അനാരോഗ്യകരമായ ഭക്ഷണശീലം ആഴത്തിലുള്ള ഉറക്കത്തെ ബാധിക്കുമെന്ന് പഠനം. ജങ്ക് ഭക്ഷണങ്ങള്‍ ആഴത്തിലുള്ള ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. അനാരോഗ്യകരമായ ഭക്ഷണം കഴിച്ചാല്‍ പിറ്റേദിവസം രാത്രിയും ഇതിന്റെ സ്വാധീനം ഉണ്ടാകുമെന്നും ഗവേഷകര്‍ കണ്ടെത്തി. ഉറക്കത്തില്‍ ഏറ്റവും നിര്‍ണ്ണായകമാണ് മൂന്നാം ഘട്ടമായ ഡീപ്പ് സ്ലീപ്പ്. ഇത് ഓര്‍മ്മശക്തി, പേശികളുടെ വളര്‍ച്ച, പ്രതിരോധശേഷി തുടങ്ങിയ അവശ്യപ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. സ്വീഡനിലെ ഉപ്സാല സര്‍വകലാശാലയിലെ ഗവേഷകരാണ് ജങ്ക് ഫുഡ് ഉറക്കത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് കണ്ടെത്താന്‍ പഠനം നടത്തിയത്. ആരോഗ്യകരമായ ഭക്ഷണവും അനാരോഗ്യകരമായ ഭക്ഷണവും നല്‍കിയാണ് പടനത്തില്‍ പങ്കെടുത്തവരെ ഇവര്‍ നിരീക്ഷിച്ചത്. ഉയര്‍ന്ന പഞ്ചസാരയുടെ അളവും പൂരിത കൊഴുപ്പും സംസ്‌കരിച്ച ഭക്ഷണ വസ്തുക്കളും അടങ്ങിയ ഡയറ്റാണ് അനാരോഗ്യകരമായ ഭക്ഷണവിഭാഗത്തിലുള്ളവര്‍ക്ക് നല്‍കിയത്. ആരോഗ്യകരമായ ഭക്ഷണം കഴിച്ചവരുമായി താരതമ്യം ചെയ്യുമ്പോള്‍ ജങ്ക് ഭക്ഷണം കഴിച്ചവരുടെ ആഴത്തിലുള്ള ഉറക്കം തടസ്സപ്പെട്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഇരുകൂട്ടരെയും ഒരാഴ്ച്ചയോളം നിരീക്ഷിച്ചാണ് ഉറക്കരീതികള്‍ അവലോകനം ചെയ്തത്.
ജങ്ക് ഫുഡ് ആഴത്തിലുള്ള ഉറക്കത്തെ ബാധിക്കും!
