ദുല്‍ഖര്‍ സല്‍മാന്റെ മാസ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ ‘കിങ് ഓഫ് കൊത്ത’യുടെ റിലീസ് തിയതി പുറത്ത്. ചിത്രം ഓഗസ്റ്റ് 24 ന് തിയേറ്ററുകളിലെത്തും. കേരളത്തില്‍ മാത്രം ഇരുനൂറിലേറെ സ്‌ക്രീനുകളിലും, ആഗോളതലത്തില്‍ ആയിരത്തിലധികം സ്‌ക്രീനുകളിലും ഒരുമിച്ച് റിലീസ് ചെയ്യാനാണ് തീരുമാനം. അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധായകന്‍. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ് , തെലുങ്ക് , കന്നഡ, ഹിന്ദി പതിപ്പുകളിലാണ് റിലീസ് ചെയ്യുക. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കണ്ണന്‍ എന്ന കഥാപാത്രമായി തെന്നിന്ത്യയില്‍ ഡാന്‍സിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ ഷബീര്‍ കല്ലറക്കല്‍ എത്തുന്നു. ഷാഹുല്‍ ഹസ്സന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നു. താര എന്ന കഥാപാത്രത്തില്‍ ഐശ്വര്യാ ലക്ഷ്മിയും മഞ്ജുവായി നൈലാ ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പന്‍ വിനോദ്, ടോമിയായി ഗോകുല്‍ സുരേഷ്, ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ അച്ഛനായ കൊത്ത രവിയായി ഷമ്മി തിലകന്‍, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വാടാ ചെന്നൈ ശരണ്‍, റിതുവായി അനിഖാ സുരേന്ദ്രന്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളിലെത്തുന്നത്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്.