡിയിലെടുത്ത ആസാം സ്വദേശി അസ്ഫാക് ആല തന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നു പോലീസ്.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അസ്ഫാക് ആലയെ തെളിവെടുപ്പിനായി ആലുവാ മാര്‍ക്കറ്റിനരികില്‍ എത്തിച്ചെങ്കിലും ജനങ്ങളുടെ പ്രതിഷേധംമൂലം പോലീസിനു മടങ്ങേണ്ടിവന്നു. കുഞ്ഞിനെ കൊന്നത് എന്തിനാണെന്നു വ്യക്തമല്ല. കുഞ്ഞിനെ സക്കീര്‍ എന്നയാള്‍ക്കു വിറ്റെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞത് കേസന്വേഷണം വഴിതെറ്റിച്ചു വിടാനാണെന്നു പോലീസ് കരുതുന്നു. മദ്യപിച്ചു സുബോധമില്ലാതിരുന്ന ഇയാളെ പിടികൂടിയ ഉടനേ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു. ദേശീയ ഉപാധ്യക്ഷനായി അബ്ദുള്ളകുട്ടിയും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ബി എല്‍ സന്തോഷും തുടരും. ജെ പി നദ്ദയാണ് ബിജെപിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. മലയാളിയായ അരവിന്ദ് മേനാനും ദേശീയ സെക്രട്ടറിയായി തുടരും. കേരളത്തിന്റെ സഹ പ്രഭാരി രാധാ മോഹന്‍ അഗര്‍വാളിന് ജനറല്‍ സെക്രട്ടറി സ്ഥാനമുണ്ട്.

പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ 21 എംപിമാര്‍ നടത്തുന്ന മണിപ്പൂര്‍ സന്ദര്‍ശനം ഇന്നും നാളെയും. 16 പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളാണ് മണിപ്പൂരിലെത്തുന്നത്. ആദ്യം മലയോര മേഖലകളും പിന്നീട് താഴ്‌വരയും സന്ദര്‍ശിക്കും. രണ്ട് സംഘങ്ങളായിട്ടാണ് സന്ദര്‍ശനം. നാളെ രാവിലെ പ്രതിപക്ഷ സംഘം ഗവര്‍ണറെ കാണും. കേരളത്തില്‍ നിന്നുള്ള എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍ (മുസ്ലിം ലീഗ്), എന്‍കെ പ്രേമചന്ദ്രന്‍ (ആര്‍എസ്പി), എഎ റഹീം (സിപിഎം), സന്തോഷ് കുമാര്‍(സിപിഐ) എന്നിവര്‍ സന്ദര്‍ശന സംഘത്തിലുണ്ട്.

കോളേജ് പ്രിന്‍സിപ്പല്‍ നിയമനത്തിനായുള്ള അന്തിമപട്ടിക കരട് പട്ടികയാക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി നിര്‍ദേശിച്ചത് ഭരണാനുകൂല കോളജ് സംഘടനയായ എകെജിസിടിയുടെ ആവശ്യപ്രകാരം. 43 പേരുടെ അന്തിമ പട്ടികക്കെതിരെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 27 ന് എകെജിസിടി മന്ത്രി ആര്‍ ബിന്ദുവിനു പരാതി നല്‍കിയിരുന്നു. ഷോര്‍ട് ലിസ്റ്റിലെ പരാതി പരിഹരിക്കാന്‍ അവസരം നല്‍കണമെന്ന സംഘടനയുടെ ആവശ്യം പരിഗണിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.

*

class="selectable-text copyable-text nbipi2bn">പുളിമൂട്ടില്‍ സില്‍ക്‌സില്‍ ‘പൊന്‍’ ഓണം*

ഈ ഓണം ശരിക്കും പൊന്നോണമാക്കൂ, പുളിമൂട്ടില്‍ സില്‍ക്‌സിനൊപ്പം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് 1001 ഗോള്‍ഡ് കോയിനുകള്‍ സമ്മാനം. ഈ ഓഫര്‍ സെപ്തംബര്‍ 3 വരെ മാത്രം.

