mid day hd 21

 

സംസ്ഥാനത്തു മാലിന്യം തള്ളുന്ന 5567 കേന്ദ്രങ്ങളില്‍ 4711 സ്‌പോട്ടുകളിലേയും മാലിന്യം നീക്കം ചെയ്‌തെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ്. വീണ്ടും അവിടെ മാലിന്യം തള്ളുന്നവരെ പിടികൂടാനും വാഹനങ്ങള്‍ പിടിച്ചെടുക്കാനും നടപടികള്‍ ശക്തമാക്കി. 84.89 ശതമാനം മാലിന്യവും നീക്കി. ശേഷിക്കുന്നവ ഉടനേ നീക്കും. പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ പശ്ചാത്തലത്തിലാണു നടപടി. തദ്ദേശസ്വയംഭരണ, ആരോഗ്യ, പൊതുവിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംയുക്ത യോഗവും ചേര്‍ന്നു.

തൊപ്പി എന്നറിയപ്പെടുന്ന യൂ ട്യൂബര്‍ നിഹാലിനെ എറണാകുളത്തുനിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അര്‍ധരാത്രിയോടെ നിഹാല്‍ താമസിച്ചിരുന്ന സുഹൃത്തിന്റെ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന്റെ വീഡിയോ തൊപ്പി പോസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് അശ്ലീല പാട്ടു പാടിയതിനും ഗതാഗത തടസമുണ്ടാക്കിയതിനും പിടികൂടിയ നിഹാലിനെ വളാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ലാപ്‌ടോപ്പ് ഉള്‍പ്പെടെ കസ്റ്റഡിയില്‍ എടുത്തു. ഒരു മണിക്കൂറോളം കാത്തുനിന്നശേഷമാണ് വാതില്‍ പൊളിച്ചതെന്ന് പൊലീസ്. കംപ്യൂട്ടറിലെ തെളിവുകള്‍ നശിപ്പിക്കാതിരിക്കാനാണ് പെട്ടെന്ന് കസ്റ്റഡിയിലെടുത്തതെന്നും പോലീസ്.

ഒളിവില്‍ പോയിട്ടില്ലെന്ന് വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റു കേസില്‍ അറസ്റ്റിലായ മുന്‍എസ്എഫ്‌ഐ നേതാവ് കെ വിദ്യ. നോട്ടീസ് കിട്ടിയിരുന്നെങ്കില്‍ ഹാജരാകുമായിരുന്നുവെന്നും വിദ്യ പറയുന്നു. അട്ടപ്പാടി കോളജിന്റെ പ്രിന്‍സിപ്പലും മഹാരാജാസ് കോളജിലെ ചില അധ്യാപകരും ഗൂഢാലോചന നടത്തിയാണു തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്നും വിദ്യ ആരോപിച്ചു. അതേ സമയം ചോദ്യം ചെയ്യലിനു വിദ്യ വ്യക്തമായ മറുപടി തരുന്നില്ലെന്ന് പൊലീസ്.

വ്യാജ രേഖ കേസില്‍ അറസ്റ്റിലായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയെ കുടുക്കിയത് കൂട്ടുകാരിക്കൊപ്പമുള്ള സെല്‍ഫി. സ്വന്തം ഫോണ്‍ സ്വിച്ചോഫ് ചെയ്ത് ഒളിവിലായിരുന്ന വിദ്യ വിവരങ്ങള്‍ അറിഞ്ഞിരുന്നത് സുഹൃത്തിന്റെ ഫോണിലൂടെയായിരുന്നു. ഈ ഫോണിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.

നായര്‍ സര്‍വീസ് സൊസൈറ്റിയയുടെ പ്രതിനിധി സഭയില്‍ നിന്ന് ആറു പേര്‍ ഇറങ്ങിപ്പോയി. കലഞ്ഞൂര്‍ മധു, പ്രശാന്ത് പി കുമാര്‍, മാനപ്പള്ളി മോഹന്‍ കുമാര്‍, വിജയകുമാരന്‍ നായര്‍, രവീന്ദ്രന്‍ നായര്‍, അനില്‍കുമാര്‍ എന്നിവരാണ് 300 അംഗ പ്രതിനിധി സഭയില്‍നിന്ന് ഇറങ്ങിപ്പോയത്. ധനമന്ത്രി കെ. എന്‍. ബാലഗോപലിന്റെ സഹോദരനായ കലഞ്ഞൂര്‍ മധു 26 വര്‍ഷമായി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. മധുവിനെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് നീക്കം ചെയ്യാന്‍ നേതൃത്വം തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിനിധി സഭയില്‍നിന്ന് ഇറങ്ങിപ്പോയത്.

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്‌ന സുരേഷിന്റെ ജാ്യം കോടതി ഉപാധികളോടെ നീട്ടി. എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നാണ് ഉപാധി. ഇതേസമയം, ശിവശങ്കറിന്റെ റിമാന്‍ഡ് ഓഗസ്റ്റ് അഞ്ചുവരെ കോടതി നീട്ടി. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ പറഞ്ഞു.

പനി ബാധിച്ച് തൃശൂര്‍ ചാഴൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. കുണ്ടൂര്‍ വീട്ടില്‍ ധനിഷ്‌ക്കാണ് (13) മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

കര്‍ണാടകയിലും തമിഴ്‌നാട്ടിലും മില്‍മ വില്‍പനശാലകള്‍ തുറക്കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി. പാല്‍ വില്‍ക്കില്ല, എന്നാല്‍ പാലുല്‍പന്നങ്ങള്‍ വില്‍ക്കും. കര്‍ണാടകത്തില്‍നിന്ന് കേരളത്തിലേക്ക് 26 നന്ദിനി വില്‍പനശാലകള്‍ വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

ഹോം സ്‌റ്റേയ്ക്കു ലൈസന്‍സ് നല്‍കുന്നതിനു രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ജെ. ഹാരിസണ്‍ വിജിലന്‍സിന്റെ പിടിയിലായി. ആലപ്പുഴ സ്വദേശി യു മണിയില്‍നിന്ന് പതിനായിരം രൂപ കൈക്കൂലിയിലെ ആദ്യഗഡു വാങ്ങുന്നതിനിടെയാണ് പിടികൂടിയത്.

