മണിപ്പൂരില്‍ രാഷ്ട്രീയ നാടകവുമായി മുഖ്യമന്ത്രി ബിരേന്‍സിംഗ്. രാജിക്കത്തുമായി ഗവര്‍ണറെ കാണാനിറങ്ങിയ ബിരേന്‍സിംഗിനെ സ്ത്രീകള്‍ അടക്കമുള്ള അണികള്‍ തെരുവില്‍ തടഞ്ഞ് രാജിവയ്ക്കരുതെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ മനുഷ്യച്ചങ്ങല തീര്‍ത്താണ് തടഞ്ഞത്. ഇതോടെ ബീരേന്‍ സിംഗ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി വസതിയിലേക്കു മടങ്ങി. അനുയായികള്‍ക്കൊപ്പമുണ്ടായിരുന്ന എംഎല്‍എ രാജിക്കത്ത് കീറിയെറിഞ്ഞു.
നാളെ മുതല്‍ ഇരുചക്ര വാഹനങ്ങള്‍ വേഗത കുറയ്ക്കേണ്ടിവരും. വേഗപരിധി നഗര റോഡുകളില്‍ 50 കിലോമീറ്ററും മറ്റു റോഡുകളില്‍ 60 മാക്കി കുറച്ച് വിജ്ഞാപനം പുറത്തിറക്കി. നാളെ പ്രാബല്യത്തിലാകും. മുച്ചക്ര വാഹനങ്ങള്‍ക്കും സ്കൂള്‍ ബസുകള്‍ക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററായിരിക്കും.
എ ഐ ക്യാമറാ ഇടപാടുകളില്‍ അഴിമതി ആരോപിച്ചുള്ള പ്രതിപക്ഷ ഹര്‍ജിയില്‍ രാഷ്ട്രീയ ലക്ഷ്യമല്ല, പൊതുനന്മയ്ക്കായാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരം. ക്യാമറ ഇടപാടില്‍ മാത്രമല്ല, ലൈഫ് മിഷനിലും കൊവിഡ് പര്‍ച്ചേസിലുമെല്ലാം സംസ്ഥാന ഖജനാവിനു പണം നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ ഏഴു വര്‍ഷം ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റിംഗ് സൊസൈറ്റിയ്ക്കു നല്കിയ കരാറുകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകയ്ക്കു ലൈംഗിക അശ്ലീല സന്ദേശമയച്ച പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകള്‍ക്കെതിര അശ്ലീലച്ചുവയുള്ള സംസാരം, ഓണ്‍ലൈന്‍ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
വയനാട്ടില്‍ പനി ബാധിച്ച് മൂന്നു വയസുകാരന് മലപ്പുറത്ത് എലിപ്പനി ബാധിച്ച് അച്ഛനും മകനും മരിച്ചു. വയനാട്ടില്‍ കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന് ലിഭിജിത്ത് ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി കുട്ടിക്കു പനിയും വയറിളക്കവും ഉണ്ടായിരുന്നു. മലപ്പുറത്ത് പൊന്നാനിയില്‍ കഴിഞ്ഞയാഴ്ച 70 വയസുകാരനും 44 വയസുള്ള മകനും മരിച്ചത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു.
കാലവര്‍ഷം കേരളത്തില്‍ 60 ശതമാനം കുറവ്. ജൂണില്‍ ശരാശരി 648.3 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് ലഭിച്ചത് 260.3 മില്ലീമീറ്റര്‍ മഴ മാത്രമാണ്. ജൂണ്‍ ആറിന് അറബികടലില്‍ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റാണ് കാലവര്‍ഷത്തെ ദുര്‍ബലമാക്കിയത്.
ഭൂപരിഷ്കരണം നിയമം ലംഘിച്ച് പി.വി അന്‍വര്‍ എംഎല്‍എയും കുടുംബവും അനധികൃതമായി കൈവശംവച്ച മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കാത്തതിനു വിശദീകരണം വേണമെന്ന് ഹൈക്കോടതി. കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്മാന് എം എച്ച് ഹരീഷ്, താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് സ്പെഷല്‍ തഹസില്‍ദാര്‍ പി ജുബീഷ് എന്നിവരോടാണ് ഒരാഴ്ചയ്ക്കകം മറുപടി അറിയിക്കണമെന്ന് ആവശ്യപ്പെട്ടത്.
മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ പ്ലസ് ടു കോഴ വിജിലന്‍സ് കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഷാജിക്കെതിരെ വീണ്ടും അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണു ഹര്‍ജി.
രാജ്യത്തെ സാംസ്കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി ‘ഒരു രാഷ്ട്രം ഒരു സംസ്കാരം’ എന്ന ഭൂരിപക്ഷ വര്‍ഗ്ഗീയ അജണ്ട നടപ്പാക്കാനാണ് ഏകീകൃത സിവില്‍ കോഡ് ബിജെപി ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനും ഭൂരിപക്ഷ ആധിപത്യം സ്ഥാപിക്കാനുമാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. അദ്ദേഹം പറഞ്ഞു.
