അരി അടക്കം മിക്ക ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും വില വര്‍ധിപ്പിച്ചു. അരിക്കു കിലോയ്ക്കു രണ്ടു രൂപയെങ്കിലും വര്‍ധിക്കും. പാക്കറ്റില്‍ വില്‍ക്കുന്ന പാല് ഒഴികേയുള്ള ഭക്ഷ്യോല്പന്നങ്ങള്ക്ക് അഞ്ചു ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതാണു കാരണം. ചില്ലറയായി തൂക്കിവില്ക്കുന്ന ഭക്ഷ്യോല്പന്നങ്ങള്ക്ക് നികുതി ബാധകമാകില്ല. മോര്, തൈര്, ലെസി, മാംസം, മല്‍സ്യം, തേന്‍, ശര്‍ക്കര, എല്‍ഇഡി ബള്‍ബ്, വാട്ടര്‍ പമ്പ്, സൈക്കിള്‍ പമ്പ്, അച്ചടി മഷി, കത്തി, പെന്‍സില്‍ ഷാര്‍പനര്‍, ബ്ലേഡ്, സ്പൂണ്‍, ഫോര്‍ക്ക്, വജ്രക്കല്ല്, സോളാര്‍ വാട്ടര്‍ ഹീറ്റര്‍ എന്നിയുടെ നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്.
രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു 60 ശതമാനത്തിലേറെ വോട്ടുനേടുമെന്ന പ്രതീക്ഷയിലാണ്. യശ്വന്ത് സിന്‍ഹയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി. എംപിമാരും എംഎല്‍എമാരും അടക്കം 4,809 ജനപ്രതിനിധികളാണു വോട്ടര്‍മാര്‍. 25 നാണു വോട്ടെണ്ണല്‍.
മുന്‍ കേന്ദ്രമന്ത്രി മാര്‍ഗരറ്റ് ആല്‍വ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ വസതിയില്‍ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. അഞ്ചു തവണ എംപിയായിരുന്ന മാര്‍ഗരറ്റ് ആല്‍വ ഗോവ, ഗുജറാത്ത്, രാജസ്ഥാന്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഗവര്‍ണറായും സേവനം ചെയ്തിട്ടുണ്ട്.
കിഫ്ബി വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ച് വിദേശപണം സ്വീകരിച്ചെന്ന കേസില്‍ ഇന്നു ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു മുന്‍ ധനമന്ത്രി തോമസ് ഐസകിന് എന്‍ഫോഴസ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സിപിഎം നേതാവായ തോമസ് ഐസക്ക്. നോട്ടീസ് തനിക്ക് കിട്ടിയിട്ടില്ല. കിട്ടിയാലും ഹാജരാകില്ല. ഇഡിയ്ക്ക് അറസ്റ്റ് ചെയ്യാമെന്നും തോമസ് ഐസക് അറിയിച്ചു. കിഫ്ബി സിഇഒയെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള വേദിയില്‍ കുഞ്ഞില മാസിലാമണി കാണിച്ചത് കുട്ടികളുടെ വികൃതിയാണെന്നു ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത്. മേളയുടെ വിജയത്തെ തകര്‍ക്കാന്‍ ഇത്തരം ചെറുകിട നാടകങ്ങള്‍ക്ക് കഴിയില്ലെന്ന് സംവിധായിക കുഞ്ഞില മാസിലാമണിയെ അറസ്റ്റുചെയ്ത സംഭവത്തില്‍ രഞ്ജിത്ത് പ്രതികരിച്ചു.
സിനിമ നിര്‍മിക്കാനെന്ന പേരില്‍ വാങ്ങിയ മൂന്നു കോടി രൂപ തിരിച്ചുതന്നില്ലെന്ന പരാതിയില്‍ താരദമ്പതികള്ക്കെതിരേ കേസ്. നടന് ബാബുരാജ്, ഭാര്യ വാണി വിശ്വനാഥ് എന്നിവര്‍ക്കെതിരേയാണു ഒറ്റപ്പാലം പോലീസ് കേസെടുത്തത്. തിരുവില്വാമല സ്വദേശി റിയാസാണു പരാതിക്കാരന്. കൂദാശ എന്ന സിനിമ നിര്‍മിക്കാന്‍ 2017 ല്‍ 3.14 കോടി രൂപ വാങ്ങിയെന്നാണു പരാതി.
