സവര്‍ക്കറിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തി രാം ചരണും സുഹൃത്തായ യുവി ക്രിയേഷന്‍സിന്റെ വിക്രം റെഡ്ഡിയുമായി സഹകരിച്ച് ആരംഭിച്ച പുതിയ പ്രൊഡക്ഷന്‍ കമ്പനിയായ വി മെഗാ പിക്ചേഴ്സ്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്സുമായി സഹകരിച്ച് ഇവര്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ പേര് ‘ദ ഇന്ത്യ ഹൗസ്’ എന്നാണ്. രാം വംശി കൃഷ്ണയാണ് ദി ഇന്ത്യ ഹൗസ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ തെലുങ്ക് യുവതാരം നിഖില്‍ സിദ്ധാര്‍ത്ഥയും അനുപം ഖേറും അഭിനയിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തില്‍ (1905) ലണ്ടനിലെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സവര്‍ക്കറുമായി ബന്ധമുണ്ട് ചിത്രത്തിന് എന്നാണ് സൂചന. പ്രേക്ഷകരെ കാലത്തിലേക്ക് തിരികെ കൊണ്ടുപോകുമെന്നും അവരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒരു പീരിയിഡ് കഥയാണ് ചിത്രം പറയുന്നത് എന്നാണ് വിവരം. ലണ്ടനിലെ ഇന്ത്യാ ഹൗസിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയം പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലുള്ള ഒരു പ്രണയകഥയാണ് ഇതെന്നാണ് ടീസര്‍ സൂചന നല്‍കുന്നത്. കത്തുന്ന ഇന്ത്യാ ഹൗസിന്റെ നാടകീയമായ ചിത്രീകരണം വീഡിയോയിലുണ്ട്. പ്രധാന ഇന്ത്യന്‍ ഭാഷകളിലും തിരഞ്ഞെടുത്ത വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.