*ഓണം കളക്ഷന്‍സ് 299 രൂപ മുതല്‍*

കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുമതി ലഭിക്കാത്തതു സില്‍വര്‍ ലൈന്‍ പദ്ധതിക്കു തടസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തല്‍ക്കാലം പദ്ധതിയുമായി മുന്നോട്ടു പോകുന്നില്ല. എന്നാല്‍ ഒരു കാലം ഈ പദ്ധതിക്ക് അനുമതി നല്‍കേണ്ടി വരും. മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിനു കീഴിലെ പാലങ്ങള്‍ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി വകുപ്പുകള്‍ ഡിസൈന്‍ രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പാലങ്ങള്‍ക്കടിയിലുള്ള സ്ഥലത്ത് ഓപ്പണ്‍ ജിമ്മും ബാഡ്മിന്റണ്‍ കോര്‍ട്ടുകളും സ്ഥാപിക്കുമെന്നും വ്യക്തമാക്കി. ആദ്യമായി കൊല്ലത്തും നെടുമ്പാശേരിയിലുമാണു നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നടത്തിയ ഇടപെടലിലും സാമ്പത്തിക നേട്ടത്തിലുമാണ് അന്വേഷണം. സുരേന്ദ്രന്റെ വീട്ടില്‍ വച്ച് മോന്‍സന് 25 ലക്ഷം കൈമാറിയെന്ന പരാതിക്കാരന്റെ മൊഴിയിലും വ്യക്തത വരുത്തും.

ഡല്‍ഹിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്കു കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്കു വരുമ്പോഴാണ് സംഭവം. ഒരു സ്‌കോര്‍പിയോ കാര്‍ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഡ്രൈവര്‍ മദ്യലഹരിയില്‍ ആയിരുന്നെന്നു പോലീസ്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

പൊന്നാനി മാറഞ്ചേരി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് സമരത്തിനിടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം. ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടെ പോലീസ് സിഐ മൈക്ക് തട്ടിത്തെറിപ്പിച്ചതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

വയനാട് മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ ഭരണം അട്ടിമറിക്കാന്‍ യുഡിഎഫ് അംഗത്തിന് മുന്‍ ഡിസിസി പ്രസിഡന്റ് പിവി ബാലചന്ദ്രന്‍ പണം വാഗ്ദാനം ചെയ്തെന്ന് ആരോപണം. പഞ്ചായത്തംഗം വിജയലക്ഷ്മിയാണ് ആരോപണവുമായി രംഗത്ത് വന്നത്. ബാലചന്ദ്രന്‍ ഇപ്പോള്‍ സിപിഎമ്മിനൊപ്പമാണു പ്രവര്‍ത്തിക്കുന്നത്.

രക്തസാക്ഷി ഫണ്ട് മുക്കിയെന്ന പരാതിയില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗമായ ടി രവീന്ദ്രന്‍ നായരെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്റ് ചെയ്തു. 2008 ല്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാന്‍ ശേഖരിച്ച ഫണ്ടില്‍ തട്ടിപ്പ് നടന്നെന്നാണ് ആരോപണം.

വ്യാജ പാസ്പോര്‍ട്ടുമായി ഇസ്രയേലില്‍ ജോലിക്കായി എത്തിയ യുവാവിനെ തിരികെ അയച്ചു. കൊല്ലം ഇരവിപുരം സ്വദേശിയായ അലക്സ് സിറില്‍ എന്നയാളെയാണ് ഇസ്രയേലില്‍നിന്ന് തിരിച്ചയച്ചത്. ഡല്‍ഹിയില്‍ എത്തിയ ഇയാളെ പൊലീസ് പിടികൂടി.

തിരുവനന്തപുരം ചെമ്പക മംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു. പുക ഉയരുന്നതു ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. പിറകേ, ബസ് ആളിക്കത്തി. നിമിഷങ്ങള്‍ക്കകം പൂര്‍ണമായും കത്തി നശിച്ചു.

യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് ആറു കേസുകള്‍ കാസര്‍കോട് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. വിദ്വേഷ മുദ്രാവാക്യം വിളിച്ച് നല്‍കിയ അബ്ദുല്‍ സലാമിനെ കൂടൂതല്‍ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി.

മലയാളി യുവതി ഷാര്‍ജയില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതിയുടെ കുടുംബം. കല്ലുവാതുക്കല്‍ മേവനകോണം സ്വദേശിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ 29 വയസുള്ള റാണി ഗൗരി മരിച്ചതു ഭര്‍ത്താവ് ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി വൈശാഖിന്റെ സ്ത്രീധന പീഡനംമൂലമാണെന്നാണ് പരാതി.

ആലപ്പുഴയില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി മരം മുറിക്കുന്നതിനിടെ കൊമ്പു തലയില്‍ വീണ് മരം വെട്ട് തൊഴിലാളി മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാര്‍ഡ് തെക്കേ തറയില്‍ (ഇല്ലിച്ചിറ) പരേതനായ അബ്ദുല്‍ റസാഖിന്റെ മകന്‍ അബ്ദുല്‍ ഖാദര്‍ (നവാസ് – 47) ആണ് മരിച്ചത്.

കട്ടിപ്പാറ ചമലില്‍ ചെത്തുതൊഴിലാളി തെങ്ങില്‍നിന്നു വീണുമരിച്ചു. കുന്നിപ്പള്ളി റെജി ( 50) ആണ് മരിച്ചത്. മലയില്‍ പുത്തന്‍പുരയില്‍ ദേവസ്യയുടെ കൃഷിയിടത്തിലെ തെങ്ങില്‍നിന്നാണു വീണു മരിച്ചത്.

ആദിവാസി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങല്‍ക്കുത്ത് ആനപ്പാന്തം ആദിവാസി കോളനിയിലെ ഗീതയെ കൊലപെടുത്തിയതിനാണ് ഭര്‍ത്താവ് സുരേഷ് പിടിയിലായത്.

തിരുവനന്തപുരം തുമ്പയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം നാലു ദിവസത്തിനുശേഷം കണ്ടെത്തി. തുമ്പ സ്വദേശി ഫ്രാന്‍സിസ് അല്‍ഫോണ്‍സിന്റെ (65) മൃതദേഹമാണ് സൗത്ത് തുമ്പ ഭാഗത്ത് കണ്ടെത്തിയത്.

ചെറായിയില്‍ 90 വയസുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെറായി സ്വദേശിയായ 26 കാരനായ ശ്യാംലാലിനെയാണ് പിടികൂടിയത്.

ഒരാഴ്ചയായി കാണാതായ അര്‍ജന്റീനയിലെ ക്രിപ്റ്റോ കോടീശ്വരനും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ഫെര്‍ണാണ്ടോ പെരസ് അല്‍ഗാബയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട് കേസിനുള്ളിലാക്കിയ നിലയിലായിരുന്നു. തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ തെരുവിലാണ് അല്‍ഗാബയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അല്‍ഗാബയുടെ ശരീരത്തില്‍നിന്നും മൂന്നു വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്.

പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 22.08 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 22.02 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തിലെ 30.15 കോടി രൂപയേക്കാള്‍ 27 ശതമാനം കുറവുമാണ് കഴിഞ്ഞപാദ ലാഭം. മൊത്ത വരുമാനം പാദാടിസ്ഥാനത്തില്‍ 116.83 കോടി രൂപയില്‍ നിന്ന് ഒരു ശതമാനം കുറഞ്ഞ് 115.97 കോടി രൂപയായി. വാര്‍ഷികാടിസ്ഥാനത്തില്‍ ഇത് 102.02 കോടി രൂപയില്‍ നിന്ന് 14 ശതമാനം വര്‍ദ്ധിച്ചു. നികുതി, പലിശ തുടങ്ങിയ ബാദ്ധ്യതകള്‍ക്ക് മുമ്പുള്ള ലാഭം മാര്‍ച്ച് പാദത്തിലെ 41 കോടി രൂപയില്‍ നിന്ന് 40 കോടി രൂപയായി താഴ്ന്നു; എന്നാല്‍ മുന്‍വര്‍ഷത്തെ ജൂണ്‍പാദത്തില്‍ ഇത് 38 കോടി രൂപയായിരുന്നു. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 74,000 കോടി രൂപയാണ് ജിയോജിത് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി. മൊത്തം ഉപയോക്താക്കള്‍ മാര്‍ച്ച് പാദത്തിലെ 12.9 ലക്ഷത്തില്‍ നിന്ന് 13 ലക്ഷത്തിലെത്തി. 2022-23ലെ ജൂണ്‍പാദത്തില്‍ ഉപയോക്താക്കള്‍ 12.2 ലക്ഷമായിരുന്നു. ഇന്ത്യയിലും ജി.സി.സി രാജ്യങ്ങളിലുമായി 498 ഓഫീസുകളാണ് ജിയോജിത്തിനുള്ളത്. ഇന്ത്യയില്‍ 19 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ജി.സി.സിയില്‍ കുവൈറ്റ്, ബഹ്‌റൈന്‍, യു.എ.ഇ., ഒമാന്‍ എന്നിവിടങ്ങളിലുമാണ് സാന്നിദ്ധ്യം. കഴിഞ്ഞ ആറ് മാസത്തിനിടെ നിക്ഷേപകര്‍ക്ക് ജിയോജിത് ഓഹരികള്‍ നല്‍കിയ നേട്ടം 3.82 ശതമാനമാണ്. കഴിഞ്ഞ 12 മാസത്തെ നേട്ടം നെഗറ്റീവ് 5.18 ശതമാനം.

സാംസംഗിന്റെ ഏറ്റവും പുതിയ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടാബ്ലെറ്റുകള്‍ എന്നിവ ആഗോളതലത്തില്‍ പുറത്തിറക്കിയതിന് പിന്നാലെ അവയുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ച് കമ്പനി. സാംസംഗ് ഗ്യാലക്‌സി സെഡ് ഫ്‌ളിപ് 5 ന്റെ 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന്റെ വില 99,999 രൂപയിലാണ് ആരംഭിക്കുന്നത്. സ്മാര്‍ട്ട്ഫോണിന്റെ 512 ജിബി സ്റ്റോറേജ് വേരിയന്റിന് 1,09,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള സാംസംഗ് ഗാലക്സി ഫോള്‍ഡ് 5 അടിസ്ഥാന വേരിയന്റിന് വില 154,999 രൂപയില്‍ ആരംഭിക്കുന്നു. 512 ജിബി സ്റ്റോറേജുള്ള മിഡ് വേരിയന്റിന് 1,64,999 രൂപയും 1 ടിബി സ്റ്റോറേജുള്ള ടോപ്പ് എന്‍ഡിന് 1,84,999 രൂപയുമാണ് വില. സാംസംഗ് ഗ്യാലക്‌സി ടാബ് എസ്9 സീരീസ് 128ജിബി സ്റ്റോറേജും വൈ-ഫൈ സൗകര്യവുമുള്ള അടിസ്ഥാന വേരിയന്റ് 72,999 രൂപയില്‍ ആരംഭിക്കുന്നു. ടാബ്ലെറ്റുകളുടെ 5ജി വേരിയന്റിന്റെ വില 85,999 രൂപയില്‍ ആരംഭിക്കുന്നു. ഏറ്റവും ഉയര്‍ന്ന ഗാലക്സി ടാബ് എസ് 9 അള്‍ട്രാ വൈ-ഫൈ വേരിയന്റ് 108,999 രൂപയില്‍ ആരംഭിക്കുന്നു. ഇതിന്റെ 5 ജി വേരിയന്റ് 133,999 രൂപയിലുടെ വില്‍പ്പനയ്‌ക്കെത്തി. സാംസംഗ് ഗാലക്സി വാച്ച്6 ബ്ലൂടൂത്തോടുകൂടിയ 40 എം.എം വേരിയന്റിന് 29,999 രൂപയിലും എല്‍.ടി.ഇ വേരിയന്റിന് 33,999 രൂപയിലുമാണ് വില ആരംഭിക്കുന്നത്. കറങ്ങുന്ന ബെസലുമായി വരുന്ന വാച്ച്6 ക്ലാസിക്കിന്റെ 43 എം.എം ബ്ലൂടൂത്ത് വേരിയന്റിന് 36,999 രൂപയും എല്‍.ടി.ഇ വേരിയന്റിന് 40,999 രൂപയുമാണ് വില. ഓഗസ്റ്റ് 18 മുതല്‍ വില്‍പ്പന ആരംഭിക്കും.