ചീഫ് സെക്രട്ടറിയായി ഡോ.വി വേണുവും പൊലീസ് മേധാവിയായി ഷെയിഖ് ദര്‍വേഷ് സാഹിബും ചുമതലയേറ്റു. 1990 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ വേണുവിന് ഒരുവര്‍ഷത്തെ കാലാവധിയാണുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് നേടിയ ശേഷമാണ് വേണു സിവില്‍ സര്‍വ്വീസില്‍ ചേര്‍ന്നത്. ആഭ്യന്തര വകുപ്പ് സെക്രട്ടറി ആയിരുന്നു. ആന്ധ്ര സ്വദേശിയായ ഷെയിഖ് ദര്‍വേഷ് സാഹിബിന് ഒരു വര്‍ഷമാണ് കാലാവധി ബാക്കിയെങ്കിലും പൊലീസ് മേധാവിയായതിനാല്‍ രണ്ടു വര്‍ഷം തുടരാനാകും.
ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയില്‍നിന്ന് എക്സൈസ് കൊട്ടിഘോഷിച്ചു പിടിച്ചത് ലഹരി മരുന്നല്ലെന്ന് ലാബ് റിപ്പോര്‍ട്ട്. ചാലക്കുടി സ്വദേശിനിയായ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ കള്ളക്കേസില്‍ കുടുക്കി 72 ദിവസമാണു ജയിലില്‍ അടച്ചത്. കള്ളക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ നടപടി വേണമെന്ന് ഷീല ആവശ്യപ്പെട്ടു.
ഡോ. എം.എം. ബഷീറിനും എന്‍. പ്രഭാകരനും കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (അമ്പതിനായിരം രൂപ). ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ഡോ. പള്ളിപ്പുറം മുരളി, ജോണ്‍ സാമുവേല്‍, കെ.പി. സുധീര, ഡോ. രതി സക്സേന, ഡോ. പി.കെ. സുകുമാരന്‍ എന്നിവര്‍ക്കു സമഗ്രസംഭാവന പുരസ്കാരം (മുപ്പതിനായിരം രൂപ). കവിത- എന്‍.ജി. ഉണ്ണികൃഷ്ണന് (കടലാസുവിദ്യ), നോവല്‍- വി. ഷിനിലാല്‍ (സമ്പര്‍ക്ക ക്രാന്തി), ചെറുകഥ- പി.എഫ്. മാത്യൂസ് (മുഴക്കം), നാടകം- എമില്‍ മാധവി (കുമരു), സാഹിത്യവിമര്‍ശനം- എസ്. ശാരദക്കുട്ടി (എത്രയെത്ര പ്രേരണകള്‍), ഹാസസാഹിത്യം- ജയന്ത് കാമിച്ചേരില്‍ (ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങള്‍), ജീവചരിത്രം, ആത്മകഥ- ബിആര്‍പി ഭാസ്കര്‍ (ന്യസ് റൂം), യാത്രാവിവരണം- സി. അനൂപ് (ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം), ഹരിത സാവിത്രി (മുറിവേറ്റവരുടെ പാതകള്‍), വിവര്‍ത്തനം- വി. രവികുമാര്‍ (ബോദ്ലേര്‍), ബാലസാഹിത്യം- ഡോ. കെ. ശ്രീകുമാര്‍ (ചക്കരമാമ്പഴം), വൈജ്ഞാനിക സാഹിത്യം- സി.എം. മുരളീധരന് (ഭാഷാസൂത്രണം പൊരുളും വഴികളും), കെ. സേതുരാമന് (മലയാളി ഒരു ജിനിതകം) എന്നിവരാണു വിവിധ മേഖലകളില്‍ പുരസ്കാരം നേടിയത്.
കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ടക്കേസില്‍ പ്രതികളായ മുന്‍ പ്രിന്‍സിപ്പലിനും എസ് എഫ് ഐ നേതാവിനും എതിരേ പ്രദമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്നും ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഉത്തരവിലാണ് ഈ നിര്‍ദേശം. സര്‍വകലാശാലയ്ക്കു പ്രിന്‍സിപ്പല്‍ അയച്ച രേഖയില്‍ വിശാഖ് ഒപ്പിട്ടത് ഇരുവരും കുറ്റം ചെയ്തതിന്റെ അടയാളമാണെന്നു കോടതി വിലയിരുത്തി.
