ഇരുചക്ര വാഹനങ്ങളില്‍ ദമ്പതികള്‍ക്കു പുറമേ, ചെറിയ കുഞ്ഞുകൂടി യാത്ര ചെയ്താല്‍ പിഴശിക്ഷ. മോട്ടോര്‍ വാഹന, ട്രാഫിക് നിയമ ലംഘനങ്ങള്‍ പിടികൂടുന്ന കാമറ ശ്രംഖലകള്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കും. ഇരുചക്ര വാഹനങ്ങളില്‍ മൂന്നാമതൊരാള്‍ക്കു യാത്ര ചെയ്യാനാവില്ല. കുഞ്ഞിനെ മടിയിലിരുത്തിയാലും നിയമലംഘനമാകും. രണ്ടുപേര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം. കാറില്‍ കൈക്കുഞ്ഞുങ്ങള്‍ പിന്‍സീറ്റിലിരിക്കുന്നയാളുടെ സംരക്ഷണത്തിലാകണം. ഫോണില്‍ സംസാരിച്ചു വാഹനമോടിച്ചാല്‍ രണ്ടായിരം രൂപയാണു പിഴ. കാറില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. ഒന്നിലേറെ കാമറകളിലൂടെ നിയമലംഘനം നടത്തി കടന്നുപോയാല്‍ അത്രയും തവണ പിഴശിക്ഷ അടയ്‌ക്കേണ്ടിവരും. നിയമലംഘനം നടത്തുന്ന വാഹനങ്ങളെ മാത്രമേ നിര്‍മിത ബുദ്ധിയുള്ള കാമറകള്‍ പകര്‍ത്തി നോട്ടീസാക്കൂ. മന്ത്രിമാരുടേതടക്കം വിഐപി വാഹനങ്ങള്‍ക്കെതിരേ നടപടിയുണ്ടാകില്ല. നോ പാര്‍ക്കിംഗ് മേഖലയില്‍ പാര്‍ക്കു ചെയ്താല്‍ 250 രൂപയാണു പിഴ. സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കിലും ഹെല്‍മറ്റ് ധരിച്ചില്ലെങ്കിലും 500 രൂപ, അമിതവേഗത്തിന് 1500 രൂപ, ട്രാഫിക് സിഗ്നല്‍ ലംഘിച്ചാല്‍ കോടതി ശിക്ഷ നിശ്ചയിക്കും.
മാതൃഭാഷയില്‍ പരീക്ഷ എഴുതാമെന്ന് യുജിസി സര്‍വകലാശാലകള്‍ക്കു നിര്‍ദ്ദേശം. കോഴ്‌സിന്റെ അധ്യയന മാധ്യമം ഇംഗ്ലീഷാണെങ്കിലും പ്രാദേശിക ഭാഷയില്‍ പരീക്ഷ എഴുതാന്‍ അവസരം നല്‍കണം. യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്കും രജിസ്ട്രാര്‍മാര്‍ക്കും അയച്ച കത്തില്‍ പറഞ്ഞു.
മില്‍മയുടെ പച്ച കവറിലുള്ള റിച്ച് പാലിന്റെ വില രണ്ടു രൂപ വര്‍ധിപ്പിച്ചതു പിന്‍വലിച്ചു. മഞ്ഞ പാക്കറ്റിലുള്ള മില്‍മ സ്മാര്‍ട്ട് വില ഒരു രൂപ വര്‍ധിപ്പിച്ചതു തുടരും. വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങിയില്ലെന്നു മന്ത്രി ചിഞ്ചുറാണി അഭിപ്രായപ്പെട്ടിരുന്നു.
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുകയും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരികയും ചെയ്യുമെന്നു സൂചനയുമായി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. വൈദ്യുതി ബോര്‍ഡ് യൂണിറ്റിനു പത്തു രൂപയ്ക്കു വാങ്ങിയിരുന്ന വൈദ്യുതി 20 രൂപയ്ക്കാണു വാങ്ങുന്നത്. വൈകുന്നേരങ്ങളിലെ ഉപയോഗം എല്ലാവരും നിയന്ത്രിക്കണം. ഉപയോഗം ക്രമാതീതമായി ഉയര്‍ന്നാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
നിയമസഭകള്‍ക്കു പ്രമേയങ്ങള്‍ പാസാക്കാനുള്ള അധികാരമുണ്ടെന്നും അതു ഭരണഘടനയ്ക്കു വിധേയാണെന്ന് ഉറപ്പാക്കി ഗവര്‍ണര്‍ ഒപ്പുവച്ചാലേ അവ നിയമമാകൂവെന്നും കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് കേന്ദ്രവുമായി കൂടിയാലോചിക്കണം. ഭരണഘടനാ വിരുദ്ധമായ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കില്ലെന്നും ഗവര്‍ണര്‍.