‘പതിമൂന്നാം രാത്രി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകര്‍ക്കരികില്‍. ‘മധു നിറയുന്ന’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് പുറത്തിറങ്ങിയത്. കെ.സന്തോഷിന്റെ വരികള്‍ക്ക് അനൂജ് ബാബു ഈണമൊരുക്കി. സിയ ഉല്‍ ഹഖ് ഗാനം ആലപിച്ചിരിക്കുന്നു. ശ്രീരാഗ് ആണ് പാട്ടിലെ ഹിന്ദി വരികള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ കൊച്ചിപ്പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്‍ ഷൈന്‍ ടോം ചാക്കോ ആണ് ഗാനം ആലപിച്ചത്. മനീഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പതിമൂന്നാം രാത്രി’. ഡി2കെ ഫിലിംസിന്റെ ബാനറില്‍ മേരി മൈഷ ചിത്രം നിര്‍മിക്കുന്നു. ഷൈന്‍ ടോം ചാക്കോ ആണ് മുഖ്യ വേഷത്തിലെത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, വിജയ് ബാബു, ദീപക് പറമ്പോല്‍, മാളവിക മേനോന്‍, അര്‍ച്ചന കവി, മീനാക്ഷി രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, സോന നായര്‍, സ്മിനു സിജോ, ആര്യ ബാബു, സാജന്‍ പള്ളുരുത്തി, കോട്ടയം രമേശ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ദിനേശ് നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ രചന.

ചിരഞ്ജീവി, തമന്ന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ഭോലാ ശങ്കര്‍’ ട്രെയിലര്‍ എത്തി. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം ‘വേതാള’ത്തിന്റെ റീമേക്കാണ് ‘ഭോലാ ശങ്കര്‍’. ചിരഞ്ജീവിയുടെ സഹോദരിയായി കീര്‍ത്തി സുരേഷ് എത്തുന്നു. മെഹര്‍ രമേശ് ആണ് സംവിധാനം. അജിത്ത് നായകനായ ചിത്രം ‘ബില്ല’ തെലുങ്കിലേക്ക് റീമേക്ക് ചെയ്ത സംവിധായകനാണ് മെഹര്‍ രമേശ്. പ്രഭാസ് ആയിരുന്നു ചിത്രത്തില്‍ നായകന്‍. മറ്റൊരു അജിത് ചിത്രം കൂടി മെഹര്‍ രമേഷ് തെലുങ്കിലേക്ക് എത്തിക്കുമ്പോള്‍ വിജയമാകുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. രമബ്രഹ്‌മം സുങ്കരയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രസംയോജനം നിര്‍വഹിക്കുന്നത് മാര്‍ത്താണ്ഡ് കെ. വെങ്കടേഷ്. ഡൂഡ്ലി ആണ് ഛായാഗ്രാഹണം. ചിത്രം ഓഗസ്റ്റ് 11ന് തിയറ്ററുകളിലെത്തും.

