ആഘോഷങ്ങള്‍ക്കെല്ലാം ഇപ്പോള്‍ ഒരു ഫോട്ടോ ഷൂട്ട് നിര്‍ബന്ധമാണ്. വിവാഹനിശ്ചയം, വിവാഹം, ബേബി ഷവറിംഗ്, വളകാപ്പ്, പിറന്നാള്‍, ഹൗസ് വാമിംഗ് എന്നു തുടങ്ങി എല്ലാ ആഘോഷങ്ങള്‍ക്കും ഫോട്ടോ ഷൂട്ട് നിര്‍ബന്ധമാണ്. പോയ്പോയ് ഇപ്പോള്‍ മരണത്തിനും മൃതസംസ്കാര ചടങ്ങുകള്‍ക്കു പോലും ഫോട്ടോഷൂട്ട് ആഘോഷമുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുകയും ചെയ്യും. ഇപ്പോഴിതാ, ഒരു യുവതി വിവാഹമോചനത്തിനും ഫോട്ടോഷൂട്ട് നടത്തി ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ്. വിചിത്രമെന്നു പറയട്ടേ, ഈ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു. ലോറെന് ബ്രൂക്ക് എന്ന യുവതിയാണു ഡിവോഴ്സ് ആഘോഷിക്കാന്‍ ഫോട്ടോഷൂട്ട് നടത്തിയത്. ഇവരുടെ ഡിവോഴ്സ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ മൂന്നേകാല്‍ കോടി ഫോളേവേഴ്സുള്ള ‘പ്യൂബിറ്റി’എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണു ലോകത്തിനു മുന്നില്‍ എത്തിയത്. ആദ്യ ഒറ്റ ദിവസംകൊണ്ട് ഒമ്പതര ലക്ഷം ലൈക്ക് ലഭിച്ചു. വിവാഹവസ്ത്രം കത്തിക്കുന്നതാണ് ഒരു ചിത്രം. വിവാഹഫോട്ടോ ഹീല്‍സിന് താഴെയിട്ട് ചവിട്ടി ഞെരിക്കുന്നതാണു മറ്റൊന്ന്. വിവാഹഫോട്ടോ രണ്ടായി കീറുന്നതു മറ്റൊരു ചിത്രം. ഡിവോഴ്സ്ഡ് എന്നെഴുതിയ ബാന്‍ഡ് കയ്യില്‍ പിടിച്ച ചിത്രവുമുണ്ട്. ഫോട്ടോഷൂട്ടിനു വേണ്ടി പ്രൗഡോജ്വല ഗൗണണിഞ്ഞ് ചമഞ്ഞൊരുങ്ങിയാണ് ലോറെന് കാമറയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. വിവാഹം പോലെ വിവാഹ മോചനവും ആഘോഷമാക്കാമെന്നു സാരം.
വിവാഹമോചനം ഫോട്ടോ ഷൂട്ട്
