യൂസര്‍മാര്‍ക്കായി മൂന്ന് മികച്ച സുരക്ഷാ ഫീച്ചറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. ‘അക്കൗണ്ട് പ്രൊട്ടക്റ്റ്’, ‘ഡിവൈസ് വെരിഫിക്കേഷന്‍’, ‘ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകള്‍’ എന്നിവയാണ് പുതിയ സെക്യൂരിറ്റി ഫീച്ചറുകള്‍. അക്കൗണ്ട് പ്രൊട്ടക്റ്റ് – വാട്ട്സ്ആപ്പ് അക്കൗണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണിലേക്ക് മാറ്റുമ്പോള്‍ അത് ചെയ്യുന്നത് ഉടമയായ നിങ്ങള്‍ തന്നെയാണോ എന്ന് പരിശോധിച്ചുറപ്പിക്കാനായി വാട്‌സ്ആപ്പ് അവതരിപ്പിക്കുന്ന ഫീച്ചറാണിത്. ഇനി നിങ്ങളുടെ അക്കൗണ്ട് പുതിയ ഡിവൈസിലേക്ക് മാറ്റുമ്പോള്‍ പഴയ ഫോണില്‍ ഒരു സന്ദേശം ലഭിക്കും. അവിടെ സമ്മതം കൊടുത്താല്‍ മാത്രമേ പുതിയ ഫോണിലേക്ക് സന്ദേശങ്ങളും ഫയലുകളും നീക്കാന്‍ സാധിക്കുകയുള്ളൂ. ഡിവൈസ് വെരിഫിക്കേഷന്‍ – മൊബൈലുകളെ ബാധിക്കുന്ന മാല്‍വെയറുകള്‍ ഇന്ന് ആളുകളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഏറ്റവും വലിയ ഭീഷണിയാണ്. കാരണം അതിന് നിങ്ങളുടെ അനുമതിയില്ലാതെ ഫോണില്‍ പ്രവേശിക്കാനും അനാവശ്യ സന്ദേശങ്ങള്‍ അയയ്ക്കാനായി നിങ്ങളുടെ വാട്‌സ്ആപ്പ് ഉപയോഗിക്കാനും സാധിക്കും. അത് തടയുന്നതിനായാണ് വാട്‌സ്ആപ്പ് ഡിവൈസ് വെരിഫിക്കേഷന്‍ എന്ന ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകള്‍ – വാട്‌സ്ആപ്പിലെ സെക്യൂരിറ്റി കോഡ് വെരിഫിക്കേഷന്‍ ഫീച്ചര്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളുമായി തന്നെയാണ് ചാറ്റ് ചെയ്യുന്നതെന്ന് ഉറപ്പാക്കാന്‍ അത് സഹായിക്കുന്നു. ഇനിമുതല്‍ ദൈര്‍ഘ്യമേറിയ കോഡിന്റെ ആവശ്യമില്ലാതെ തന്നെ സുരക്ഷിതമായ കണക്ഷനാണോ എന്ന് പരിശോധിക്കുന്നതിനായി വാട്ട്സ്ആപ്പ് ഇപ്പോള്‍ പുതിയ ക്രിപ്റ്റോഗ്രാഫിക് സുരക്ഷാ ഫീച്ചര്‍ അവതരിപ്പിക്കുന്നുണ്ട്. കോണ്‍ടാക്റ്റുകളുടെ സുരക്ഷാ കോഡുകള്‍ സ്വയമേവ പരിശോധിച്ച് അവ പൊരുത്തപ്പെടുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഒരു പ്രക്രിയയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ഫീച്ചര്‍. കോണ്‍ടാക്ട് ഇന്‍ഫോയിലെ എന്‍ക്രിപ്ഷന്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് അത് പരിശോധിക്കാം.