മുന്‍കൂര്‍ ജാമ്യം തേടി എച്ച്ആര്‍ഡിഎസ് ചീഫ് കോര്‍ഡിനേറ്റര്‍ ജോയ് മാത്യു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് അറസ്റ്റിലായ കേസിലെ രണ്ടാം പ്രതിയാണ് ജോയ് മാത്യു. പട്ടിക വര്‍ഗ്ഗക്കാരനായ ഷോളയാര്‍ സ്വദേശി രാമന്റെ വീടിനു തീവച്ച് സ്ഥലം കയ്യേറിയെന്നാണ് കേസ്. ഒരു വര്‍ഷം മുന്‍പത്തെ പരാതിയില്‍ രാഷ്ട്രീയ വിരോധം തീര്‍ക്കാനാണു കേസ് എന്നാണ് ജോയ് മാത്യുവിന്റെ ആരോപണം.
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് മൂന്നാഴ്ചത്തെകൂടി സാവകാശം തേടി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ചു പ്രോസിക്യൂഷന് ദുരൂഹതകള്‍ ആരോപിച്ചിരിക്കേയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
മരട് ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് കമ്മീഷന് റിപ്പോര്‍ട്ട് ഇന്നു കോടതിയില്‍ സമര്‍പ്പിക്കും. റിപ്പോര്‍ട്ട് അമിക്കസ് ക്യൂറിക്ക് കൈമാറി. അനധികൃത നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണോ, ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കാണോ എന്ന് കണ്ടെത്താനാണ് കമ്മീഷനെ സുപ്രീം കോടതി നിയോഗിച്ചത്.
എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് സഹായം ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. ജെബി മേത്തര്‍ എംപിയുടെ പരാതിയിലാണ് നടപടി. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്തതു ചൂണ്ടിക്കാട്ടിയാണ് ജെബി പരാതി നല്‍കിയത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ മൂന്നു യാത്രക്കാരില്‍ നിന്നായി ഒന്നര കിലോ സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്നും മസ്ക്കറ്റില്‍ നിന്നും എത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷാക്കിര്‍, ഇബ്രാഹിം ബാദുഷ, തലശ്ശേരി പാലയാട് സ്വദേശി മുഹമ്മദ് ഷാനു എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. 70 ലക്ഷം രൂപ വിലമതിക്കുന്ന ഒന്നര കിലോഗ്രാം സ്വര്‍ണ്ണമാണ് ഇവരില്‍നിന്നു കണ്ടെത്തിയത്.
പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ടില്‍ ഉച്ചക്ക് മൂന്നു മണിയോടെ അവിചാരിതമായി ഹെലികോപ്റ്റര്‍ വന്നിറങ്ങിയപ്പോള്‍ ജനങ്ങള്‍ക്ക് അത്ഭുതം. ബാംഗ്ലൂരില്‍നിന്നു തൃശൂര്‍ക്ക് പോവുകയായിരുന്ന ചിപ്സണ്‍ എവിയേഷന്റെ ഹെലികോപ്റ്ററാണ് കാലാവസ്ഥ മോശമായതിനാല്‍ പാലക്കാട്ടെ ഗ്രൗണ്ടില്‍ ഇറക്കിയത്. കാലാവസ്ഥ അനുകൂലമായതോടെ ഹെലികോപ്ടര്‍ യാത്ര തുടര്‍ന്നു.
സ്വാതന്ത്ര്യ സമരത്തില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റേയും വ്യാജ അവകാശവാദങ്ങള്‍ക്കെതിരെ പ്രചാരണം നടത്താന്‍ സിപിഐ നേതൃയോഗം. 75 ാം സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. രാജ്യവ്യാപകമായി ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.
മലപ്പുറം പൂക്കോട്ടുംപാടത്ത് വനവിഭവം ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിന് നേരെ കരടിയുടെ ആക്രമണം. പരിക്കേറ്റ ടി കെ കോളനിയിലെ കുഞ്ഞനെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഐസിഎസ്ഇ 10ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 99.97 ശതമാനം പേര് വിജയിച്ചു. കേരളത്തില്‍ 100 ശതമാനം വിജയമുണ്ട്. കേരളത്തില്‍ പരീക്ഷയെഴുതിയ 7823 പേരും വിജയിച്ചു. തിരുവനന്തപുരം സെന്റ് തോമസ് റസിഡന്‍ഷ്യല്‍ സ്കൂളിലെ എസ്.ജെ.ആതിര കേരളത്തില്‍ ഒന്നാമതും ദേശീയതലത്തില്‍ രണ്ടാം സ്ഥാനത്തുമെത്തി.
വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ നൃത്താധ്യപകന്‍ അറസ്റ്റില്‍. നെന്മാറയിലെ നൃത്തവിദ്യാലയത്തിലെ അധ്യാപകന് അയിലൂര്‍ തിരുവഴിയാട് സ്വദേശി രാജുവിനെയാണ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് നഗരത്തില്‍ നിന്ന് തുഷാരഗിരിയിലെത്തിയ അഞ്ചംഗ സംഘത്തിലെ ഒരാളെ വെള്ളച്ചാട്ടത്തിന് സമീപം ഒഴുക്കില്‍ കാണാതായി. അഞ്ച് അംഗ സംഘത്തിലെ രണ്ടുപേരാണ് വെള്ളത്തില്‍ വീണത്. ഒരാളെ രക്ഷിച്ചു.
കോഴിക്കോട് മുക്കം മാമ്പറ്റയില്‍ വട്ടോളി ദേവി ക്ഷേത്രത്തിന്റെ കുളത്തില്‍ മധ്യവയസ്കന് മുങ്ങിമരിച്ചു. മുക്കം നെടുമങ്ങാട് സ്വദേശി ഭാസ്കരന് (50) ആണ് മരിച്ചത്.
ശ്രീലങ്കയിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ നാളെ സര്‍വകക്ഷിയോഗം. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ധനമന്ത്രി നിര്‍മല സീതാരാമനും യോഗത്തില്‍ പങ്കെടുക്കും. ശ്രീലങ്കയ്ക്ക് വേണ്ട സഹായം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കാനാണു യോഗം. അണ്ണാഡിഎംകെയും, ഡിഎംകെയും കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു.
കൊവിഡ് വാക്സിന് വിതരണം 200 കോടി ഡോസ് പിന്നിട്ടു. കൊവിഡിനെതിരായ പോരാട്ടത്തിന് ഊര്‍ജം പകരുന്ന ചരിത്ര നേട്ടമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
തെലങ്കാനയിലെ ഗോദാവരി മേഖലയിലും രാജ്യത്തെ വിവിധ ഭാഗങ്ങളിലും പ്രളയത്തിനു കാരണമായ മേഘവിസ്ഫോടനം വിദേശ ഗൂഢാലോചനയാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. വെള്ളപ്പൊക്കത്തില്‍ നാശം വിതച്ച പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ ചുറ്റിക്കറങ്ങി കണ്ടശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് ഈ അഭിപ്രായം പങ്കുവച്ചത്.
തമിഴ്നാട് കള്ളക്കുറിച്ചിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ സ്കൂള്‍ പ്രിന്‍സിപ്പളും രണ്ട് അധ്യാപകരും അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പില്‍ പേരുപറയുന്ന രണ്ട് അധ്യാപകരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിനിടെയാണ് അറസ്റ്റ്. ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ചൊവ്വാഴ്ച ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കിയിരുന്നു.
എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജഗദീപ് ധന്‍കറിന് ബിജു ജനതാദള്‍ പിന്തുണ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികുമായി ഫോണില്‍ സംസാരിച്ചതിനു പിന്നാലെയാണ് ഉപരാഷ്ട്രപതിക്ക് ബിജെഡി പിന്തുണ നല്‍കുന്നതായി പ്രഖ്യാപിച്ചത്.
പുല്‍വാമയില്‍ ഭീകരരുടെ വെടിയേറ്റ് ഒരു സൈനികന് വീരമൃത്യു. സി ആര് പി എഫ് ജവാന് എ എസ് ഐ വിനോദ് കുമാര്‍ ആണ് വീരമൃത്യു വരിച്ചത്. ആപ്പിള്‍ തോട്ടത്തില്‍ ഒളിച്ചിരുന്ന ഭീകരര്‍ പൊലീസിനും സിആര്‍പിഎഫിനും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
മധ്യപ്രദേശില്‍ അക്കൗണ്ടു തുറന്ന് ആം ആദ്മി പാര്‍ട്ടി. സിംഗ്രൗലി മുനിസിപ്പല്‍ കോര്പറേഷന് മേയര്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി റാണി അഗര്‍വാള്‍ ജയിച്ചു. ബിജെപിയുടെ സിറ്റിംഗ് മേയറെയാണു പരാജയപ്പെടുത്തിയത്.
കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കാനൊരുങ്ങി ഒമാന്‍ തൊഴില്‍ മന്ത്രാലയം. ഇരുനൂറില്‍ അധികം തസ്തികകളില്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഈ മേഖലകളില്‍ വിദേശികള്‍ക്ക് പുതിയ വിസ അനുവദിക്കില്ല.
ശ്രീലങ്കയില്‍ റെനില്‍ വിക്രമസിംഗെ പ്രസിഡന്റായി തുടര്‍ന്നാല്‍ കടുത്ത പ്രതിഷേധമെന്ന് പ്രക്ഷോഭകര്‍. സര്‍ക്കാര്‍ മന്ദിരങ്ങളിലേക്ക് വീണ്ടും പ്രതിഷേധം വ്യാപിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെയും പ്രക്ഷോഭകര്‍ രംഗത്തെത്തി.
ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ പരമ്പര നേട്ടം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 47 പന്തുകള്‍ ബാക്കി നില്‍ക്കേ അടിച്ചെടുത്തു. നിര്‍ണായകമായ മത്സരത്തില്‍ 125 റണ്‍സ് നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റും 51 പന്തില്‍ 71 റണ്‍സും നേടിയ ഹാര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍.
ശബ്ദസന്ദേശങ്ങള്‍ സ്റ്റാറ്റസ് ആക്കുന്നതിന് പിറകേ പുതിയൊരു പരീക്ഷണവുമായി വാട്സാപ്പ്. നമ്മള് അയച്ച വാട്സാപ്പ് സന്ദേശം ഡിലീറ്റ് ചെയ്യുന്നതിന് രണ്ട് തരം ഓപ്ഷനുകളാണ് ഇപ്പോഴുളളത്. ആ സന്ദേശം കാണേണ്ട എന്നുണ്ടെങ്കില്‍ ഒന്നുകില്‍ ഡിലീറ്റ് ഫോര്‍ മി അഥവാ തനിക്ക് മാത്രമായി സന്ദേശം ഡിലീറ്റ് ആകാനോ, അല്ലെങ്കില്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ അഥവാ ആ ഗ്രൂപ്പിലെ ആര്‍ക്കും കാണാതെയിരിക്കാന്‍ സന്ദേശം ഡിലീറ്റ് ചെയ്യുന്ന ഓപ്ഷന്. എന്നാല്‍ ഇപ്പോള്‍ സന്ദേശം അയച്ചശേഷം ഒരുമണിക്കൂറോളം സമയം മാത്രമേ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന് പ്രവര്‍ത്തിക്കൂ. ഇനി അതിന്റെ സമയം ദീര്‍ഘിപ്പിക്കുന്ന പരീക്ഷണത്തിലാണ് വാട്സാപ്പ്. പുതിയ അപ്ഡേറ്റ് നടപ്പായാല്‍ രണ്ട് ദിവസം 12 മണിക്കൂര്‍ സമയത്തിന് മുന്പുളള മെസേജുകള്‍ വരെ ഇങ്ങനെ ഡിലീറ്റ് ചെയ്യാമെന്നാണ് വിവരം.