പര്‍ച്ചേസ് വിന്‍ഡോ ആരംഭിച്ച് 60 മിനിറ്റിനുള്ളില്‍ 1000 ബുക്കിങ് ലഭിച്ച് ഒല എസ്1 എയര്‍. മൂന്നുമണിക്കൂറിനുള്ളില്‍ 3000നു മുകളിലായി എസ്1 എയര്‍ ബുക്കിങ്. തുടക്കത്തില്‍ ഒല കമ്യൂണിറ്റി അംഗങ്ങള്‍ക്കാണ് ബുക്കിങ് നല്‍കിയത്. നിര്‍മാതാക്കള്‍ പ്രതീക്ഷിച്ചതിലുമേറെ ബുക്കിങ് ലഭിച്ചുവെന്നാണ് നിര്‍മാതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്. നിലവില്‍ ബുക്ക് ചെയ്തവര്‍ക്ക് 1.09 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയില്‍ വാഹനം ലഭിക്കും. രണ്ടാം ഘട്ടത്തില്‍ ബുക്ക് ചെയ്യുന്നവര്‍ 10000 രൂപ അധികമായി നല്‍കണം. 90 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. ഒറ്റത്തവണ ഫുള്‍ ചാര്‍ജിങ്ങില്‍ 125 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. മൂന്ന് റൈഡ് മോഡുകള്‍, ഫുള്‍ എല്‍ഇഡി ലൈറ്റിങ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അഞ്ച് മണിക്കൂര്‍ ചാര്‍ജിങ് സമയം എന്നിവയാണ് ഒല എസ്1 എയറിനെ വ്യത്യസ്തമാക്കുന്നത്. അടിസ്ഥാന മോഡലായതിനാല്‍ വില കുറയ്ക്കുന്നതിന് മറ്റു മോഡലുകളെക്കാള്‍ ഒട്ടേറെ ഫീച്ചറുകള്‍ ഒഴിവാക്കിയിട്ടുണ്ട്. 3 കെഡബ്ല്യുഎച്ച് ബാറ്ററിയാണ് ഒല എസ്1 എയറിലുള്ളത്. പ്രിവ്യു മോഡല്‍ കഴിഞ്ഞ ഒക്ടോബറില്‍ പുറത്തിറക്കിയപ്പോള്‍ 2.5 കെഡബ്ല്യുഎച്ച് ബാറ്ററിയായിരുന്നു.

തിരിച്ചറിയപ്പെടാത്ത പ്രണയം പച്ചജീവിതത്തിലേക്ക് തിരിച്ചെറിയപ്പെടുമ്പോള്‍ പ്രണയവും വിദ്വേഷവും ഉന്മാദവും ഉത്കണ്ഠയും പിറക്കുകയും ഒടുങ്ങുകയും ചെയ്യുന്ന മനസ്സുകളുടെ വിലാപമാണിത്. രണ്ടു വ്യക്തികള്‍ നടത്തുന്ന ആത്മാലാപത്തിലേക്കു കടന്നുവരുന്ന നാടന്‍മനുഷ്യരുടെ നാടോടിചാരുതയുള്ള കഥകള്‍. പ്രകൃതിയും മനുഷ്യനും കണ്ണിചേരുന്ന ജീവിതരഹസ്യങ്ങളുടെ സൗന്ദര്യാന്വേഷണം. ആഖ്യാനശൈലികൊണ്ടും അവതരണരീതികൊണ്ടും അന്വേഷണപരതയാലും വ്യത്യസ്തമായ രചന. ഷുക്കൂര്‍ പെടയങ്ങോടിന്റെ പുതിയ നോവല്‍. ‘രണ്ട് ഉന്മാദികളുടെ കഥ’. മാതൃഭൂമി. വില 170 രൂപ.