റബര്‍ വില 300 രൂപയാക്കാമെന്ന് മോഹിപ്പിച്ചും കുരിശുമല കയറിയും ക്രിസ്മസ് കേക്കുമായി വീടുകളില്‍ കയറിയിറങ്ങിയും ക്രൈസ്തവരെ പാട്ടിലാക്കാന്‍ ഓടിനടന്ന ബിജെപിക്കാര്‍ മണിപ്പൂരില്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുമ്പോള്‍ ഓടിയൊളിച്ചെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്. ആട്ടിന്‍ തോലിട്ട ചെന്നായുടെ തനിസ്വരൂപം പുറത്തുവന്നതോടെ അടുപ്പം കാട്ടിയവര്‍പോലും ഇനി അടുക്കാത്ത വിധം അകന്നുപോയി. സുധാകരന് പറഞ്ഞു.
ഓപ്പറേഷന് തിയറ്ററില്‍ ഹിജാബും നീളന്‍ കൈയുള്ള സ്ക്രബ് ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴു വിദ്യാര്‍ഥിനികള്‍ നല്കിയ കത്ത് പുറത്തു വിട്ടതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി യൂണിയന് പൊലീസില്‍ പരാതി നല്കി. കത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ ഇടയായതും അന്വേഷിക്കണമെന്നു പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മര ഉരുപ്പടികള്‍ മോഷ്ടിച്ച കേസില്‍ സാക്ഷി പറഞ്ഞതിനതിന് കണ്ണൂര്‍ പൊതുവാച്ചേരിയില്‍ യുവാവിനെ കൊന്ന് കനാലില്‍ തള്ളിയ സംഭവത്തില്‍ പ്രതിക്കു ജീവപര്യന്തം തടവുശിക്ഷ. മുഴപ്പാല പള്ളിച്ചാല്‍ പ്രജീഷിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അബ്ദുള്‍ ഷുക്കൂറിനെയാണ് കോടതി ശിക്ഷിച്ചത്. രണ്ടാം പ്രതി പ്രശാന്തിനെ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു.
തൃശൂര്‍- പാലക്കാട് ദേശീയപാതയിലെ വഴുക്കുംപാറയിലെ പാലത്തോടുചേര്‍ന്നുള്ള വിള്ളലില്‍ സിമന്റിട്ട് ഓട്ടയടച്ച് കരാര്‍ കമ്പനി. കോണ്‍ക്രീറ്റ് ബലപ്പെടുത്തണമെന്നു നാട്ടുകാര്‍. കോണ്‍ക്രീറ്റ് ഭിത്തി നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് ദേശീയ പാതാ പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. വിള്ളല്‍മൂലം ഈ റോഡില്‍ 300 മീറ്റര്‍ നീളത്തില്‍ ഗതാഗതം ഒറ്റവരിയാക്കിയിട്ടുണ്ട്.
കോട്ടയം എലിക്കുളത്ത് ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായി പഞ്ചായത്ത് രൂപീകരിച്ച ഗാനമേള ട്രൂപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു പാട്ടിനൊപ്പം ചുവടുവച്ചു. ജനപ്രതിനിധികള്‍ക്കും വയോജനങ്ങള്‍ക്കുമൊപ്പമാണു ചുവടുവച്ചത്. ‘മാജിക് വോയ്സ്’ എന്ന പേരില്‍ എലിക്കുളം പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി ഒരുക്കിയ ഗാനമേള ട്രൂപ്പിന്റെ ഉദ്ഘാടന ചടങ്ങാണ് ഇങ്ങനെ ശ്രദ്ധേയമായത്.
ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം പതിനെട്ടില്‍നിന്ന് പതിനാറായി കുറയ്ക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ജസ്റ്റിസ് ദീപക് കുമാര്‍ അഗര്‍വാളാണ് ഇങ്ങനെ നിരീക്ഷിച്ചത്. പതിനെട്ടു വയസിന് താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും കോടതി പറഞ്ഞു.
ബെംഗളുരുവില്‍ അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായ കെ ആര് പുരം തഹസില്‍ദാര്‍ അജിത് റായിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് കോടിക്കണക്കിനു രൂപയുടെ സ്വര്‍ണവും പണവും നാല് ആഢംബര കാറുകളും. നിരവധി ബിനാമി സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തിയിട്ടുണ്ട്. രണ്ടു കോടി രൂപയുടെ വസ്തുക്കളാണ് സഹകാര നഗറിലെ വീട്ടില്‍നിന്നു മാത്രം ലോകായുക്ത പിടിച്ചെടുത്തത്.
നോട്ടുകെട്ടുകട്ടുകളുമായി പൊലീസുകാരന്റെ ഭാര്യയും മകളും എടുത്ത ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ പോലീസുകാരനെ സസ്പെന്‍ഡു ചെയ്തു. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണവും തുടങ്ങി. അഞ്ഞൂറു രൂപയുടെ നോട്ടുകെട്ടുകള്ക്കിടയില് മക്കള്‍ പോസ് ചെയ്തെടുത്ത ചിത്രമാണ് വൈറലായത്. ലക്നോവിനടുത്ത് ബെഹ്താ മുജാവാര്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയായ രമേഷ് ചന്ദ്ര സാഹ്നിയെയാണു സസ്പെന്‍ഡുചെയ്തത്.