ആമസോണ്‍ പ്രൈം ഡേ ആദായവില്പനയില് ആഗോളതലത്തില്‍ 1,200 കോടി ഡോളറിന്റെ ( ഏകദേശം 95742.60 കോടി രൂപ) വില്പനയാണ് നടന്നത്. ജൂലൈ 12-13 തീയതികളില്‍ യുഎസിലും മറ്റ് 15 രാജ്യങ്ങളിലും നടന്ന പ്രൈം ഡേ വില്പനയില് ആമസോണ്‍ കുറഞ്ഞത് 1,200 കോടി ഡോളറിന്റെ ( പുറത്തു നിന്നുള്ള കണക്കുകള്‍ പ്രകാരം) വില്പന നടത്തി എന്നാണ്. കഴിഞ്ഞ വര്‍ഷം ജെഫ് ബെസോസില്‍ നിന്ന് ചുമതലയേറ്റ പുതിയ സിഇഒ ആന്‍ഡി ജാസിയുടെ കീഴിലുള്ള ആദ്യത്തെ ആമസോണ്‍ പ്രൈം ഡേ ഇവന്റായിരുന്നു ഇത്. ഡിജിറ്റല്‍ കൊമേഴ്സ് 360 ന്റെ വിശകലനം അനുസരിച്ച് ആമസോണിന്റെ എട്ടാം പ്രൈം ഡേ വില്പനയില് ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ 1,200 കോടി ഡോളറിലധികം ഇടപാടുകള്‍ക്ക് ചെലവഴിച്ചു എന്നാണ്. ജൂണ്‍ 21 മുതല്‍ 22 വരെ നടന്ന കഴിഞ്ഞ വര്‍ഷത്തെ പ്രൈം ഡേയില്‍ നിന്ന് 8.1 ശതമാനം (വര്‍ഷത്തെ അപേക്ഷിച്ച്) വര്‍ധനവാണിത് കാണിക്കുന്നത്.
സുരേഷ് ഗോപിയെ പ്രധാന കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രം പാപ്പന്റെ ആദ്യ ലിറിക്കല്‍ വീഡിയോ സോങ് പുറത്തിറങ്ങി. ‘നീയൊന്നാെരാളില് ചേരുന്ന നാളെണ്ണി ദൂരം….’ എന്ന പാട്ടാണ് പുറത്തു വന്നത്. ചിത്രം ജൂലൈ 29 ന് തിയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മാസ് ഫാമിലി ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ഗോകുല്‍ സുരേഷ്, നൈല ഉഷ,കനിഹ, നീത പിള്ള എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മറ്റു നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയൊരിക്കുന്നത് ആര്.ജെ ഷാനാണ്.
തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഏജന്റിന്റെ ടീസര്‍ പുറത്ത് വന്നതിന് പിന്നാലെ മമ്മൂട്ടിയെ പ്രശംസിച്ച് തെലുങ്ക് പ്രേക്ഷകര്‍. നാഗാര്‍ജുനയുടെ മകന് അഖില്‍ അക്കിനേനി നായകനാവുന്ന തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഏജന്റിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിത്രത്തില്‍ മമ്മൂട്ടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈനിക ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ടീസറില്‍ അഖില്‍ അക്കിനേനിയാകാള് സ്കോര്‍ ചെയ്തത് മമ്മൂട്ടി ആണെന്നാണ് തെലുങ്ക് പ്രേക്ഷകരുടെ വാദം. 65 ലക്ഷത്തിലധികം പേര് ഇതുവരെ ടീസര്‍ കണ്ടുകഴിഞ്ഞു.
ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ആതര്‍ എനര്‍ജി അടുത്ത തലമുറ 450എക്സ് ജൂലൈ 19 ന് ലോഞ്ച് ചെയ്യും. ഡിസൈന്‍ മാറ്റത്തിനൊപ്പം പുതിയ 4450എക്സ് ന് കാര്യമായ അപ്ഡേറ്റുകള് ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒല എസ്1, ടിവിഎസ് ഐക്യൂബ് എന്നിവയ്ക്കെതിരെ ഉയര്‍ന്ന റേഞ്ചിനായി പുതിയ 450എക്സ് ഒരു വലിയ ബാറ്ററിയും കൂടുതല്‍ പ്രകടനവും ലഭിക്കും. പരിഷ്കരിച്ച സോഫ്റ്റ്വെയറും കൂടുതല്‍ സവിശേഷതകളും ഇതിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രേ, ഗ്രീന്‍, വൈറ്റ്, ലിമിറ്റഡ്-എഡിഷന് സീരീസ് 1 എന്നീ നാല് നിറങ്ങളില്‍ വരുന്നു.