ഓരോ മാസവും ആര്‍ത്തവത്തിന് മുന്‍പ് സ്തനത്തിന് വേദന ചില സ്ത്രീകള്‍ക്ക് അനുഭവപ്പെടാറുണ്ട്. വേദനയ്ക്കൊപ്പം സ്തനങ്ങളില്‍ തൊടുമ്പോള്‍ ചെറിയ മുഴ പോലെ ഒരു തടിപ്പും തോന്നാം. സ്തനങ്ങള്‍ക്ക് വരുന്ന അത്ര ഗുരുതരമല്ലാത്ത ഫൈബ്രോസിസ്റ്റിക് ബ്രസ്റ്റ് ഡിസീസ് എന്ന രോഗമാണ് ഇത്. ആര്‍ത്തവത്തിന് തൊട്ട് മുന്‍പ് പൊതുവേ കാണപ്പെടാറുള്ള ഈ അവസ്ഥ ആര്‍ത്തവ ശേഷം തനിയെ മാറാറുണ്ട്. സ്തനകോശങ്ങള്‍ക്കുണ്ടാകുന്ന തടിപ്പ്, സ്തനങ്ങളില്‍ നിന്നുള്ള പച്ചയോ, തവിട്ടോ നിറത്തിലുള്ള രക്തമയമില്ലാത്ത സ്രവം, രണ്ട് സ്തനങ്ങളിലും ഒരു പോലെയുണ്ടാകുന്ന ചില മാറ്റങ്ങള്‍, വേദന എന്നിവയെല്ലാമാണ് ഫൈബ്രോസിസ്റ്റിക് ബ്രസ്റ്റ് ഡിസീസിന്റെ ലക്ഷണങ്ങള്‍. ഫൈബ്രോസിസ്റ്റിക് സ്തനകോശങ്ങള്‍ മൈക്രോസ്‌കോപ്പില്‍ വച്ച് പരിശോധിച്ചാല്‍ അവയില്‍ ദ്രാവകം നിറഞ്ഞ അറകളോ, പാലുല്‍പാദിപ്പിക്കുന്ന കോശപാളികളില്‍ കോശങ്ങളുടെ അമിതവളര്‍ച്ചയോ പാലുല്‍പാദിപ്പിക്കുന്ന ഗ്രന്ഥികളുടെ വീക്കമോ കാണപ്പെടാറുണ്ട്. ഫൈബ്രോസിസ്റ്റിക് ബ്രസ്റ്റ് ഡിസീസ് സ്തനാര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നില്ലെന്ന് മയോ ക്ലിനിക്കിലെ വിദഗ്ധര്‍ പറയുന്നു. സ്തനത്തിനോ മുലക്കണ്ണിനോ ഉണ്ടാകുന്ന വേദന മാത്രമായി സ്തനാര്‍ബുദ ലക്ഷണമായി കണക്കാക്കപ്പെടുന്നില്ല. സ്തനങ്ങളില്‍ മുഴ, സ്തനത്തിനും തോളെല്ലിനും കക്ഷത്തിനും ചുറ്റിലും വീക്കം, ചുവപ്പ്, വരണ്ട ചര്‍മം, മുലക്കണ്ണുകള്‍ ഉള്ളിലേക്ക് പോകല്‍, മുലകളില്‍ നിന്നുള്ള സ്രവം എന്നിവയെല്ലാമാണ് സ്തനാര്‍ബുദ ലക്ഷണങ്ങള്‍. സാധാരണ ഗതിയില്‍ ഫൈബ്രോസിസ്റ്റിക് ബ്രസ്റ്റ് മാറ്റങ്ങളെ ഭയക്കേണ്ട കാര്യമില്ല. എന്നാല്‍ സ്ഥിരമായി മുഴയോ തടിപ്പോ തുടരുകയോ സ്തനങ്ങളിലെ വേദന മാറാതിരിക്കുകയോ ചെയ്താല്‍ ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തേണ്ടതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.26, പൗണ്ട് – 105.67, യൂറോ – 90.79, സ്വിസ് ഫ്രാങ്ക് – 94.53, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.69, ബഹറിന്‍ ദിനാര്‍ – 219.29, കുവൈത്ത് ദിനാര്‍ -269.20, ഒമാനി റിയാല്‍ – 214.76, സൗദി റിയാല്‍ – 21.93, യു.എ.ഇ ദിര്‍ഹം – 22.40, ഖത്തര്‍ റിയാല്‍ – 22.59, കനേഡിയന്‍ ഡോളര്‍ – 62.08.