ട്രെയിന്‍ തീവയ്പു കേസിലെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതി ഷാറൂഖ് സെയ്ഫി ഭീകര പ്രവത്തനങ്ങളില്‍ പങ്കാളിയായതിനാലാണ് യുഎപിഎ ചുമത്തിയതെന്നു റിപ്പോര്‍ട്ടിെല്‍ പറയുന്നു. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ കേസ് സെഷന്‍സ് കോടതിയിലേക്കു മാറ്റാനും അപേക്ഷ നല്‍കി.
നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണിഫോം അടുത്ത അധ്യയന വര്‍ഷം മുതല്‍ പരിഷ്‌ക്കരിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേയും ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിന്റെയും കീഴിലുള്ള നഴ്സിംഗ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ യൂണിഫോമാണ് പരിഷ്‌കരിക്കുന്നത്.
പെന്‍ഷന്‍ ആനുകൂല്യം വിതരണം ചെയ്യാന്‍ കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി കൂടതല്‍ സാവകാശം അനുവദിച്ചു. കഴിഞ്ഞ വര്‍ഷം വരെ വിരമിച്ചവര്‍ക്കുള്ള ആനുകൂല്യ വിതരണത്തിനാണു സാവകാശം നല്‍കിയത്. ആദ്യഘട്ട ആനുകൂല്യമായ ഒരു ലക്ഷം രൂപ രണ്ടു ഗഡുക്കളായി നല്‍കാം. ആദ്യ ഭാഗം ജൂണ്‍ ഒന്നിനു മുന്‍പും, രണ്ടാം ഭാഗം ജൂലൈ ഒന്നിനു മുന്‍പും നല്‍കണം. കോര്‍പ്പസ് ഫണ്ടിലേക്കു തുക മാറ്റിവക്കുന്നതിന് ജൂലൈ ഒന്നു വരെയും സമയം അനുവദിച്ചു.
ഈ മാസം 23 നു വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ് മണികുമാറിന് സര്‍ക്കാര്‍വക യാത്രയയപ്പ്. ആദ്യമായാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു യാത്രയയപ്പു സംഘടിപ്പിക്കുന്നത്. കോവളത്തെ സ്വകാര്യ ഹോട്ടലില്‍ നടത്തിയ യാത്രയയപ്പു പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരായ പി. രാജീവ്, കെ.എന്‍. ബാലഗോപാലന്‍, കെ. രാജന്‍, പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവരും അഡ്വക്കറ്റ് ജനറല്‍, ചീഫ് സെക്രട്ടറി തുടങ്ങിയവരും പങ്കെടുത്തു.
ട്രാഫിക്, മോട്ടോര്‍ വാഹന നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താതെ സര്‍ക്കാര്‍ ക്യാമറകള്‍ സ്ഥാപിച്ച് ജനങ്ങളെ കുത്തിപ്പിഴിയുന്ന പരിഷ്‌കാരം മാറ്റിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാലും കേരളത്തില്‍ സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ യുഡിഎഫ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റെയില്‍ പാളങ്ങളിലെ വളവുകള്‍ നികത്തി ഓട്ടോമാറ്റിക് സിഗ്‌നലിംഗ് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ അഞ്ചോ ആറോ മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് എത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ പ്രതികളായ പന്ത്രണ്ട് പ്രതികള്‍ക്ക്ുംഇരട്ട ജീവപര്യന്തം തടവു ശിക്ഷ. അമ്പതിനായിരം രൂപ വീതം പിഴയും ഒടുക്കണം. കേസില്‍ ഒന്നു മുതല്‍ 11 വരെയുള്ള പ്രതികളും 18 ആം പ്രതിയും കുറ്റക്കാരാണെന്ന് നേരത്തെ മഞ്ചേരി മൂന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കാളക്കാടന്‍ അബൂബക്കര്‍, സഹോദരന്‍ അബ്ദുല്‍ കലാം ആസാദ് എന്നിവരാണു കൊല്ലെപ്പട്ടത്.
വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ആറു പേര്‍ക്കു പരിക്കേറ്റു. യത്തീംഖാന പള്ളിക്കു മുന്‍വശത്തുള്ള ബൈപ്പാസില്‍ പാലത്തിനു സമീപത്താണ് അപകടം. പാലക്കാട് ഭാഗത്തുനിന്നും പാലായ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും വടക്കഞ്ചേരി ടൗണില്‍നിന്നു പാലക്കാട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഹെല്‍മറ്റ് ധരിക്കാത്തതിന് കാറുടമയോട് 500 രൂപ പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ്. തിരൂര്‍ ചെമ്പ്ര സ്വദേശി കൈനിക്കര വീട്ടില്‍ മുഹമ്മദ് സാലിക്കാണ് സന്ദേശം എത്തിയത്. വാഹന നമ്പര്‍ കാമറ തെറ്റായി രേഖപ്പെടുത്തിയതാകാം അബദ്ധത്തിനു കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്.
വയനാട് തൃക്കൈപ്പറ്റയില്‍ ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസറെ പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചതായി പരാതി. ജില്ലാ ഓഫീസര്‍ മായാ എസ് പണിക്കര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. നെല്ലിമാളം സ്വദേശി ജോസിനെതിരെ മേപ്പാടി പൊലീസ് കേസെടുത്തു.
പതിമൂന്ന് വയസുള്ള മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ 51 വയസുകാരന് 78 വര്‍ഷം കഠിന തടവിനും രണ്ടേമുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പോക്‌സോ കോടതിയാണു ശിക്ഷ വിധിച്ചത്. പിഴയൊടുക്കാതിരുന്നാല്‍ മൂന്നര വര്‍ഷം അധിക കഠിന തടവും അനുഭവിക്കണം. സ്ഥിരമായി മദ്യപിച്ച് ഉപദ്രിച്ചതുമൂലം ഭാര്യ വീടുവിട്ടു പോയിരുന്നു. പിതൃമാതാവിനോടും മുത്ത സഹോദരിമാരോടുമൊപ്പം കഴിഞ്ഞിരുന്ന മകളെയാണു പീഡിപ്പിച്ചത്.
ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കു വേണ്ടി വീടും സ്ഥലവും സര്‍വെ ചെയ്തതതില്‍ മനംനൊന്ത് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. മണ്ണാര്‍ക്കാട് മേലാമുറി കൊല്ലംപുറത്ത് ഉണ്ണിക്കണ്ണനാണു മരിച്ചത്.
അദാനി വിഷയം ഉന്നയിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയ്ക്ക കാരണമായ അപകീര്‍ത്തി കേസ് അതിവേഗത്തിലാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. കേരളത്തിലെ പ്രഥമ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 120 ാം വാര്‍ഷികവും സേലം വിജയരാഘവാചാരി അനുസ്മരണവും എറണാകുളം ഡിസിസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചോദ്യങ്ങളെ മോദി സര്‍ക്കാര്‍ ഭയക്കുന്നുവെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.
സ്വവര്‍ഗ വിവാഹം നഗര കേന്ദ്രീകൃത വരേണ്യ വര്‍ഗത്തിന്റെ സങ്കല്‍പ്പമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിന് എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടോയെന്ന് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ സാധൂകരിക്കാന്‍ ഒന്നും ഹാജരാക്കിയിട്ടില്ലെന്നു ചീഫ് ജസ്റ്റീസ് വിമര്‍ശിച്ചു. വ്യക്തിക്കു നിയന്ത്രിക്കാനാകാത്ത സ്വഭാവത്തിന്റെ പേരില്‍ ഭരണകൂടത്തിനു വിവേചനം കാട്ടാനാകില്ലെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത സംബന്ധിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടിയിരിക്കുകയാണ്.
കര്‍ണാടക തെരഞ്ഞെടുപ്പിന് ബിജെപിയും കോണ്‍ഗ്രസും നേതൃനിരയെത്തന്നെ പ്രചാരണത്തിന് ഇറക്കും. ബിജെപിക്ു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്മൃതി ഇറാനി, ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദ, ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈ എന്നിവര്‍ പ്രചാരണത്തിനെത്തും. കോണ്‍ഗ്രസിനുവേണ്ടി സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ശശി തരൂര്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പ്രാചരണത്തിനിറങ്ങും.
ജനസംഖ്യയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് എന്ന യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ തെറ്റായ ഭൂപടം ചിത്രീകരിച്ചതു വിവാദമായി. ജമ്മു കാഷ്മീരില്‍നിന്ന് പാക് അധീന കാഷ്മീരിന്റെയും ലഡാക്കിന്റെയും ചില ഭാഗങ്ങള്‍ ഭൂപടത്തില്‍ ഇല്ല. അക്‌സായി ചിന്‍, ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ പ്രദേശം ഒരു പ്രത്യേക മേഖലയായി ചിത്രീകരിക്കുകയും പാക് അധീന കാഷ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാക്കിയുമാണ് ഭൂപടം പ്രസിദ്ധീകരിച്ചത്.