പെണ്മനസ്സിന്റെ വിഹ്വലതകളും ആധികളും ഒറ്റപ്പെടലുകളും നിറഞ്ഞ രചന. ലളിതാഖ്യാനത്താല്‍ സുന്ദരം. നല്ല മനസ്സുകളാണ് ഈ കഥകളിലെ എല്ലാ കഥാപാത്രങ്ങളും. ഇവരെ സ്വന്തം കുറ്റങ്ങളും കുറവുകളുമായി മുഖാമുഖം ഇരുത്തുമ്പോള് ഇനിയും നന്നാവാനുള്ള ഒരു വെമ്പല്‍ ഈ കഥാപാത്രങ്ങളില്‍ എല്ലാം ദൃശ്യമാണ്. അതുതന്നെയാണ് ഈ സമാഹാരത്തിന്റെ നന്മയും. ‘ഓണനിലാവ്’. രുഗ്മണി കെ.എല്‍. ഗ്രീന്‍ ബുക്സ്. വില 109 രൂപ.
ചൂടുള്ളതോ തണുപ്പുള്ളതോ മധുരമുള്ളതോ ആയ ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുമ്പോള്‍ പല്ലുകളില്‍ ഉണ്ടാകുന്ന അസ്വാസ്ഥ്യം പുളിപ്പായും വേദനയായും അനുഭവപ്പെടും. ഈ അവസ്ഥയ്ക്കാണ് പല്ലു പുളിപ്പ് എന്നു പറയുന്നത്. പല്ലിന്റെ ആദ്യ അംശമായ ഇനാമല്‍ കഴിഞ്ഞ് രണ്ടാമത്തെ അംശമായ ഡെന്റീനില് എത്തുമ്പോള്‍ കൂടുതല്‍ പുളിപ്പ് ആരംഭിക്കും. ഇത് കൂടുതല്‍ ആഴത്തില്‍ ആകുമ്പോള്‍ വേദനയും പഴുപ്പും ആകും. ഇനാമല്‍ തേഞ്ഞു പോകുന്ന അവസ്ഥ ഉപരിതലത്തില്‍ ഉണ്ടാകാം. വശങ്ങളില് മോണയുമായി ചേരുന്ന ഭാഗത്തും ഉണ്ടാകാം. അമിതമായ ബലം ചെലുത്തി ഉള്ള ബ്രഷിങ്, തെറ്റായ രീതിയില്‍ ഉള്ള ബ്രഷിങ്, രാത്രിയില്‍ ഉള്ള പല്ലുകടി, അസിഡിറ്റി ഇവയെല്ലാം ഇതിനു കാരണമാണ്. മോണരോഗം കാരണം മോണയും എല്ലിന്റെ ഭാഗവും താഴേക്കു വലിഞ്ഞ് പല്ലിന്റെ വേരിന്റെ ഭാഗം തെളിഞ്ഞു വരുമ്പോള്‍ അമിതമായി പുളിപ്പ് അനുഭവപ്പെടും. പല്ലുകളില്‍ അമിതമായി കടിക്കുന്നതിനാണ് ട്രോമ ഫ്രം ഒക്ലൂഷന്‍ എന്ന് പറയുന്നത്. അത് ചില സ്ഥലങ്ങളില്‍ കൂടുതലായി വരുമ്പോള്‍ പുളിപ്പായി അനുഭവപ്പെടും. അമിതമായ പുളിപ്പും വേദനയും കൂടുതല്‍ ആകുമ്പോള്‍ വേദനയായി മാറും. ചൂടും തണുപ്പും ഉപയോഗിക്കുമ്പോള്‍ അസഹ്യമായ വേദന അനുഭവപ്പെടും. പല്ലു തേക്കുമ്പോള്‍ അമിതമായി പുളിപ്പ് തോന്നും. പരിശോധനയില്‍ ഇനാമല്‍ നഷ്ടപ്പെട്ട സ്ഥലങ്ങള്‍ കണ്ടെത്താം. എക്സ്റേ പരിശോധന രണ്ടു പല്ലുകളുടെ ഇടയിലുള്ള പോടു കണ്ടുപിടിക്കാന്‍ ആവശ്യമാണ്. ഡീസെന്‍സിറ്റൈസിങ് പേസ്റ്റുകള്‍ ഒരു പരിധിവരെ പല്ലു പുളിപ്പു കുറയ്ക്കാന്‍ സഹായിക്കുന്നു. പോടു കാരണം ഉണ്ടാകുന്ന പുളിപ്പു പല്ല് അടയ്ക്കുന്നതിലൂടെ പരിഹരിക്കാം.