കോട്ടയം വിജയപുരത്തെ ലൈഫ് ഫ്‌ളാറ്റില്‍ ചോര്‍ച്ചയെ ന്യായീകരിച്ച് ലൈഫ് മിഷന്‍. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചപ്പോഴുണ്ടായ പ്രശ്‌നങ്ങളാണ് ചോര്‍ച്ചയ്ക്കു കാരണം. തൊഴിലാളികളുടെ പിഴവുകളും കാരണമായെന്നു സ്ഥലം സന്ദര്‍ശിച്ച ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മ്ലാവിനെ വേട്ടയാടിയെന്ന കേസ് തലയില്‍ കെട്ടിവയ്ക്കുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭീഷണിയെത്തുടര്‍ന്നു കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം വനം വിജിലന്‍സ് അന്വേഷിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. സംഭവത്തെ പത്തനംതിട്ട കോന്നി പൂച്ചക്കുളം സ്വദേശി രാധാകൃഷ്ണനെയാണു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോറസ്റ്റ് സ്റ്റേഷനില്‍ തോക്കുമായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയിരുന്നു.

ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിലെ ആനത്താരകളില്‍ അടക്കം വിനോദസഞ്ചാരികളെ പാര്‍പ്പിക്കാന്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടെന്റ് ക്യാമ്പുകള്‍ക്കെതിരേ നടപടി. ഇരുപത്തഞ്ചിലേറെ ടെന്റ് ക്യാമ്പുകള്‍ ഇവിടെയുണ്ട്. ഇവിടങ്ങളില്‍ അടിയന്തിരമായി സംയുക്ത പരിശോധന നടത്തണമെന്ന്ന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉത്തരവിട്ടു.

മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായി. എത്ര ചോദ്യങ്ങള്‍ ക്രൈംബ്രാഞ്ച് തയ്യാറാക്കിയാലും അതിനെല്ലൊം ഉത്തരം നല്‍കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സുധാകരനു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ കുറ്റം ചെയ്തവര്‍ക്കെതിരെ കൃത്യമായ നടപടി എടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കെഎസ് യു ക്കാരന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതിനും എസ്എഫ്‌ഐ യെയാണു മാധ്യമങ്ങള്‍ പഴിക്കുന്നത്. വിദ്യയെ ഒളിവില്‍ കഴിയാന്‍ സിപിഎമ്മുകാര്‍ സഹായിച്ചെങ്കില്‍ പോലീസ് നടപടിയെടുക്കട്ടെ. സുധാകരനെതിരേ ആരോപണം ഉന്നയിച്ചത് പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ്. ഗോവിന്ദന്‍ പറഞ്ഞു.

വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതിന്റെ പേരില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കളളക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഏഷ്യനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.

പട്ടി റോഡിനു കുറുകെ ചാടിയതുമൂലം നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയില്‍ അകപ്പെട്ട് യുവാവ് മരിച്ചു. എറണാകുളം കോതാടുണ്ടായ അപകടത്തി്# മൂലമ്പള്ളി സ്വദേശി സാള്‍ട്ടന്‍(24) ആണ് മരിച്ചത്.

തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനെത്തിയ അഞ്ചു വയസുകാരനെ പുലി കടിച്ചുപറിച്ചു. ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലാണ് കൗശിക് എന്ന ബാലനെ പുലി ആക്രമിച്ചത്. കൗശിക്കിന്റെ കഴുത്തില്‍ കടിച്ച പുലി കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു. സുരക്ഷാ ജീവനക്കാര്‍ അലാറം മുഴക്കുകയും കല്ലെറിയുകയും ചെയ്തതോടെ പുലി കുട്ടിയെ ഉപേക്ഷിച്ചു കാട്ടിലേക്ക് ഓടിപ്പോകുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ പ്രതിപക്ഷ കക്ഷികളും ഒറ്റക്കെട്ടായി ബിജെപിയെ പരാജയപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പാറ്റ്‌നയില്‍ പ്രതിപക്ഷകക്ഷി നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ രാഹുല്‍ പാര്‍ട്ടി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം രാവിലെ 11 ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ വസതിയില്‍ ആരംഭിച്ചു.

കൊവിന്‍ ആപ്പിലെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പ്രധാന പ്രതിയ 22 കാരന്‍ ബിടെക് വിദ്യാര്‍ത്ഥി. ബീഹാറില്‍ നിന്ന് അറസ്റ്റിലായ സഹോദരങ്ങളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പൊലീസ്. ഇവര്‍ ഡേറ്റ ആര്‍ക്കും വിറ്റിട്ടില്ലെന്നാണു പോലീസ് പറയുന്നത്.

ടൈറ്റാനിക്കിന്റെ തകര്‍ന്ന ഭാഗങ്ങള്‍ കാണാനുള്ള ഓഷ്യന്‍ഗേറ്റ് ടൈറ്റന്‍ അന്തര്‍വാഹിനിയിലെ അഞ്ചു യാത്രക്കാരും മരിച്ചെന്നു സ്ഥിരീകരിച്ചു. അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍ ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു. അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡ് റിയര്‍ അഡ്മിറല്‍ ജോണ്‍ മൊഗര്‍ ആണ് ഈ വിവരം സ്ഥിരീകരിച്ചത്. കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്നാണ് നിഗമനം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *